ദി പെറ്റ് ഡിറ്റക്റ്റീവ്
ഈ ആഴ്ച ഒ.ടി.ടിയിലെത്തുന്നത് മൂന്ന് മലയാള ചിത്രങ്ങളാണ്. ഷറഫുദീൻ, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ ദി പെറ്റ് ഡിറ്റക്റ്റീവ്, നിശാന്ത് സാഗർ, മേജർ രവി, രാജേഷ് ശർമ എന്നിവർ പ്രധാന വേഷത്തിലെത്തിയ സസ്പെൻസ് ഡ്രാമ തെളിവ് സഹിതം, ഇന്ദ്രൻസും മീനാക്ഷി അനൂപും പ്രധാന വേഷത്തിൽ അഭിനയിച്ച ഏറ്റവും പുതിയ ചിത്രം പ്രൈവറ്റ് എന്നിവയാണ് ചിത്രങ്ങൾ.
ഷറഫുദീൻ, അനുപമ പരമേശ്വരൻ, വിനയ് ഫോർട്ട്, വിനായകൻ, സണ്ണി വെയ്ൻ എന്നിവർ അഭിനയിച്ച ദി പെറ്റ് ഡിറ്റക്റ്റീവ് ഒ.ടി.ടിയിലേക്ക്. ആക്ഷൻ കോമഡി വിഭാഗത്തിൽപ്പെട്ട ചിത്രം നവംബർ 28 മുതൽ സീ5ലൂടെ സ്ര്ടീം ചെയ്യും. ഷറഫുദീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷറഫുദീന്‍ നിർമിച്ച ചിത്രത്തിന് പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 'മുകുന്ദനുണ്ണി അസോസിയേറ്റ്‌സ്' എന്ന ചിത്രത്തിന്‍റെ സംവിധായകനായ അഭിനവ് സുന്ദര്‍ നായ്കാണ് എഡിറ്റർ. രാജേഷ് മുരുകേശനാണ് സംഗീതം ഒരുക്കുന്നത്. ചിത്രം പ്രേക്ഷകരിലേക്ക് എത്തിച്ചത് ഗോകുലം ഗോപാലൻ നേതൃത്വം നൽകുന്ന ശ്രീ ഗോകുലം മൂവീസ് ആണ്.
നിശാന്ത് സാഗർ, മേജർ രവി, രാജേഷ് ശർമ എന്നിവർ പ്രധാന വേഷത്തിലെത്തിയ സസ്പെൻസ് ഡ്രാമ തെളിവ് സഹിതം മനോരമ മാക്സിലൂടെ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന പൊലീസ് ഓഫീസർ സോളമൻ, ഗ്രാമത്തിലെ ഒരു കടയുടമയുടെ മരണം അന്വേഷിക്കുന്നതും, പ്രതിയെന്ന് സംശയിച്ചവർ കുടുക്കപ്പെടുകയും യഥാർത്ഥ കൊലയാളി ഒളിവിൽ കഴിയുന്നതും പൊലീസ് എങ്ങനെ ഈ കേസ് തെളിയിക്കുന്നു എന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.ജോളി വുഡ് മൂവീസിന്റെ ബാനറിൽ ജോളി ലോനപ്പൻ നിർമിച്ച്, നവാഗതനായ സക്കീർ മണ്ണാർമല സംവിധാനം ചെയ്ത ചിത്രമാണ് 'തെളിവ് സഹിതം'. ജൂണ്‍ 6 നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ഷഫീഖ് കാരാട് ആണ്. ആളൊരുക്കം, സബാഷ് ചന്ദ്രബോസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ജോളി ലോനപ്പൻ നിർമിക്കുന്ന ചിത്രമാണിത്.
ഇന്ദ്രൻസും മീനാക്ഷി അനൂപും പ്രധാന വേഷത്തിൽ അഭിനയിച്ച ഏറ്റവും പുതിയ ചിത്രം 'പ്രൈവറ്റ്' ഒ.ടി.ടിയിലെത്തി. ചിത്രം മനോരമ മാക്സിൽ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. തിയറ്ററിൽ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല. ദീപക് ഡിയോൺ രചനയും സംവിധാനവും നിർവഹിച്ച ചിത്രം 'ലെറ്റ്സ് ഗോ ഫോർ എ വാക്ക്' എന്ന ടാഗ്‌ലൈനിലാണ് അവതരിപ്പിച്ചത്. സി ഫാക്ടർ ദ എന്‍റർടെയ്ൻമെന്‍റ് കമ്പനിയുടെ ബാനറിൽ വി.കെ ഷബീർ നിർമിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രാഹണം ഫൈസൽ അലി നിർവഹിക്കുന്നു. സംഗീതവും പശ്ചാത്തല സംഗീതവും നവാഗതനായ അശ്വിൻ സത്യ നിർവഹിക്കുന്നു. സിനിമയിൽ പരാമർശിച്ച ചില സംഭവങ്ങളും വാക്കുകളും നീക്കം ചെയ്തുകൊണ്ട് കടും വെട്ടാണ് സെൻസർ ബോർഡ് സിനിമക്ക് നൽകിയത്. പൗരത്വ ബിൽ, ഹിന്ദി സംസാരിക്കുന്നവർ, ബീഹാർ, രാമരാജ്യം തുടങ്ങിയ വാക്കുകള്‍ ഒഴിവാക്കിയാണ് സിനിമ തിയറ്ററിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.