മലയാളത്തിലെ മികച്ച യുവതാരങ്ങളിൽ ഒരാളാണ് ടോവിനോ തോമസ്. ഏറ്റവും വലിയ സോളോ ഹിറ്റ് നൽകിയതിന് തൊട്ടുപിന്നാലെ അദ്ദേഹത്തിന്റെ കരിയർ വൻ പരാജയത്തിന് സാക്ഷ്യം വഹിച്ചു. 2025ലെ ടോവിനോയുടെ ആദ്യ റിലീസായ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വനിത താരങ്ങളിൽ ഒരാൾ അദ്ദേഹത്തോടൊപ്പം സിനിമയിൽ പ്രധാന വേഷം ചെയ്തിട്ടും, തിയറ്ററുകളിൽ നിന്ന് അതിന്റെ ബജറ്റിന്റെ 50 ശതമാനം മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ.
കലക്ഷനിൽ എക്കാലത്തെയും മികച്ച അഞ്ച് മലയാള ചിത്രങ്ങളിൽ മൂന്നെണ്ണത്തിലും (ലോകാ ചാപ്റ്റർ 1: ചന്ദ്ര, എൽ2: എമ്പുരാൻ, 2018: എവരിവൺ ഈസ് എ ഹീറോ) ടോവിനോ അഭിനയിച്ചിട്ടുണ്ട്. ലോകയിൽ അതിഥി വേഷത്തിലും, എമ്പുരാനിൽ ഒരു സഹകഥാപാത്രമായും താരം എത്തി. 2018 എന്ന മൾട്ടിസ്റ്റാർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ ഒന്ന് ടോവിനോ ആയിരുന്നു. താരത്തിന്‍റെ ഇതുവരെയുള്ള ഏറ്റവും വലിയ സോളോ ഹിറ്റ്, ജിതിൻ ലാൽ സംവിധാനം ചെയ്ത അജയന്റെ രണ്ടാം മോഷണം (എ.ആർ.എം) ആണ്. ചിത്രം മികച്ച അവലോകനങ്ങൾ നേടിയതു മാത്രമല്ല, ലോകമെമ്പാടുമായി 100 കോടിയിലധികം കലക്ഷൻ നേടുകയും ചെയ്തു.
എ.ആർ.എം റിലീസ് ചെയ്ത് നാല് മാസത്തിനുള്ളിലാണ് ഐഡന്റിറ്റി എന്ന മറ്റൊരു ചിത്രവുമായി ടോവിനോ തിരിച്ചെത്തുന്നത്. 2020ലെ തന്റെ ഹിറ്റ് ചിത്രമായ ഫോറൻസികിന്‍റെ സംവിധായകൻ അഖിൽ പോൾ, അനസ് ഖാൻ എന്നിവരുമായി അദ്ദേഹം വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു അത്. ഹേ ജൂഡ് (2018) എന്ന ചിത്രത്തിന് ഏകദേശം ഏഴ് വർഷത്തിന് ശേഷം തെന്നിന്ത്യൻ താരം തൃഷ കൃഷ്ണന്‍റെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് കൂടിയായിരുന്നു ചിത്രം. എന്നാൽ ഐഡന്റിറ്റിക്ക് പ്രേക്ഷകരെ ആകർഷിക്കാൻ കഴിഞ്ഞില്ല.
കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ജനുവരിയിൽ റിലീസ് ചെയ്ത മലയാള സിനിമകളുടെ ബജറ്റും സംസ്ഥാനത്തെ തിയറ്ററുകളിൽ നിന്ന് ഓരോന്നിനും ലഭിച്ച വരുമാനത്തിന്റെ വിഹിതവും വെളിപ്പെടുത്തിയിരുന്നു. ഐഡന്റിറ്റിക്ക് 30 കോടിയായരുന്നു ബജറ്റ്. എന്നാൽ, കേരളത്തിൽ നിന്നുള്ള അതിന്റെ തിയറ്റർ ഷെയർ 3.5 കോടി രൂപ മാത്രമായിരുന്നു. ടോവിനോയും തൃഷയും അഭിനയിച്ച ചിത്രം ലോകമെമ്പാടും 16.51 കോടി രൂപയാണ് നേടിയതെന്ന് സാക്നിൽക് റിപ്പോർട്ട് വ്യക്തമാക്കുന്നു. വിനയ് റായ്, അജു വർഗീസ്, ഷമ്മി തിലകൻ എന്നിവരും അഭിനയിച്ച ഈ ചിത്രം കോൺഫിഡന്റ് ഗ്രൂപ്പും രാഗം മൂവീസും സംയുക്തമായിയാണ് നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.