രൺവീർ ധുരന്ധറിൽ

ഒ.ടി.ടിയിൽ ധുരന്ധറിന് വിമർശനം; 10 മിനുറ്റോളം വെട്ടിമാറ്റിയും ചില ഭാഗങ്ങൾ മ്യൂട്ട് ചെയ്തും ചിത്രം നെറ്റ്ഫ്ലിക്സിൽ

2025ലെ ഏറ്റവും വലിയ ഇന്ത്യൻ ഹിറ്റായ ധുരന്ധർ ഒ.ടി.ടിയിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. 21 ദിവസത്തിനുള്ളിൽ 1000 കോടിയായിരുന്നു ധുരന്ധറിന്‍റെ ആഗോള കലക്ഷൻ. ഡിസംബർ അഞ്ചിന് തിയറ്ററിൽ എത്തിയ ചിത്രം ഏറെ റെക്കോഡുകൾ തകർത്തശേഷം ജനുവരി 30ന് നെറ്റിഫ്ലിക്സിലെത്തിയിരിക്കുകയാണ്.

എന്നാൽ ഒ.ടി.ടിയിൽ എത്തിയ ചിത്രത്തിന് വിമർശനവുമായി എത്തിയിരിക്കുകയാണ് ആരാധകർ. ചിത്രത്തിന്‍റെ ചില ഭാഗങ്ങൾ ട്രിം ചെയ്തതും ചില ഡയലോഗുകൾ മ്യൂട്ട് ചെയ്തതുമാണ് പ്രേക്ഷകരെ നിരാശരാക്കിയത്. ചിത്രം നെറ്റ്ഫ്ലിക്സിൽ ഇറങ്ങിയ ഉടൻ സോഷ്യൽ മീഡിയയിൽ ഈ വാർത്ത പ്രചരിച്ചു. മൊത്തം സിനിമയിൽ നിന്നും 10 മിനുറ്റോളം വെട്ടി മാറ്റിയിട്ടുണ്ടെന്ന് കാണികൾ കണ്ടെത്തി. ഇത് വളരെ നിരാശ ജനകമാണെന്നും, ഒരുപാട് കട്ടുകൾ നൽകിയശേഷം ചിത്രം റിലീസ് ചെയ്യേണ്ട ആവശ്യകതയെന്താണെന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്.

1000 കോടി ക്ലബ്ബിൽ ഇടം നേടിയ ഏക ബഹുഭാഷ ഇന്ത്യൻ ചിത്രമാണ് ധുരന്ധർ. ചിത്രത്തിന്‍റെ ഒ.ടി.ടി റിലീസിനായ് നിരവധി പേരാണ് കാത്തിരുന്നത്. ചിത്രം തിയറ്ററിൽ കണ്ടശേഷം വീണ്ടും ഒ.ടി.ടിയിലും കാണാൻ കാത്തിരുന്നവരാണ് ഈ നിരാശ അറിയിച്ചിരിക്കുന്നത്.

പാകിസ്താനിലെ കറാച്ചിയിലെ അധോലോകത്തിലേക്ക് നുഴഞ്ഞുകയറുന്ന ഹംസ എന്ന റോ ഏജന്റിന്റെ കഥയാണ് ചിത്രം പറയുന്നത്. ഐ.എസ്.ഐയുടെ നീക്കങ്ങളെ തകർക്കാൻ സ്വന്തം ജീവൻ പണയപ്പെടുത്തി ഹംസ നടത്തുന്ന പോരാട്ടമാണ് സിനിമയുടെ ഇതിവൃത്തം. രൺവീർ സിങ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ സാറ അർജുനാണ് നായിക. ഇവർക്കുപുറമെ അക്ഷയ് ഖന്ന, ആർ. മാധവൻ, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രം ജ്യോതി ദേശ്പാണ്ഡെ, ആദിത്യ ധർ, ലോകേഷ് ധർ എന്നിവർ ചേർന്ന് ജിയോ സ്റ്റുഡിയോസ്, B62 സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് നിർമിച്ചത്.

Tags:    
News Summary - Dhurandhar criticized on OTT; Netflix releases film with 10 minutes cut and some parts muted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.