സത്യൻ അന്തിക്കാട് മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിന്‍റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സംവിധായകന്റേത് തന്നെയാണ് ചിത്രത്തിന്റെ കഥ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന് നവാഗതനായ സോനു ടി.പിയാണ് തിരക്കഥയെഴുതുന്നത്.
സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണിത്. ആശിർവാദ് സിനിമാസും സത്യൻ അന്തിക്കാടും ഒത്തുചേരുന്ന അഞ്ചാമതു ചിത്രമാണിത്. 2015ൽ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിലായിരുന്നു മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് ഒടുവിൽ ഒന്നിച്ചത്. മോഹൻലാലും മഞ്ജു വാര്യരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ വലിയ വിജയമായിരുന്നു. ഒൻപതു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് വീണ്ടും മോഹൻലാൽ നായകനാകുന്ന സത്യൻ അന്തിക്കാട് ചിത്രമെത്തുന്നത്. 2022ൽ ജയറാം–മീര ജാസ്മിൻ എന്നിവരൊന്നിച്ച 'മകൾ' എന്ന ചിത്രമാണ് സത്യൻ അന്തിക്കാടിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
സന്ദീപ് ബാലകൃഷ്ണൻ എന്നാണ് ഈ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. വളരെ പ്ലസന്റായിരിക്കുന്ന ഒരു ചിത്രമായിരിക്കം ഹൃദയപൂർവമെന്ന് സംവിധായകൻ വ്യക്തമാക്കി. മറ്റു വിശദാംശങ്ങളിലേക്കു തത്ക്കാലം കടക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാളവികാ മോഹൻ നായികയാകുന്ന ഈ ചിത്രത്തിൽ സംഗീത, ലാലു അലക്സ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവർക്കൊപ്പം ഏതാനും പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.
എഡിറ്റിംഗ് - കെ.രാജഗോപാൽ, കലാസംവിധാനം - പ്രശാന്ത് മാധവ്, മേക്കപ്പ് -പാണ്ഡ്യൻ, കോസ്റ്റ്യും ഡിസൈൻ -സമീറാ സനീഷ്, സഹസംവിധാനം - ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശ്രീഹരി, പ്രൊഡക്ഷൻ മാനേജർ - ആദർശ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ - ബിജു തോമസ്, ഫോട്ടോ - അമൽ.സി. സദർ, പി.ആർ.ഒ- വാഴൂർ ജോസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.