സ്വതന്ത്ര ചലച്ചിത്രമേള; ശ്രീലങ്കൻ സംവിധായിക നദീ വാസലമുദലി ആരാച്ചി ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: സ്വതന്ത്ര-പരീക്ഷണാത്മക സിനിമകളുടെ ഏറ്റവും വലിയ ചലിച്ചിത്രോത്സവമായ IEFFK (ഇൻഡിപെൻഡന്റ് ആൻഡ് എക്‌സ്‌പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള) ഏഴാമത് എഡിഷൻ ശ്രീലങ്കൻ സംവിധായിക നദീ വാസലമുദലി ആരാച്ചി ഉദ്ഘാടനം ചെയ്യും. മെയ് 9 മുതൽ 13 വരെ കോഴിക്കോട് ഈസ്റ്റ് ഹിൽ കൃഷ്ണമേനോൻ മ്യൂസിയം തിയറ്ററിലാണ് ഫെസ്റ്റിവൽ നടക്കുന്നത്.

ഫെസ്റ്റിവലിന്റെ ഏഴാമത് എഡിഷനിൽ 14 മലയാള സിനിമകൾ, 12 ഇന്ത്യൻ സിനിമകൾ, അഞ്ച് ലോക സിനിമകൾ എന്നിവ പ്രദർശിപ്പിക്കും. നദീ വാസലമുദലി ആരാച്ചി സംവിധാനം ചെയ്ത ശ്രീലങ്കൻ സിനിമയായ പാൻട്രം (PANTRUM) ആണ് ഉദ്ഘാടന ചിത്രം. ചിത്രത്തിന്റെ ആദ്യ അന്താരാഷ്ട്ര പ്രദർശനമാണ് ( world premiere) ഫെസ്റ്റിവലിൽ നടക്കുന്നത്‌.

നിധി സക്സേന സംവിധാനം ചെയ്ത ഹിന്ദി ചിത്രം 'സാഡ് ലെറ്റേഴ്സ് ഓഫ് ആൻ ഇമാജിനറി വുമൺ' ആണ് സമാപന ചിത്രം. ട്രാൻസ് വുമൺ എ.രേവതിയുടെ ജീവിതത്തെ ആസ്പദമാക്കി പി. അഭിജിത് സംവിധാനം ചെയ്ത ഞാൻ രേവതി ഉൾപ്പെടെ നിരവധി സിനിമകളുടെ ആദ്യ അന്താരാഷ്ട്ര പ്രദർശനത്തിനും ഫെസ്റ്റിവൽ വേദിയാകും. രാംദാസ് കടവല്ലൂർ സംവിധാനം ചെയ്‌ത സത്യപ്പുല്ല് ഡോക്യുമെന്ററി സിനിമയുടെ പ്രത്യേക പ്രദർശനവും ഉണ്ടാകും.

ഫെസ്റ്റിവലിൽ ആദ്യമായി ഏർപ്പെടുത്തിയ ഇന്ത്യൻ സിനിമകളുടെ മത്സര വിഭാഗത്തിലെ മികച്ച ചിത്രത്തിന് 50,000 രൂപയുടെ കാഷ് അവാർഡ് ഉണ്ട്. സംവിധായകരായ രാംദാസ് കടവല്ലൂർ, അർജുൻ എന്നിവരായിരുന്നു സെലക്ഷൻ ജൂറി അംഗങ്ങൾ. സംവിധായകരായ അരുൺ കാർത്തിക്, സുധ കെ.എഫ്, നിരൂപകൻ പി.കെ. സുരേന്ദ്രൻ എന്നിവരാണ് മത്സര വിഭാഗം ജൂറി അംഗങ്ങൾ.

എല്ലാ ദിവസവും രാവിലെ 9 മണി മുതൽ രാത്രി 10 മണി വരെയാണ് പ്രദർശനം. സംവിധായകരും അണിയറ പ്രവർത്തകരുമായുള്ള ചോദ്യോത്തര വേളകൾ, മീറ്റ് ദി ഡയറക്ടർ പരിപാടികൾ എന്നിവ ഉണ്ടാകും. 13ന് വൈകീട്ട് 6 മണിക്ക് നടക്കുന്ന അവാർഡ് വിതരണച്ചടങ്ങിൽ തമിഴ് സംവിധായകൻ അരുൺ കാർത്തിക്, സംവിധായിക സുധ പത്മജ ഫ്രാൻസിസ്, നിരൂപകൻ പി.കെ.സുരേന്ദ്രൻ എന്നിവർ പങ്കെടുക്കും. ഡെലിഗേറ്റ് ഫീ 700 രൂപ. വിദ്യാർഥികൾക്ക് 400. ഡെലിഗേറ്റ് രജിസ്ട്രേഷന് 9895286711 എന്ന നമ്പറിലേക്ക് ഗൂഗിൾ പേ/ഫോൺ പേ ചെയ്യുക.

Tags:    
News Summary - Sri Lankan director Nadee Vasalamudali Arachi to inaugurate Independent Film Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.