പടയപ്പയുടെ രണ്ടാം ഭാഗത്തിന്‍റെ കഥ പൂർത്തിയാക്കി രജനീകാന്ത്; സംവിധാനം ആരെന്ന് തീരുമാനിച്ചിട്ടില്ലെന്ന് സൗന്ദര്യ

രജനീകാന്ത് ഇപ്പോൾ നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന തന്റെ വരാനിരിക്കുന്ന ചിത്രമായ ജയിലർ 2ന്റെ പണിപ്പുരയിലാണ്. അടുത്തിടെ, 1990കളിലെ നടന്റെ ഐക്കണിക് ബ്ലോക്ക്ബസ്റ്റർ ആയ പടയപ്പ വീണ്ടും തിയറ്ററുകളിൽ എത്തിയിരുന്നു. റീ റിലീസിന്‍റെ പ്രമോഷനുകൾക്കിടയിൽ, ചിത്രത്തിന്‍റെ തുടർഭാഗത്തിനുള്ള പദ്ധതികൾ അദ്ദേഹം വെളിപ്പെടുത്തിയത് ആരാധകരെ ആവേശത്തിലാക്കി.

ഇപ്പോൾ, രജനീകാന്തിന്റെ മകളും ചലച്ചിത്ര നിർമാതാവുമായ സൗന്ദര്യ ചിത്രത്തിന്റെ കഥ രജനീകാന്ത് എഴുതി പൂർത്തിയാക്കിയതായി സ്ഥിരീകരിച്ചിരിക്കുകയാണ്. എന്നാൽ കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇന്ത്യാഗ്ലിറ്റ്സുമായുള്ള സംഭാഷണത്തിലാണ് രജനീകാന്ത് പടയപ്പ 2ന്റെ കഥ എഴുതി പൂർത്തിയാക്കിയതായി സൗന്ദര്യ വെളിപ്പെടുത്തിയത്. കഥ മികച്ചതാണെന്നും, പക്ഷേ ഇതുവരെ സംവിധായകനെ തീരുമാനിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

1999ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമാണ് പടയപ്പ. രജനീകാന്തിന്റെ 75-ാം ജന്മദിനമായ ഡിസംബർ 12നാണ് ചിത്രം വീണ്ടും റിലീസ് ചെയ്തത്. കെ.എസ്. രവികുമാർ സംവിധാനം ചെയ്ത പടയപ്പക്ക് ഇപ്പോഴും ആരാധകരുണ്ട്. ചിത്രത്തിൽ ശിവാജി ഗണേശൻ, സൗന്ദര്യ, ലക്ഷ്മി, സിതാര, രാധ രവി, മണിവണ്ണൻ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തിയത്. രജനീകാന്തും രമ്യ കൃഷ്ണനും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ തമ്മിലുള്ള തീവ്രമായ സംഘർഷങ്ങളാണ് ചിത്രത്തിൽ. റീ റിലീസിനോട് അനുബന്ധിച്ച് രജനീകാന്ത് ചിത്രത്തെക്കുറിച്ച് സംസാരിച്ചിരുന്നു.

‘എന്‍റെ പതിറ്റാണ്ടുകൾ നീണ്ട കരിയറിൽ പടയപ്പ'യുടെ റിലീസിന് കണ്ടതുപോലെ കൂട്ടംകൂട്ടമായി സ്ത്രീകൾ തിയറ്ററുകളിൽ വരുന്നത് ഞാൻ കണ്ടിട്ടില്ല. പടയപ്പയുടെ രണ്ടാം ഭാഗം നിർമിക്കണമെന്ന് എനിക്ക് ശക്തമായി തോന്നിയിട്ടുണ്ട്. മരിക്കുന്ന നിമിഷത്തിൽ പോലും പടയപ്പയോട് പ്രതികാരം ചെയ്യാനായി പുനർജന്മമെടുക്കുമെന്ന് ശപഥം ചെയ്യുന്ന നീലാംബരിയുടെ (രമ്യ കൃഷ്ണൻ) കാഴ്ചപ്പാടിൽ നിന്നായിരിക്കും രണ്ടാം ഭാഗം ഒരുക്കുക’ എന്നാണ് രജനീകാന്ത് പറഞ്ഞത്.

Tags:    
News Summary - Soundarya confirms Rajinikanth has wrapped up writing for Padayappa 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.