ശൈഖ് മുജീബുർ റഹ്മാന്റെ ജീവിതകഥ പറയുന്ന സിനിമയുമായി ശ്യാം ബെനഗൽ

ബംഗ്ലാദേശിന്റെ രാ‍ഷ്ട്രപിതാവായ ശൈഖ് മുജീബുർ റഹ്മാന്റെ ജീവിതകഥ പറയുന്ന സിനിമയുമായി ഇതിഹാസ ചലച്ചിത്ര സംവിധായകന്‍ ശ്യാം ബെനഗൽ. 'മുജീബ് – ദ മേക്കിങ് ഓഫ് എ നേഷൻ' എന്ന് പേരിട്ട സിനിമ ഇന്ത്യന്‍ ഫിലിം ഡെവലപ്‌മെന്റ് കോർപറേഷനും ബംഗ്ലാദേശ് ഫിലിം ഡെവലപ്‌മെന്റ് കോർപറേഷനും സംയുക്തമായാണ് നിർമിക്കുന്നത്. ബംഗ്ലാദേശി നടനായ ആരിഫിൻ ഷുവൂ ആണ് ചിത്രത്തിൽ മുജീബുർ റഹ്മാനായി വേഷമിടുന്നത്.

ശൈഖ് റഹ്മാന്റെ 102-ാം ജന്മദിനമായ മാർച്ച് 17ന് നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപറേഷന്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.

ആദ്യം സിനിമയുടെ പേര് 'ബംഗബന്ധു' എന്നായിരുന്നു നിശ്ചയിച്ചിരുന്നത്. ബംഗ്ലാദേശിന്റെ ആദ്യ പ്രസിഡന്റായും പിന്നീട് പ്രധാനമന്ത്രിയായും സേവനം ചെയ്ത മുജീബുർ റഹ്മാനെ 'ബംഗബന്ധു' എന്ന ബഹുമതിയോടെയാണ് രാജ്യം ആദരിച്ചിരുന്നത്. എന്നാൽ, റഹ്മാന്റെ മകളായ ശൈഖ് ഹസീനയുടെ നിർദ്ദേശപ്രകാരമാണ് മുജീബ് എന്ന പേര് പിന്നീട് സിനിമക്ക് നൽകിയതെന്ന് ശ്യാം ബെനഗൽ പറഞ്ഞു. മുജീബുർ റഹ്മാന്റെ കഥ പറയുന്ന ഈ ഫീച്ചർ ഫിലിം സംവിധാനം ചെയ്യാനായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിലും ബംഗ്ലാദേശിലുമായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. നുസ്രത്ത് ഇംറോസ് ടിഷ, ഫസ്‌ലുർ റഹ്മാൻ ബാബു, ചഞ്ചൽ ചൗധരി, നുസ്രത്ത് ഫാരിയ എന്നിവരാണ് ചിത്രത്തിൽ മറ്റ് വേഷങ്ങളിൽ അഭിനയിക്കുന്നത്. ഷാമ സെയ്ദിയും അതുൽ തിവാരിയും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

Tags:    
News Summary - Shyam Benegal Announces His Film Mujib, a Biopic on Sheikh Mujibur Rahman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.