കമൽ ഹാസനും സിലംബരശൻ ടി.ആറും പ്രധാന വേഷങ്ങളിൽ എത്തുന്ന മണിരത്നം ചിത്രം തഗ് ലൈഫ് ജൂൺ അഞ്ചിന് തിയറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിന്റെ സർട്ടിഫിക്കേഷൻ പൂർത്തിയായി UA 16+ റേറ്റിങ് ലഭിച്ചിരിക്കുകയാണ്. സർട്ടിഫിക്കറ്റ് പ്രകാരം, ചിത്രത്തിന്റെ റൺടൈം രണ്ട് മണിക്കൂർ 45 മിനിറ്റാണ്. സിനിമയിൽ അധിക കട്ടുകൾ ഒന്നും വരുത്തിയിട്ടില്ല, പക്ഷേ രണ്ട് വാക്കുകൾ മ്യൂട്ട് ചെയ്തിട്ടുണ്ട്.
35 വർഷത്തെ ഇടവേളക്ക് ശേഷം കമൽഹാസനും മണിരത്നവും ഒന്നിക്കുന്ന ചിത്രമായതിനാൽ തന്നെ തഗ് ലൈഫിനായി ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. വരാനിരിക്കുന്നത് ഒരു മാസ് ആക്ഷൻ ചിത്രമായിരിക്കും എന്നതാണ് ട്രെയിലർ നൽകുന്ന സൂചന. കമൽഹാസന്‍റെ വിവിധ ഗെറ്റപ്പുകൾ ട്രെയിലറിൽ കാണാം. ചിത്രത്തിൽ ചിമ്പുവും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെ ട്രെയിലർ പുറത്തിറക്കിയിട്ടുണ്ട്.
രാജ് കമൽ ഫിലിംസ് ഇന്‍റർനാഷനൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്‍റ് മൂവീസ് എന്നിവയുടെ ബാനറിൽ കമൽഹാസൻ, ആർ. മഹേന്ദ്രൻ, മണിരത്‌നം, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രവി കെ. ചന്ദ്രൻ ഛായാഗ്രഹണവും എ. ശ്രീകർ പ്രസാദ് എഡിറ്റിങും നിർവഹിക്കുന്ന ചിത്രത്തിന് എ. ആർ. റഹ്മാനാണ് സംഗീതം ഒരുക്കുന്നത്. കമൽഹാസന്‍റെ സഹകരണത്തോടെ മണിരത്‌നമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
അഭിരാമി, ജോജു ജോർജ്, നാസർ, തൃഷ, മഹേഷ് മഞ്ജരേക്കർ, ഐശ്വര്യ ലക്ഷ്മി, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.