മാളികപ്പുറം നൂറ് കോടി നേടിയിട്ടില്ല, എന്നാൽ ആ ചിത്രത്തിന്‍റെ കളക്ഷൻ സത്യം; യഥാർത്ഥ കണക്കുകളുമായി നിർമാതാവ് വേണു കുന്നപ്പിള്ളി

ഉണ്ണി മുകുന്ദൻ നായകനായി നവാഗതനായ വിഷ്ണു ശശി ശങ്കറിന്‍റെ സംവിധാനത്തിൽ പുറത്തെത്തിയ ചിത്രമാണ് മാളികപ്പുറം. കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ വേണു കുന്നപ്പിള്ളി നിൽമിച്ച ചിത്രം ഹിറ്റായിരുന്നു. 2022 ൽ പുറത്തെത്തിയ മാളികപ്പുറം 100 കോടിയിലധികം രൂപ നേടിയതായുള്ള പോസ്റ്ററുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ സിനിമ അത്രത്തോളം കളക്ഷൻ നേടിയിട്ടില്ല എന്ന് പറയുകയാണ് വേണു കുന്നപ്പിള്ളി. അതൊടൊപ്പം 2018 എന്ന ചിത്രം മുഴുവൻ ബിസിനസിൽ നിന്നും 200 കോടി നേടിയതായും അദ്ദേഹം വെളിപ്പെടുത്തി.

‘മാളികപ്പുറം 100 കോടി നേടിയിട്ടില്ല. ആ പടം മൊത്തത്തിൽ 75 കോടി മാത്രമേ നേടിയുള്ളൂ. സാറ്റ്‌ലൈറ്റ്, ഒ.ടി.ടി റൈറ്റ്‌സ്, ബാക്കി ബിസിനസ് ഒക്കെ ചേര്‍ത്താണ് 75 കോടി. പക്ഷേ 2018ന്റെ 200 കോടി പോസ്റ്റര്‍ സത്യമാണ്. തിയേറ്ററില്‍ നിന്ന് 170 കോടിയോളം ആ പടം കളക്ട് ചെയ്തു. ബാക്കി ഒടിടി, സാറ്റ്‌ലൈറ്റ് എല്ലാം ചേര്‍ത്ത് 200 കോടിയുടെ ബിസിനസ് സ്വന്താക്കി,' എന്ന് വേണു വേണു കുന്നപ്പള്ളി പറഞ്ഞു.

മമ്മൂട്ടി നായകനായെത്തിയ മാമാങ്കം എന്ന തന്റെ ആദ്യ സിനിമയും 100 കോടി ക്ലബിൽ ഇടം നേടിയിരുന്നില്ല എന്നും വേണു പറഞ്ഞിരുന്നു. സിനിമയുടെ കളക്ഷൻ താഴോട്ട് പോകുന്നത് കണ്ടപ്പോൾ അന്ന് പറ്റിയ അബദ്ധമായിരുന്നു സിനിമ 135 കോടി കളക്ട് ചെയ്തുവെന്നുള്ള പോസ്റ്റർ പുറത്തുവിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

'ജീവിതത്തിൽ പല കാലഘട്ടങ്ങളിലും പല മണ്ടത്തരങ്ങളും പറ്റും എന്ന് പറയില്ലേ. എന്റെയടുത്ത് പല ആളുകളും അന്ന് പറഞ്ഞിരുന്നത് ഇങ്ങനെ ഇട്ട് കഴിഞ്ഞാലേ ജനങ്ങൾ കയറുകയുള്ളൂ എന്നാണ്. നമ്മൾ വെള്ളത്തിൽ നീന്താൻ അറിയാതെ ചാടി മുങ്ങി പോകുന്ന സമയത്ത് ആരെങ്കിലും ഒരു സാധനം ഇട്ട് കഴിയുമ്പോൾ കയറി പിടിക്കില്ലേ. സിനിമ തിയേറ്ററിൽ വന്ന് ആദ്യത്തെ രണ്ട് മൂന്ന് ദിവസം ഭയങ്കര കളക്ഷൻ ആയിരുന്നു. പിന്നെ നേരെ താഴോട്ട് പോയിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ഇങ്ങനെ പറയുന്നത് നമുക്ക് അവിടെ ഒരു കേക്ക് കട്ട് ചെയ്‌താൽ എന്താണ് ഈ പറയുന്ന 135 കോടിയുടെ പോസ്റ്റർ എഴുതിക്കാം എന്നൊക്കെ, അങ്ങനെ അത് ചെയ്യുകയായിരുന്നു,'വേണു പറഞ്ഞു.

Tags:    
News Summary - Venu Kunnapilly shares real collection of Malikapuram movie and 2018 movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.