കാത്തിരിപ്പുകൾക്കൊടുവിൽ തന്റെ പുതിയ ചിത്രം 'സിതാരേ സമീൻ പർ' ന്റെ ആദ്യ പോസ്റ്റർ പുറത്തിറക്കി ആമിർ ഖാൻ. 2007 ലെ ഹിറ്റ് ചിത്രമായ 'താരേ സമീൻ പർ' ന്റെ തുടർച്ചയായ 'സിതാരേ സമീൻ പർ' ജൂൺ 20 ന് തിയറ്ററുകളിൽ എത്തും. ആമിറിനൊപ്പം ജെനീലിയ ഡിസൂസയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
കുറച്ച് കുട്ടികളോടൊപ്പം നിൽക്കുന്ന ആമിറിന്‍റെ ചിത്രമാണ് പോസ്റ്ററിൽ. അദ്ദേഹത്തിന്റെ കൈയിൽ ഒരു ബാസ്കറ്റ്ബോളുമുണ്ട്. താരെ സമീൻ പർ ദർശീൽ സഫാരിയെ നായകനായി അവതരിപ്പിച്ചപ്പോൾ, ആമിർ ഖാൻ പ്രൊഡക്ഷൻസ് സിതാരേ സമീൻ പർ എന്ന ചിത്രത്തിലൂടെ 10 പുതുമുഖ അഭിനേതാക്കളെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. അരോഷ് ദത്ത, ഗോപി കൃഷ്ണ വർമ, സംവിത് ദേശായി, വേദാന്ത് ശർമ, ആയുഷ് ബൻസാലി, ആശിഷ് പെൻഡ്സെ, ഋഷി ഷഹാനി, ഋഷഭ് ജെയിൻ, നമൻ മിശ്ര, സിമ്രാൻ മങ്കേഷ്‌കർ എന്നിവരാണ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നത്.
ചൈനയിലെ തന്റെ ആരാധക ക്ലബ്ബുകളിലൊന്നുമായുള്ള സംഭാഷണത്തിനിടെ വരാനിരിക്കുന്ന ചിത്രമായ 'സിതാരേ സമീൻ പർ' നെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ആമിർ ഖാൻ വെളിപ്പെടുത്തിയിരുന്നു. സ്പാനിഷ് ചിത്രമായ 'ചാമ്പ്യൻസ്' എന്ന സിനിമയുടെ റീമേക്കാണ് 'സിതാരേ സമീൻ പർ' എന്ന് നടൻ പറഞ്ഞു. അതിൽ താൻ 'വളരെ പരുഷനായ' ബാസ്കറ്റ്ബോൾ പരിശീലകന്റെ വേഷത്തിലാണ് അഭിനയിക്കുന്നതെന്ന് ആമിർ വ്യക്തമാക്കിയിരുന്നു.
'സിതാരേ സമീൻ പർ ഏകദേശം തയാറായിക്കഴിഞ്ഞു. താരേ സമീൻ പറിന്റെ തുടർച്ചയാണിത്. പ്രമേയപരമായി, ഇത് പത്ത് പടി മുന്നോട്ട് പോകുന്നു. ഭിന്നശേഷിക്കാരായ ആളുകളെക്കുറിച്ചാണ് ഇത്. ഇത് പ്രണയത്തെയും സൗഹൃദത്തെയും ജീവിതത്തെയും കുറിച്ചാണ്. താരേ സമീൻ പർ നിങ്ങളെ കരയിപ്പിച്ചു, പക്ഷേ ഈ സിനിമ നിങ്ങളെ ചിരിപ്പിക്കും. ഇതൊരു കോമഡിയാണ്, പക്ഷേ പ്രമേയം ഒന്നുതന്നെയാണ്' -സംഭാഷണത്തിനിടെ ആമിർ പറഞ്ഞു.
താരേ സമീൻ പറിലെ തന്റെ കഥാപാത്രമായ നികുംഭ് വളരെ സെൻസിറ്റീവ് ആയ വ്യക്തിയായിരുന്നു. ഈ സിനിമയിലെ കഥാപാത്രത്തിന്റെ പേര് ഗുൽഷൻ എന്നാണ്. അയാളുടെ വ്യക്തിത്വം നികുംഭിന് നേർ വിപരീതമാണെന്ന് തന്റെ കഥാപാത്രത്തിന്റെ വിശദാംശങ്ങൾ പങ്കുവെച്ചുകൊണ്ട് ആമിർ ഖാൻ പറഞ്ഞു. അയാൾ വളരെ പരുഷനും അരാഷ്ട്രീയ വ്യക്തിയുമാണ്. എല്ലാവരെയും അപമാനിക്കുന്ന ഭാര്യയുമായും അമ്മയുമായും വഴക്കിടുന്ന വ്യക്തിയാണെന്നും ആമിർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.