വീട്ടിലെ കുളിമുറിയിൽ കയറി കരയുമായിരുന്നു; പരാജയം കൂടുതൽ ചിന്തിപ്പിച്ചു-ഷാറൂഖ് ഖാൻ

 തുടർച്ചയായുള്ള സിനിമാ പരാജയങ്ങൾ ഷാറൂഖ് ഖാനെ മാനസികമായി ഏറെ തളർത്തിയിരുന്നു. 2017ലും 2018ലും ഏറെ പ്രതീക്ഷയോടെ പുറത്ത് ഇറങ്ങിയ സീറോയും ജബ് ഹാരി മെറ്റ് സേജലും ബോക്സോഫീസിൽ തകർന്ന് അടിഞ്ഞു. തൊട്ടതെല്ലാം പൊന്നാക്കി ബോളിവുഡിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു പരാജയങ്ങൾ നടനെ തേടി എത്തിയത്.

ഇപ്പോഴിതാ സിനിമയിലെ പരാജയങ്ങൾ തരണം ചെയ്തതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് എസ്. ആർ.കെ. പത്താൻ സിനിമയുടെ വിജയാഘോഷത്തിന്റെ ഭാഗമായി മാധ്യമങ്ങളെ കാണവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പരാജയത്തെ നേരിടാൻ എല്ലാവർക്കും വ്യത്യസ്ത രീതികളുണ്ടെന്നും പരാജയങ്ങൾ തന്നെ കൂടുതൽ ചിന്തിപ്പിച്ചുവെന്നാണ് ഷാറൂഖ് ഖാൻ പറയുന്നത്.

"പരാജയത്തെ നേരിടാൻ എല്ലാവർക്കും വ്യത്യസ്ത രീതികളുണ്ട്. എന്റെ വീട്ടിൽ ഒരു പ്രത്യേക കുളിമുറിയുണ്ട്. ഞാൻ അവിടെയിരുന്നു കരയുമെന്ന് എല്ലാവർക്കും അറിയാം. ഞയറാഴ്ച സിനിമ പരാജയപ്പെട്ടാൽ തിങ്കളാഴ്ച മികച്ചത് നൽകാൻ വേണ്ടി കഠിനമായി പ്രയത്നിക്കും.

എന്റെ സിനിമകൾ പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കാതെ പോകുമ്പോൾ ഉത്തരവാദിത്തവും കുറ്റബോധവും തോന്നും. ആളുകളെ നിരാശപ്പെടുത്തിയതിൽ ഉത്തരവാദിത്തമുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഒരു സിനിമയ്ക്ക് പിന്നിൽ നൂറ് കണക്കിന് ആളുകൾ പ്രവർത്തിക്കുന്നുണ്ട്. അവരുടെ ജീവിതവും സിനിമയുമായി ബന്ധപ്പെട്ട് കിടക്കുകയാണ്. പ്രേക്ഷകരെ നിരാശപ്പെടുത്തുമ്പോൾ ഞങ്ങൾക്ക് കുറ്റബോധം തോന്നുന്നു.ഞങ്ങൾ എല്ലാവരും പരമാവധി പരിശ്രമിച്ചു. വീണ്ടും പരിശ്രമിക്കും'', ഷാറൂഖ് ഖാൻ കൂട്ടിച്ചേർത്തു.

അഞ്ച് വർഷത്തിന് ശേഷം പത്താനിലൂടെ ഷാറൂഖ് ഖാൻ ബോളിവുഡിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത പത്താൻ ഇതുവരെയുള്ള ബോക്സോഫീസ് റെക്കോർഡുകൾ ഭേദിച്ച് തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

Tags:    
News Summary - Shah Rukh Khan wept in washroom when films weren't working, here's what he did next

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.