‘പ്രേമലു 2’ ഉപേക്ഷിച്ചതിന് കാരണം നസ്‌ലിൻ തന്നെ; കാരണം തിരക്കഥയല്ല, താരത്തിന്‍റെ ആവശ്യം കേട്ടവർ അമ്പരന്നു- ആലപ്പി അഷ്‌റഫ്

മലയാള സിനിമയിൽ വൻ ബോക്സ് ഓഫീസ് തരംഗം സൃഷ്ടിച്ച ‘പ്രേമലു’വിന്റെ രണ്ടാം ഭാഗം ഉപേക്ഷിച്ചതിന് പിന്നിൽ നടൻ നസ്‌ലിൻ ഗഫൂർ ആവശ്യപ്പെട്ട ഭീമമായ പ്രതിഫലമാണെന്ന നിർണായക വെളിപ്പെടുത്തലുമായി സംവിധായകനും ചലച്ചിത്ര നിരൂപകനുമായ ആലപ്പി അഷ്‌റഫ്. സംവിധായകൻ ഗിരീഷ് എ.ഡിയും നസ്‌ലിനും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളോ തിരക്കഥയിലെ അതൃപ്തിയോ ആണ് സിനിമ ഉപേക്ഷിക്കാൻ കാരണമെന്ന തരത്തിൽ പ്രചരിച്ചിരുന്ന വാർത്തകളെ തള്ളിക്കളഞ്ഞാണ് അദ്ദേഹം രംഗത്തെത്തിയത്. ചിത്രത്തിന്റെ അണിയറപ്രവർത്തകരുമായി അടുത്ത ബന്ധമുള്ളവരിൽ നിന്നാണ് തനിക്ക് ഈ വിവരം ലഭിച്ചതെന്നും തന്റെ യൂട്യൂബ് ചാനലിലൂടെ ആലപ്പി അഷ്‌റഫ് വ്യക്തമാക്കുന്നു.

തിരക്കഥയിൽ അതൃപ്തി തോന്നിയതുകൊണ്ടാണ് നസ്‌ലിൻ പിന്മാറിയതെന്ന വാദം തെറ്റാണെന്നും ഗിരീഷിന്റെ സ്ക്രിപ്റ്റിൽ അഭിനയിക്കാൻ താരം തയാറായിരുന്നുവെന്നും അദ്ദേഹം പറയുന്നു. എന്നാൽ ചിത്രത്തിനായി നസ്‌ലിൻ ആവശ്യപ്പെട്ട ഉയർന്ന തുക കേട്ട് നിർമാതാക്കളും സംവിധായകനും അമ്പരന്നുപോവുകയായിരുന്നു. “ചിലർക്ക് അവരുടെ കാര്യങ്ങളാണ് നടക്കേണ്ടത്, അതിനായി അവർ വേറെ വഴി നോക്കട്ടെ” എന്ന് സംവിധായകൻ ഗിരീഷ് എ.ഡി അടുത്തിടെ പ്രതികരിച്ചത് ഈ പ്രതിഫല തർക്കത്തിന്റെ പശ്ചാത്തലത്തിലാണെന്ന് ചൂണ്ടിക്കാണിക്കുന്ന ആലപ്പി അഷ്‌റഫ്, തങ്ങളെ വളർത്തിക്കൊണ്ടുവന്ന നിർമാണ കമ്പനികളോടും സംവിധായകരോടും അഭിനേതാക്കൾ പുലർത്തേണ്ട പ്രതിബദ്ധത നസ്‌ലിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്ന വിമർശനവും ഉന്നയിക്കുന്നുണ്ട്.

ആലപ്പി അഷ്‌റഫ് വിഡിയോയിൽ പറഞ്ഞതിന്‍റെ പൂർണരൂപം:

“വാക്കുകളിൽ തീർക്കേണ്ടത് വാശിയിൽ കളയരുത്. മറവി ഒരു അനുഗ്രഹമാണ്. ഓർക്കേണ്ടത് പലതും മറക്കും, മറക്കേണ്ടത് പലതും ഓർത്തിരിക്കും; അതാണ് ജീവിതം. ഓർമകളൊക്കെ ഓർമപ്പെടുത്തലുകളായി അവശേഷിക്കട്ടെ, തിരുത്തലുകളിലേക്കും തീരുമാനങ്ങളിലേക്കും. നടൻ നസ്‍ലിൻ ഗഫൂറും സംവിധായകൻ എ.ഡി. ഗിരീഷും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മയ്ക്ക് വഴിവച്ച സംഭവങ്ങളുടെ നേർക്കാഴ്ചകളാകട്ടെ ഈ എപ്പിസോഡ്.

ഒരു സിനിമാ കഥയെ വെല്ലും വിധം മാറിമറിയുന്ന ജീവിത മുഹൂർത്തങ്ങളുള്ള കഥയാണ് നസ്‍ലിൻ എന്ന 25-കാരന്റെ ജീവിതകഥ. 2019-ൽ റിലീസായ ‘മധുരരാജ’ എന്ന ചിത്രത്തിൽ ഒരു ജൂനിയർ ആർട്ടിസ്റ്റായി ആൾക്കൂട്ടത്തിൽ ഒരാളായി നിന്ന നസ്‍ലിനാണ് ഇന്ന് സൂപ്പർസ്റ്റാറുകളായ മമ്മൂട്ടി, മോഹൻലാൽ ചിത്രങ്ങളോടൊപ്പം മത്സരിച്ച് വിജയതിലകം ചാർത്തി നിൽക്കുന്നത്.

തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ സ്വദേശിയായ ഗഫൂറിന്റെ ഇരട്ടക്കുട്ടികളാണ് നസ്‍ലിനും നഹാസും. സിനിമയോടുള്ള അടങ്ങാത്ത ഇഷ്ടവും ആഗ്രഹവും നസ്‍ലിനെ അഭിനയ ജീവിതത്തിലേക്ക് കടക്കാൻ പ്രേരിപ്പിക്കുകയും, തന്റെ എൻജിനീയറിങ് വിദ്യാഭ്യാസം പാതിവഴിയിൽ ഉപേക്ഷിച്ച് സിനിമാ അഭിനയത്തിൽ സജീവമാവുകയും ചെയ്തു. മലയാള സിനിമയിൽ ഇരട്ടക്കുട്ടികളിൽ നിന്ന് ഒരാൾ നായകനാകുന്നത് ആദ്യമായി നസ്ലിമാണെന്ന് തോന്നുന്നു. നസ്ലിമിന്റെയും ടൊവിനോയുടെയും സിനിമയിലേക്കുള്ള കടന്നുവരവിന് സമാനതകളേറെയുണ്ട്. എന്നാൽ ഇവർ രണ്ടുപേരുടെയും സ്വഭാവരീതികൾ തമ്മിൽ യാതൊരു സമാനതകളും ഇല്ലാത്തതാണ്. സംസാരത്തിലും പെരുമാറ്റത്തിലും മറ്റുള്ളവരോടുള്ള സമീപനത്തിലുമൊക്കെ വളരെ ദീർഘവീക്ഷണത്തോടെയും പക്വതയോടെയും കാര്യങ്ങളെ നോക്കിക്കാണുന്ന വ്യക്തിത്വമാണ് ടൊവിനോയ്ക്കുള്ളത്. എന്നാൽ കാര്യങ്ങളെ വളരെ ലാഘവത്തോടെയും തമാശയോടെയും കാണുന്ന ആളാണ് നസ്‍ലിൻ.

സമ്പത്തും ഭാഗ്യവും ഒത്തുചേരുമ്പോഴാണ് നമ്മൾ കൂടുതൽ ജാഗരൂകരായി മുന്നോട്ട് നീങ്ങേണ്ടത്. നമുക്ക് സംഭവിക്കുന്ന ചെറിയ പിഴവുകൾ പോലും വാർത്തകളിൽ ഇടംപിടിക്കുകയും അത്തരത്തിൽ നമ്മൾ വിമർശനങ്ങൾക്ക് പാത്രമാവുകയും ചെയ്യും. ഇപ്പോൾ നസ്ലിനെക്കുറിച്ചുള്ള ചൂടേറിയ വാർത്തകൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇടംപിടിച്ചിരിക്കുകയാണ്. ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രം തിയേറ്ററുകളെ ഇളക്കിമറിച്ച് ഓടിക്കൊണ്ടിരിക്കുന്ന വേളയിലാണ് നസ്ലിനെക്കുറിച്ചുള്ള ചർച്ചകൾ ഉയർന്നു വരുന്നത്. നസ്ലിന്റെ സിനിമാ ജീവിതയാത്രയിൽ നാഴികക്കല്ലായ ചിത്രമാണല്ലോ ‘പ്രേമലു’. പ്രേമലു മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും ഒക്കെ ചരിത്ര വിജയം നേടി പണം വാരിയ ചിത്രം കൂടിയാണ്. പ്രേമലു എന്ന ഈ ചിത്രം 100 കോടി ക്ലബ്ബിൽ കടന്നുകയറി 150 കോടിക്കടുത്ത് കളക്ഷൻ നേടിയ ചിത്രം കൂടിയാണ്.

പ്രേമലുവിന്റെ നിർമാണ കമ്പനി ഭാവനാ സ്റ്റുഡിയോസ് ആണ്. ഈ ബാനർ തന്നെയാണ് ‘ബെത്ലഹേം കുടുംബ യൂണിറ്റും’ നിർമിച്ചിരിക്കുന്നത്. ഫഹദ് ഫാസിലും ഗിരീഷ് ബോസനും ശ്യാം പുഷ്കരനുമൊക്കെ പങ്കാളികളായ നിർമാണ കമ്പനിയാണിത്. ഈ ബാനറിൽ നിർമിച്ച ഒട്ടുമിക്ക ചിത്രങ്ങളും പണം കൊയ്തെടുത്ത ചിത്രങ്ങളാണ്. പ്രേമലുവിന്റെയും ബെത്ലഹേം കുടുംബ യൂണിറ്റിന്റെയും സംവിധായകൻ എ.ഡി. ഗിരീഷ് ആണ്. ഈ സംവിധായകന്റെ സംവിധാനത്തിലുള്ള ‘തണ്ണീർമത്തൻ’, ‘സൂപ്പർ ശരണ്യ’, ‘അയാം കാതലൻ’ എന്നീ ചിത്രങ്ങളിലും നസ്ലിൻ അഭിനയിച്ചിട്ടുണ്ട്. എന്നാൽ പ്രേമലുവിനു ശേഷം വന്ന ‘അയാം കാതലൻ’ എന്ന ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. അതിനുശേഷമാണ് പ്രേമലുവിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ആലോചനകൾ ഉരുത്തിരിയുന്നത്. ഈ വിവരം പ്രേമലുവിന്റെ ഒന്നാം ഭാഗത്തിൽ അഭിനയിച്ചവരൊക്കെ അറിഞ്ഞപ്പോൾ അവരൊക്കെ അത്യധികം സന്തോഷിക്കുകയും അതിൽ അഭിനയിക്കുവാനുള്ള തയ്യാറെടുപ്പ് ആരംഭിക്കുകയും ചെയ്തു എന്നാണ് അറിയാൻ കഴിഞ്ഞത്. അതിന്റെയും നിർമാണ ചുമതല ഭാവനാ സ്റ്റുഡിയോസ് തന്നെ ഏറ്റെടുക്കുന്നു എന്ന വാർത്തയും സ്ഥിരീകരിച്ചിരുന്നു.

പ്രേമലുവിനു ശേഷം നസ്‍ലിൻ മലയാള സിനിമയിൽ അടയാളപ്പെടുത്തിയ ഒരു നടനായി മാറി. നസ്ലിന്റെ ‘ആലപ്പുഴ ജിംഖാന’ എന്ന ചിത്രം ഒരുവിധം രക്ഷപ്പെട്ടു എങ്കിലും ‘മോളിവുഡ് ടൈംസ്’ എന്ന ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ ‘ലോക’ എന്ന ചിത്രത്തിൽ കല്യാണി പ്രിയദർശനോടൊപ്പമുള്ള വരവ് നസ്ലിനെ 300 കോടി ക്ലബ്ബിലേക്ക് ഉയർത്തുകയായിരുന്നു. പ്രേമലുവിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് അതിന്റെ സംവിധായകനായ എ.ഡി. ഗിരീഷിന് വലിയ പ്രതീക്ഷയും സ്വപ്നങ്ങളുമൊക്കെ ഉണ്ടായിരുന്നു. കലക്‌ഷനിൽ പ്രേമലു ഒന്നാം ഭാഗത്തെ കടത്തിവെട്ടുമെന്നുള്ള വിശ്വാസവും സംവിധായകൻ പ്രകടിപ്പിച്ചിരുന്നു. അതുപോലെതന്നെ പ്രേക്ഷകരും ആ ചിത്രത്തിനുവേണ്ടി ഏറെ പ്രതീക്ഷയോടെ കാത്തിരുന്നു എന്ന് വേണം പറയാൻ.

ഏത് സിനിമയുടെയും രണ്ടാം ഭാഗം ചിത്രീകരിക്കുമ്പോൾ അതിന്റെ ഒന്നാം ഭാഗത്തിൽ അഭിനയിച്ച നടീനടന്മാരുടെ സഹകരണം അത്യന്താപേക്ഷിതമാണ്. ഇത് പറയുമ്പോൾ എനിക്ക് പഴയ ഒരു കാര്യം ഓർമവരികയാണ്. ‘ഇൻ ഹരിഹർ നഗർ’ എന്ന ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം കുറേ വർഷങ്ങൾ പിന്നിട്ടപ്പോഴാണ് സംവിധായകൻ ലാൽ അതിന്റെ രണ്ടാം ഭാഗം പ്ലാൻ ചെയ്യുന്നത്. ഇതിനിടയിൽ നടൻ മുകേഷും സംവിധായകരായ സിദ്ധീഖ്-ലാലും തമ്മിൽ ചില അസ്വാരസ്യങ്ങൾ ഉടലെടുത്തിട്ടുണ്ടായിരുന്നു. അവർ മാനസികമായി അകൽച്ചയിലുമായിരുന്നു. അതുകൊണ്ടുതന്നെ ഹരിഹർ നഗറിന്റെ രണ്ടാം ഭാഗത്തിൽ മുകേഷ് അഭിനയിക്കുമോ എന്നൊരു ആശങ്ക ലാലിനുണ്ടായിരുന്നു.

മുകേഷിന്റെ മനസ്സറിഞ്ഞ ശേഷം പ്രൊജക്റ്റുമായി മുന്നോട്ട് നീങ്ങാമെന്നും, മുകേഷ് വിസമ്മതിച്ചാൽ രണ്ടാം ഭാഗം എന്ന തീരുമാനത്തിൽ നിന്നും പിന്മാറാം എന്നും അവർ തീരുമാനിക്കുന്നു. അങ്ങനെ വലിയ പ്രതീക്ഷയൊന്നും വെക്കാതെ ലാൽ മുകേഷിനെ വിളിച്ച് കാര്യങ്ങൾ അവതരിപ്പിക്കുന്നു. അവിടെയാണ് ഒരു കലാകാരന്റെ സിനിമയോടുള്ള കമ്മിറ്റ്മെന്റ്സ് നാം മനസ്സിലാക്കേണ്ടത്. തന്റെ വ്യക്തിപരമായ പിണക്കങ്ങളും വൈരാഗ്യവുമൊന്നും ചിത്രത്തോട് കാണിക്കാതെ താനത് ചെയ്തു തരാമെന്ന് ഏൽക്കുകയായിരുന്നു മുകേഷ്. അപ്പോൾ ലാൽ മുകേഷിനോട് പറഞ്ഞു: "താൻ സഹകരിക്കില്ലെന്നാണ് പറഞ്ഞിരുന്നതെങ്കിൽ ഈ പ്രൊജക്റ്റ് തന്നെ എന്നെന്നേക്കുമായി ഉപേക്ഷിക്കാനായിരുന്നു പ്ലാൻ" എന്ന്. മുകേഷ് അന്നത് സമ്മതിച്ചില്ലായിരുന്നുവെങ്കിൽ അതിന്റെ രണ്ടാം ഭാഗവും മൂന്നാം ഭാഗവുമൊന്നും നമുക്ക് കാണാൻ ഭാഗ്യമുണ്ടാവില്ലായിരുന്നു. ഈ സംഭവത്തെക്കുറിച്ച് ഞാനും മുകേഷും തമ്മിൽ ചർച്ച ചെയ്തിട്ടുള്ളതാണ്.

ഇനി പ്രേമലുവിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് പറയുകയാണെങ്കിൽ, സംവിധായകനും നസ്ലിനും തമ്മിൽ വ്യക്തിപരമായ പിണക്കങ്ങളോ വൈരാഗ്യങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. തന്നെയുമല്ല, അവർ തമ്മിൽ മാനസികമായി വലിയ അടുപ്പവും ഉണ്ടായിരുന്നു എന്നും പറയപ്പെടുന്നുണ്ട്. അങ്ങനെയിരിക്കുമ്പോഴാണ് ഇതിന്റെ നിർമാതാക്കളിൽ ഒരാളായ ദിലീഷ് പോത്തൻ പ്രേമലു രണ്ടാം ഭാഗം ഉപേക്ഷിക്കുന്നു എന്ന് വെളിപ്പെടുത്തുന്നത്. എന്നാൽ അന്ന് അതിന്റെ കാരണങ്ങളൊന്നും തന്നെ അദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ല.

ഈ അടുത്ത സമയത്ത് അതിന്റെ സംവിധായകനായ എ.ഡി. ഗിരീഷ് പറഞ്ഞ ചില കാര്യങ്ങളുണ്ട്. അദ്ദേഹം പറയുന്നു: ‘ചിലർക്ക് അവരുടെ കാര്യങ്ങളാണ് നടക്കേണ്ടത്. അവരുടെ കാര്യം നടക്കണമെങ്കിൽ അവർ വേറെ പോകട്ടെ" എന്ന്. ഇത് കേട്ട പ്രേക്ഷകർ ഉടൻ തന്നെ രണ്ടു പക്ഷത്തായി നിലയുറപ്പിച്ച് അവരുടെ അഭിപ്രായങ്ങൾ പറയാൻ തുടങ്ങി. നസ്‍ലിന് സ്ക്രിപ്റ്റ് ഇഷ്ടമായില്ല, അതൃപ്തി തോന്നി, അതുകൊണ്ടാണ് അത് ഉപേക്ഷിച്ചതെന്ന് ഒരുപക്ഷം. അത് ഉപേക്ഷിക്കുക എന്നത് നസ്‍ലിന്റെ സ്വാതന്ത്ര്യമല്ലേ എന്നും അവർ ചോദിക്കുന്നുണ്ട്.

എന്നാൽ സംവിധായക പക്ഷത്തുള്ളവർ പറയുന്നു: ‘ബംഗാളി മുഖമുള്ള ഇവനെ ഈ നിലയിൽ എത്തിച്ചവരോട് നന്ദികേടാണ് കാണിച്ചത്, ഇവൻ അഹങ്കാരിയാണ്’ എന്നും മറ്റും. എന്നാൽ കാരണമായി ഞാൻ അറിഞ്ഞത് ഇതൊന്നുമല്ല. ഗിരീഷിന്റെ സ്ക്രിപ്റ്റിനെ നസ്‍ലിൻ കുറ്റപ്പെടുത്തിയിട്ടില്ല, അദ്ദേഹം അഭിനയിക്കുവാനും തയാറായിരുന്നു. എന്നാൽ അതിനായി നസ്‍ലിൻ ആവശ്യപ്പെട്ട പ്രതിഫലം കേട്ട് അവരെല്ലാം ഞെട്ടിപ്പോയി, അമ്പരന്നുപോയി.

സാധാരണ നടീനടന്മാർ അവരെ കൈപിടിച്ചുകയറ്റിയ കമ്പനികളോട് പ്രതിഫലത്തിന്റെ കാര്യത്തിൽ അനുഭവപൂർവ്വമായ സമീപനമാണ് സ്വീകരിക്കാറുള്ളത്. ഇവിടെ പ്രേമലുവിന്റെ രണ്ടാം ഭാഗത്തിലേക്ക് നസ്‍ലിൻ എന്ന അഭിനേതാവ് ഒരു അവിഭാജ്യ ഘടകമാണെന്നുള്ള ബോധ്യമായിരിക്കാം വൻതുക പ്രതിഫലമായി ചോദിക്കുവാനുള്ള കാരണം. അതുകൊണ്ടാകണം സംവിധായകൻ പറഞ്ഞത് "അവരുടെ കാര്യം നടക്കണമെങ്കിൽ അവർ വേറെ പോകട്ടെ" എന്ന്.

ഈ പ്രതിഫല തർക്കത്തെക്കുറിച്ചുള്ള വിവരം ഞാൻ അറിഞ്ഞത് കമ്പനിയുമായി അടുത്ത ബന്ധം പുലർത്തുന്ന ചിലരിൽ നിന്നുമാണ്. ഈ കേട്ടത് സത്യമാണെങ്കിൽ ഒരു കലാകാരൻ എന്ന നിലയിൽ നസ്‍ലിന് ഉയരങ്ങൾ താണ്ടാൻ ചവിട്ടുപടി പണിതു തന്നവരോട് ഒരു പ്രതിബദ്ധതയൊക്കെ ഉണ്ടായിരിക്കേണ്ടതല്ലേ? അതുകൊണ്ടാണ് ഒരു കലാകാരന് കലയോടുള്ള ഉത്തരവാദിത്തവും പ്രതിബദ്ധതയും സൂചിപ്പിക്കുന്നതിനായി മുകേഷിനെക്കുറിച്ച് ഞാൻ ഇവിടെ പ്രതിപാദിച്ചത്.

‘പ്രേമലു’ രണ്ടാം ഭാഗത്തെക്കുറിച്ച് വലിയ സ്വപ്നവും പ്രതീക്ഷയും വെച്ചുപുലർത്തുന്ന ആളാണ് എ.ഡി. ഗിരീഷ്. അദ്ദേഹത്തിന്റെ പ്രതീക്ഷകൾക്ക് നിറം പകരാൻ നസ്‍ലിൻ കുറച്ച് വിട്ടുവീഴ്ചകൾക്ക് തയ്യാറായാൽ അതൊരു നല്ല കാര്യമല്ലേ? നസ്‍ലിൻ ഒരു പുനർചിന്തനത്തിന് തയ്യാറായാൽ നല്ലൊരു കലാസൃഷ്ടി കണ്ടസ്വദിക്കുവാൻ പ്രേക്ഷകർക്ക് സാധിക്കും. മാത്രമല്ല, നിങ്ങൾ തമ്മിലുള്ള ബന്ധത്തിനും അടുപ്പത്തിനും കൂടുതൽ ദൃഢതയും വരും. അത് നസ്‍ലിൻ എന്ന പുതുതലമുറ നായകനോടുള്ള പ്രേക്ഷകരുടെ ഇഷ്ടവും സ്നേഹവും വർദ്ധിക്കുവാനുള്ള കാരണമാവുകയും ചെയ്യും. അങ്ങനെ സംഭവിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് നിർത്തുന്നു.”

Tags:    
News Summary - Alleppey Ashraf Reveals Naslen's Exorbitant Fee Demand Led to Premalu 2 Being Shelved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.