ഷാരൂഖ് ഖാനും മകൻ എബ്രാം ഖാനും മെസ്സിയോടൊപ്പം
ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയോടൊത്ത് വേദി പങ്കിട്ട് ആരാധകരെ ആവേശഭരിതരാക്കിയിരിക്കുകയാണ് ഷാരൂഖ് ഖാൻ. ഏറെ ചർച്ച ചെയ്യപ്പെട്ട കൂടിക്കാഴ്ചക്കായി ഇന്നു രാവിലെയാണ് ഷാരൂഖ് കൊൽക്കത്തയിൽ എത്തിയത്. ഇത്തവണ ഷാരൂഖിനോടൊപ്പം ഇളയ മകൻ അബ്‌റാം ഖാനുമുണ്ടെന്നതാണ് പ്രധാന ആകർഷണം.
ശനിയാഴ്ച പുലർച്ചെയാണ് ഷാരൂഖ് മകൻ അബ്രാമിനൊപ്പം കൊൽക്കത്തയിൽ എത്തിയത്. താരത്തോടൊപ്പം മാനേജർ പൂജ ദദ്‌ലാനിയും ഉണ്ടായിരുന്നു. ഷാരൂഖ് വിമാനത്താവളത്തിൽ നിന്ന് പുറത്തുവരുന്നതിന്‍റെ നിരവധി വിഡിയോകൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മെസ്സിയോടൊത്ത് ഫോട്ടോ എടുക്കുന്ന എബ്രാമിന്‍റെ ചിത്രങ്ങളാണിപ്പോൾ വൈറലാകുന്നത്.
ഡിസംബർ 13ന് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ഒരു പരിപാടിയിൽ ആഗോള ഫുട്ബോൾ ഇതിഹാസത്തോടൊപ്പം വേദി പങ്കിടുമെന്ന് വ്യാഴാഴ്ച ഷാരൂഖ് സോഷ്യൽ മീഡിയയിൽ തമാശ രൂപേണ പറഞ്ഞിരുന്നു. എന്നാലിപ്പോൾ മെസ്സിയോടൊപ്പം പ്രതിമ അനാച്ഛാദന ചടങ്ങിൽ വേദി പങ്കിടുന്ന ഷാരൂഖിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങൾ കീഴടക്കുകയാണ്.
ശനിയാഴ്ച പുലർച്ചെയാണ് ഫുട്ബോൾ താരം ലയണൽ മെസ്സി കൊൽക്കത്തയിൽ വിമാനമിറങ്ങിയത്. തങ്ങളുടെ സ്വപ്ന താരത്തെ ഒരു നോക്ക് കാണാൻ ആയിരക്കണക്കിന് ആരാധകരാണ് നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തടിച്ചുകൂടിയത്. കൊൽക്കത്ത ഉൾപ്പെടെ നാല് നഗരങ്ങളിലായി നടക്കുന്ന മൂന്ന് ദിവസത്തെ ഗോട്ട് ഇന്ത്യ ടൂർ 2025നായാണ് മെസ്സി ഇന്ത്യയിൽ എത്തിയത്.
അദ്ദേഹത്തിനുള്ള ആദരമായി ലോകകപ്പും കയ്യിലേന്തിയുള്ള 70 അടി ഉയരമുള്ള കൂറ്റൻ പ്രതിമ കൊൽക്കത്തയിലെ വി.ഐ.പി റോഡിൽ ഉയർന്നു. മോണ്ടി പോളാണ് ശിൽപി. തന്റെ ‘ഗോട്ട്’ (ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം) ടൂറിന്റെ ഭാഗമായി കൊൽക്കത്ത നഗരത്തിൽ കാലുകുത്തിയ മെസ്സി സ്വന്തം പ്രതിമ അനാച്ഛാദനം ചെയ്യും.
എട്ടു തവണ ബാലൺ ഡി ഓർ ജേതാവായ മെസ്സി ക്ലബ്ബ് സഹതാരങ്ങളായ ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവർക്കൊപ്പമാണ് മെസ്സി കൊൽക്കത്തയിൽ പ്രതിമ അനാച്ഛാദനം ചെയ്യക. ടൂർ ശനിയാഴ്ച രാവിലെ 10.30ന് കൊൽക്കത്തയിൽ ആരംഭിച്ച് ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്ക് നീങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.