തമിഴ് സിനിമാ ലോകത്തെയും സോഷ്യൽ മീഡിയയെയും ഒരുപോലെ പിടിച്ചുലക്കുന്ന വിജയ്-തൃഷ ഗോസിപ്പുകൾക്കിടയിൽ ഗായിക സുചിത്ര നടത്തിയ വെളിപ്പെടുത്തലുകൾ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. നടൻ വിജയ്‍യും നടി തൃഷയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന രീതിയിലുള്ള അഭ്യൂഹങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് തൃഷയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് സുചിത്ര രംഗത്തെത്തിയത്.
തനിക്ക് വിജയ്‌യെ ഒരുപാട് ഇഷ്ടമാണെന്നും എന്നാൽ തൃഷയെ ഒട്ടും ഇഷ്ടമല്ലെന്നും സുചിത്ര ഒരു അഭിമുഖത്തിലൂടെ പങ്കുവെച്ചു. ജീവിതത്തിൽ വലിയ വിജയം കൈവരിച്ച വ്യക്തികൾ ഏതെങ്കിലും ഘട്ടത്തിൽ ഒറ്റപ്പെട്ടുപോകുമ്പോൾ അവരുടെ ജീവിതത്തിലേക്ക് 'ഇത്തിള്‍കണ്ണി' കടന്നുകൂടുമെന്ന സുചിത്രയുടെ പരാമർശം തൃഷയെ ലക്ഷ്യം വെച്ചാണെന്ന് ആരാധകർ വിലയിരുത്തുന്നു. വിജയ് നിലവിൽ ഭാര്യയിൽ നിന്ന് അകന്ന് കഴിയുകയാണെന്നും ഈ ഏകാന്തതയിൽ അദ്ദേഹം ആത്മപരിശോധന നടത്തണമെന്നും സുചിത്ര ഓർമ്മിപ്പിച്ചു. രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കുന്ന ഈ സുപ്രധാന കാലയളവിൽ വിജയ് തന്റെ പിതാവ് എസ്.എ. ചന്ദ്രശേഖറിന്റെ മാർഗനിർദ്ദേശങ്ങൾ തേടണമെന്നും സുചിത്ര കൂട്ടിച്ചേർത്തു.
27 വർഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ചുകൊണ്ട് വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം 2025 ഡിസംബറിൽ വിവാഹമോചന ഹർജി ഫയൽ ചെയ്തിരുന്നു. വഞ്ചനയും മാനസികമായ വിഷമവുമാണ് ഹർജിയിൽ കാരണങ്ങളായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഈ കേസിന്റെ അടുത്ത വാദം കേൾക്കൽ ജൂൺ 15-നാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനിടയിൽ കഴിഞ്ഞ മാർച്ചിൽ നടന്ന ഒരു വിവാഹ ചടങ്ങിൽ വിജയ്‌യും തൃഷയും ഒരുമിച്ച് പങ്കെടുത്തതും വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ തൃഷ വൈകാരികമായി പ്രതികരിച്ചതും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. വിജയ്‌യുടെ കുടുംബാംഗങ്ങളുടെ അസാന്നിധ്യം ഈ ചടങ്ങുകളിൽ പ്രകടമായതും ആരാധകർക്കിടയിൽ ചർച്ചകൾക്ക് കാരണമായി.
തന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള ഇത്തരം ആരോപണങ്ങളെ തൃഷ നേരത്തെ തന്നെ തള്ളിക്കളഞ്ഞിരുന്നു. താൻ ഇപ്പോൾ ഏകാന്തയാണെന്നും എന്നാൽ സമാധാനത്തോടെയും സന്തോഷത്തോടെയുമാണ് കഴിയുന്നതെന്നും നടി മുൻപ് വ്യക്തമാക്കിയിരുന്നു. ഗായിക സുചിത്രയുടെ പുതിയ വെളിപ്പെടുത്തലുകൾ തമിഴ് സിനിമയിലെ പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും വിജയ്‌യോ തൃഷയോ ഈ വിഷയത്തിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.