'വിശ്വനാഥ് ആൻഡ് സൺസ്','മകുടം','വരവ്'; ഒടിടിയിൽ സിനിമകളുടെ പൂരം
കൊച്ചി: തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ച വൻകിട സിനിമകളും ഏറെ കാത്തിരുന്ന പുതിയ റിലീസുകളും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലേക്ക് എത്തിയതോടെ ആഘോഷ ലഹരിയിലാണ് സിനിമാപ്രേമികൾ. സൂര്യയുടെ കോടികൾ കൊയ്ത ഫാമിലി എന്റർടെയ്നർ മുതൽ വിശാലിന്റെ മാസ് ആക്ഷൻ ചിത്രം വരെയുള്ളവയാണ് ഈ വാരം ഒടിടിയിൽ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.
തിയേറ്ററുകളിൽ 240 കോടിയിലധികം രൂപ നേടിയ സൂര്യ ചിത്രം 'വിശ്വനാഥ് ആൻഡ് സൺസ്' ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു കഴിഞ്ഞു.നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. 'ലക്കി ഭാസ്കറി'ന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മലയാളി താരം മമിത ബൈജുവാണ് നായികയായി എത്തിയത്.
പ്രണയവും കുടുംബബന്ധങ്ങളും നർമ്മവുമെല്ലാം കോർത്തിണക്കിയ ചിത്രം സൂര്യയുടെ കരിയറിലെ 46-ാമത് പ്രൊജക്റ്റാണ്. സിതാര എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ നിർമ്മിച്ച ചിത്രത്തിൽ രവീണ ടണ്ഡൻ, രാധിക ശരത്കുമാർ എന്നിവരും സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.
തെന്നിന്ത്യൻ നായകൻ വിശാൽ മൂന്ന് വ്യത്യസ്ത രൂപങ്ങളിൽ പ്രത്യക്ഷപ്പെടുന്ന പുതിയ ചിത്രം 'മകുടം' ആണ് ഒടിടി റിലീസിന് ഒരുങ്ങുന്ന മറ്റൊരു പ്രധാന ചിത്രം. ആമസോൺ പ്രൈം വീഡിയോയിലൂടെ ഇന്ന് രാത്രി 12 മണി മുതൽ ചിത്രം ലഭ്യമായിത്തുടങ്ങും. ചിത്രത്തിൽ വൃദ്ധന്റെ വേഷത്തിലടക്കം വിശാൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്
തെന്നിന്ത്യയിലെ പ്രമുഖ നിർമ്മാണ കമ്പനിയായ സൂപ്പർ ഗുഡ് ഫിലിംസിന്റെ 99-ാമത് ചിത്രമാണിത്. ദുഷാര വിജയൻ, അഞ്ജലി എന്നിവർ നായികമാരാകുന്ന ചിത്രത്തിന് ജി.വി. പ്രകാശ് കുമാറാണ് സംഗീതം നൽകിയിരിക്കുന്നത്. ആക്ഷനും ത്രില്ലും ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് പ്രൈം വീഡിയോയിലൂടെ ചിത്രം കാണാം
ആക്ഷൻ, ഡ്രാമ, ഫാമിലി എന്റർടെയ്നറുകൾ എന്നിങ്ങനെ വൈവിധ്യമാർന്ന പ്രമേയങ്ങളുമായി എത്തുന്ന ഈ ചിത്രങ്ങൾ വാരാന്ത്യങ്ങളിൽ സിനിമാസ്വാദകർക്ക് മികച്ചൊരു കാഴ്ചാനുഭവമായിരിക്കും സമ്മാനിക്കുക.
ഷാജി കൈലാസ് സംവിധാനം ചെയ്ത ജോജു ജോർജ് നായകനായി അഭിനയിച്ച വരവ് എന്ന ചിത്രം ഒടിടിയിൽ എത്തി. സീ 5 ലൂടെയാണ് ചിത്രം സ്ട്രീമിംഗ് നടത്തുന്നത്. ഷാജി കൈലാസിൻറെ സംവിധാനത്തിൽ ജോജു ജോർജ് ആദ്യമായാണ് നായകനാവുന്നത്. ഷാജി കൈലാസിന്റെ ഹിറ്റ് ചിത്രങ്ങളായ ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ് എന്നിവയ്ക്ക് രചന നിർവ്വഹിച്ച എ.കെ. സാജൻ തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥയൊരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.