മുടക്കുമുതൽ തിരിച്ചുപിടിക്കാനാകാതെ 'ടോക്സിക്'; ഇന്ത്യയിൽ നിന്നും നേടിയത് 243.40 കോടി മാത്രം

യാഷ് നായകനായി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്സ്' ബോക്സ് ഓഫീസിൽ കിതക്കുന്നു. റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോൾ ബോക്സ് ഓഫീസിൽ 34 ശതമാനത്തിന്റെ വർദ്ധനവ് ചിത്രം രേഖപ്പെടുത്തിയിരുന്നു. ട്രേഡ് ട്രാക്കറായ സാക്‌നിൽക് നൽകുന്ന വിവരമനുസരിച്ച് ഇന്ത്യയിൽ നിന്ന് മാത്രം 1,927 ഷോകളിലൂടെ ചിത്രം 2.35 കോടി രൂപയാണ് നേടിയത്. ഇതോടെ ചിത്രത്തിന്റെ ഇന്ത്യയിലെ ആകെ നെറ്റ് കലക്ഷൻ 243.40 കോടി രൂപയായി. അതേസമയം ഇന്ത്യയിലെ ഗ്രോസ് കലക്ഷൻ 290.50 കോടി രൂപയിലെത്തി.

11-ാം ദിവസം വിദേശ മാർക്കറ്റിൽ നിന്ന് 75 ലക്ഷം രൂപയാണ് ചിത്രം നേടിയത്. ഇതോടെ വിദേശത്തെ ആകെ ഗ്രോസ് കലക്ഷൻ 44 കോടി രൂപയായി. ഇന്ത്യയിലെയും വിദേശത്തെയും കലക്ഷനുകൾ ചേർത്തപ്പോൾ ചിത്രത്തിന്റെ ലോകമെമ്പാടുമുള്ള ആകെ ഗ്രോസ് കലക്ഷൻ 334.50 കോടി രൂപ കടന്നിരിക്കുകയാണ്. 500 മുതൽ 1000 കോടിക്കുള്ളിലാണ് ചിത്രത്തിന്‍റെ നിർമാണ ചെലവ്. ഇന്ത്യയിലെതന്നെ ഏറ്റവും ഉയർന്ന ബജറ്റിൽ നിർമിച്ച ചിത്രങ്ങളിൽ ഒന്നാണ് ടോക്സിക്.

റിലീസ് ചെയ്ത ദിവസം ഇന്ത്യയിൽ നിന്ന് മാത്രം 101.10 കോടി രൂപയുടെ ഓപ്പണിങ് ചിത്രം നേടിയിരുന്നു. എന്നാൽ പിന്നീട് കലക്ഷനിൽ ഇടിവ് നേരിടുകയായിരുന്നു. ആദ്യ ദിവസങ്ങളിലെ വൻ കുതിപ്പിന് ശേഷം കലക്ഷൻ ഗ്രാഫ് താഴേക്ക് പോവുകയും രണ്ടാം ആഴ്ചയുടെ തുടക്കത്തിൽ വരുമാനം കുറയുകയും ചെയ്തു. എട്ടാം ദിവസം 5.45 കോടിയും ഒൻപതാം ദിവസം 4.25 കോടിയും പത്താം ദിവസം 1.75 കോടിയുമായിരുന്നു ചിത്രത്തിന്റെ കലക്ഷൻ.

11-ാം ദിവസം ചിത്രത്തിന്റെ കന്നഡ പതിപ്പ് 1.38 കോടി രൂപയും ഹിന്ദി പതിപ്പ് 90 ലക്ഷം രൂപയും നേടി. മൊത്തത്തിലുള്ള ഒക്യുപൻസി 28.1 ശതമാനമായിരുന്നു. കിയാര അദ്വാനി, നയൻതാര, താര സുതാര്യ, ഹുമ ഖുറേഷി തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരന്ന ഈ ചിത്രം കഴിഞ്ഞ ആഗസ്റ്റ് 26നാണ് തിയറ്ററുകളിൽ എത്തിയത്.

Tags:    
News Summary - Toxic failed to recover its investment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.