മുംബൈ പോലുള്ള തിരക്കേറിയ മഹാനഗരത്തിൽ ഷാരൂഖ് ഖാന്‍റെ ഒരു ചിത്രം കാരണം നൂറുകണക്കിന് വിവാഹങ്ങൾ മാറ്റിവെക്കുന്നു. എന്നാൽ ഇതിന് പിന്നിൽ രസകരമായ ഒരു കഥയുണ്ട്. 2001 കാലഘട്ടത്തിൽ മുംബൈയിൽ നൂറുകണക്കിന് വിവാഹങ്ങൾ മാറ്റിവെച്ചു. അതിന് കാരണമായതാകട്ടെ 2002ൽ സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത 'ദേവദാസും'. അടുത്തിടെ ചിത്രത്തിന്റെ ഛായാഗ്രാഹകനായ ബിനോദ് പ്രധാൻ ദേവദാസ് സെറ്റിലെ അനുഭവങ്ങളെ കുറിച്ച് സംസാരിക്കവെയാണ് ഈ രസകര സംഭവം പുറത്ത് വന്നത്.
ശരത്ചന്ദ്ര ചതോപാധ്യായയുടെ അതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു ദേവദാസ്. ഷാരൂഖ് ഖാൻ, ഐശ്വര്യ റായ്, മാധുരി ദീക്ഷിത് എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ച ചിത്രത്തിന് ഇപ്പോഴും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
'മുംബൈയിലായിരുന്നു ദേവദാസിന്‍റെ ചിത്രീകരണം. ആ സെറ്റിനായി മുംബൈയിൽ ലഭ്യമായ എല്ലാ ജനറേറ്ററുകളും അന്ന് ഉപയോഗിച്ചിരുന്നു. വലിയ പ്രദേശമായതിനാൽ ഒരുപാട് ജനറേറ്ററുകൾ ഉപയോഗിക്കേണ്ടിവന്നു. വിവാഹങ്ങളിൽ ഉപയോഗിക്കാൻ ജനറേറ്ററുകൾ ഇല്ലാത്തതിനാൽ ആ കാലത്ത് നടന്ന നിരവധി വിവാഹങ്ങൾ റദ്ദാക്കിയിരുന്നു'. ബിനോദ് പറയുന്നു.
50 കോടി രൂപ ബജറ്റിൽ നിർമിച്ച ദേവദാസ് അക്കാലത്തെ ഏറ്റവും ചെലവേറിയതും കളക്ഷൻ നേടിയതുമായ ഇന്ത്യൻ ചിത്രമായിരുന്നു. 50മത് ദേശീയ ചലച്ചിത്ര അവാർഡുകളിൽ അഞ്ച് അവാർഡുകൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയ ചിത്രം 2002ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ ചെയ്തതിന് ശേഷമാണ് റിലീസ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.