ഇന്ത്യൻ സിനിമയുടെ പകരം വെക്കാനില്ലാത്ത സംവിധായകരിൽ ഒരാളാണ് എസ്.എസ് രാജമൗലി. ഇദ്ദേഹത്തിന്‍റെ സിനിമകൾക്ക് രാജ്യമെമ്പാടും ആരാധകരുണ്ട്. പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന അടുത്ത രാജമൗലി ചിത്രമാണ് എസ്.എസ്.എം.ബി 29.
മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് തുടങ്ങിയ വൻതാരനിര തന്നെ സിനിമയുടെ ഭാഗമാകുന്നുമുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ പൃഥ്വിരാജിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. പ്രിഥ്വിരാജ് തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയും ചിത്രം പങ്കുവച്ചു. കുംഭ എന്ന വില്ലനെ ആണ് സിനിമയിൽ പൃഥ്വി അവതരിപ്പിക്കുന്നത്.
എന്നാൽ ഫസ്റ്റ് ലുക്കിന് പിന്നാലെ വലിയ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇത്ര വലയ ഡയറക്ടർക്ക് കുറച്ച് റിയലിസ്റ്റിക് പോസ്റ്റർ ഉണ്ടാക്കാൻ കഴിയില്ലെ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇത് ഒരു എ.ഐ ജനറേറ്റഡ് ചിത്രമാണല്ലെ, സ്റ്റീഫൻ ഹോക്കിങ്സിന്‍റെ ബയോപിക് ആണോ, ക്രിഷിലെ വിവേക് ഒബ്രോയ് തന്നെ, ഇതാര് ഡോക്ടർ ഒക്ടോപസോ എന്നെല്ലാമാണ് ആളുകൾ പരിഹസിക്കുന്നത്.
എന്നാൽ ചിത്രം വമ്പൻ ഹിറ്റാകുമെന്നുതന്നെയാണ് പ്രതീക്ഷയെന്ന് ഒരു കൂട്ടം ആരാധകർ പറഞ്ഞു. സിനിമയുടെ പേരിനെക്കുറിച്ചുള്ള റിപ്പോർട്ടുകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാരണാസി എന്നാണ് സിനിമയുടെ പേരെന്നാണ് തെലുങ്ക് ട്രാക്കർമാർ സൂചിപ്പിക്കുന്നത്. 2028ലായിരിക്കും ചിത്രം റിലീസിനെത്തുക. ചിത്രത്തിന്റെ ഷൂട്ടിന്റെ ആദ്യ ഷെഡ്യൂൾ നേരത്തെ പൂർത്തിയായിരുന്നു. ചിത്രത്തിന്റെ സഹനിർമാതാവ് കൂടിയായ മഹേഷ് ബാബു സിനിമയ്ക്കായി പ്രതിഫലം വാങ്ങുന്നില്ലെന്ന റിപ്പോർട്ടുകളുമുണ്ട്. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് 'എസ്.എസ്.എം.ബി 29'ന് തിരക്കഥ ഒരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.