സത്‌ലുജ്

മൂന്ന് വർഷത്തെ സെൻസർഷിപ്പ് പോരാട്ടം, ഒടുവിൽ കട്ടുകളില്ലാതെ റിലീസിലേക്ക്; ദിൽജിത് ദോസഞ്ജിന്‍റെ 'സത്‌ലുജ്' ഒ.ടി.ടിയിലെത്തി

സെൻസർഷിപ്പ് ബോർഡുമായുള്ള നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ ദിൽജിത് ദോസഞ്ജ് നായകനാകുന്ന ‘സത്‌ലുജ്’ ഒടുവിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്തു. സീ5ലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. നേരത്തെ 'പഞ്ചാബ് 95' എന്ന് പേരിട്ടിരുന്ന ഈ ചിത്രം, പഞ്ചാബിലെ തീവ്രവാദ വിരുദ്ധ നീക്കങ്ങൾക്കിടയിൽ സംസ്ഥാന പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ മനുഷ്യാവകാശ ലംഘനങ്ങളെയും അടിച്ചമർത്തലുകളെയും കുറിച്ചാണ് സംസാരിക്കുന്നത്.

‘ഭായ് ജസ്വന്ത് സിങ് ഖൽറ ജിയുടെ രക്തസാക്ഷിത്വവും മാനവികതക്ക് അദ്ദേഹം നൽകിയ സംഭാവനകളുമാണ് ഈ സിനിമയുടെ ഭാഗമാകാൻ എന്നെ പ്രേരിപ്പിച്ച പ്രധാന ഘടകങ്ങൾ. ഞാൻ ഈ കഥ ആദ്യമായി കേട്ടപ്പോൾ തന്നെ എന്റെ മനസ്സിനെ അത് ആഴത്തിൽ സ്പർശിച്ചു. യഥാർത്ഥ മനുഷ്യരുടെ ജീവിതാനുഭവങ്ങളിലും പോരാട്ടങ്ങളിലും ത്യാഗങ്ങളിലും അധിഷ്ഠിതമാണ് ഈ സിനിമയെന്നാണ്’ ചിത്രത്തെക്കുറിച്ച് നടൻ ദിൽജിത് ദോസഞ്ജ് പറഞ്ഞത്.

ഒരു കലാകാരൻ എന്ന നിലയിൽ ഇത്രയും അർത്ഥവത്തായ കഥകളുടെ ഭാഗമാകാനുള്ള അവസരങ്ങൾ വളരെ അപൂർവ്വമായാണ് ലഭിക്കാറുള്ളത്. ഈ സിനിമയുടെ തിരക്കഥ കേട്ട നിമിഷം മുതൽ എനിക്ക് വലിയൊരു ഉത്തരവാദിത്തം തോന്നിയിരുന്നു. ഇത്രയും പ്രചോദനാത്മകമായ ഒരു കഥാപാത്രത്തെ പൂർണ്ണമായ സത്യസന്ധതയോടും ബഹുമാനത്തോടും കൂടി അവതരിപ്പിക്കാൻ ഞാൻ പ്രതിജ്ഞാബദ്ധനായിരുന്നു. 'സത്‌ലുജ്' എന്നത് ദൃഢനിശ്ചയത്തിന്റെയും ധീരതയുടെയും മാനവികതയുടെയും കഥയാണ്. ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞത് എന്റെ കരിയറിലെ തന്നെ ഏറ്റവും അർത്ഥവത്തായ അനുഭവങ്ങളിൽ ഒന്നാണ് ദിൽജിത് ദോസഞ്ജ് കൂട്ടിച്ചേർത്തു.

2022ൽ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന് അപേക്ഷ നൽകിയതുമുതലാണ് ചിത്രത്തിന്റെ പ്രതിസന്ധികൾ ആരംഭിക്കുന്നത്. ഘല്ലുഘാര എന്നായിരുന്നു ചിത്രത്തിന്റെ ആദ്യ പേര്. തുടർന്ന് ഇത് 'പഞ്ചാബ് 95' എന്നാക്കി മാറ്റി. 2023 സെപ്റ്റംബറിൽ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കാൻ നിശ്ചയിച്ചിരുന്നെങ്കിലും ഇന്ത്യൻ അധികൃതരുടെ ഇടപെടലിനെ തുടർന്ന് പിൻവലിക്കേണ്ടി വന്നു.

‘തുടക്കം മുതൽ തന്നെ ഈ കഥ പൂർണ്ണമായ സത്യസന്ധതയോടും വിട്ടുവീഴ്ചകളില്ലാതെയും അവതരിപ്പിക്കാനാണ് ഞങ്ങൾ ആഗ്രഹിച്ചത്. നീണ്ട കാത്തിരിപ്പിനൊടുവിൽ ഞങ്ങളുടെ കഠിനാധ്വാനം പ്രേക്ഷകരിലേക്ക് എത്തുകയാണ്. 'സത്‌ലുജ്' എന്നത് ഒരു വ്യക്തിയുടെ മാത്രം കഥയല്ല. അത് പ്രതിസന്ധികൾക്ക് മുന്നിൽ പതറാത്ത മാനുഷിക വീര്യത്തിനുള്ള ആദരവാണ്. മഹാനായ രക്തസാക്ഷി ജസ്വന്ത് സിങ്ങിന്റെ ജീവിതത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട ഈ കഥയുടെ പ്രാധാന്യം സിനിമയുമായി സഹകരിച്ച എല്ലാവർക്കും അറിയാമായിരുന്നു’ സംവിധായകന്‍ ഹണി ട്രെഹാൻ പറഞ്ഞു.

കാണാതായ 25,000ത്തിലധികം ആളുകൾക്ക് നീതി ഉറപ്പാക്കാനായി ജസ്വന്ത് സിങ് നടത്തിയ പതിറ്റാണ്ടുകൾ നീണ്ട പോരാട്ടം സ്വന്തം ജീവിതം തന്നെ ബലികൊടുത്തുകൊണ്ടായിരുന്നു. ആർ.എസ്.വി.പി, മാക്ഗഫിൻ പിക്ചേഴ്സ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അർജുൻ രാംപാൽ, കൻവൽജിത് സിങ്, സുവിന്ദർ വിക്കി, ഗീതിക വിദ്യ ഒഹ്ല്യാൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

Tags:    
News Summary - Diljit Dosanjh's 'Sutluj' hits OTT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.