ഹേര ഫേരി

വിവാദങ്ങളിൽ കിതച്ച് ‘ഹേര ഫേരി 3’; ചിത്രത്തിന്റെ പൂർണ അവകാശം തങ്ങൾക്കെന്ന് അക്ഷയ് കുമാറിന്റെ പ്രൊഡക്ഷൻ ഹൗസ്

മുംബൈ: ബോളിവുഡിലെ ഹിറ്റ് കോമഡി ഫ്രാഞ്ചൈസിയായ 'ഹേര ഫേരി'യുടെ മൂന്നാം ഭാഗം വീണ്ടും വിവാദങ്ങളിൽ. ചിത്രത്തിന്റെ അവകാശത്തെച്ചൊല്ലിയുള്ള നിയമതർക്കങ്ങൾക്കിടെ, ഹേര ഫേരി 3യുടെ പൂർണ അവകാശം തങ്ങൾക്കാണെന്ന് വ്യക്തമാക്കി അക്ഷയ് കുമാറിന്റെ ഉടമസ്ഥതയിലുള്ള കേപ് ഓഫ് ഗുഡ് ഫിലിംസ് രംഗത്ത്.

ഹേര ഫേരി 3യുടെ നിർമാണം, വിതരണം, വിപണനം എന്നിവക്കുള്ള സമ്പൂർണ്ണവും നിയമപരവുമായ അവകാശങ്ങൾ തങ്ങൾക്കാണെന്ന് കേപ് ഓഫ് ഗുഡ് ഫിലിംസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കുന്നു. കമ്പനിയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ മൂന്നാം കക്ഷികളുമായി ഇടപാടുകൾ നടത്തരുതെന്ന് എല്ലാ സ്റ്റേക്ക്‌ഹോൾഡർമാർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഹേര ഫേരി ഫ്രാഞ്ചൈസിയുടെ എല്ലാ അവകാശങ്ങളും അക്ഷയ് കുമാർ 10 കോടി രൂപക്ക് ഫിറോസ് നദിയാദ്‌വാലയിൽ നിന്ന് വാങ്ങിയതായി സംവിധായകൻ പ്രിയദർശൻ നേരത്തെ ഒരു അഭിമുഖത്തിൽ സ്ഥിരീകരിച്ചിരുന്നു. ഈ കരാർ രേഖകൾ താൻ നേരിട്ട് കണ്ടതാണെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഫിറോസ് നദിയാദ്‌വാലക്ക് ഈ ഫ്രാഞ്ചൈസിയുടെ ഉടമസ്ഥാവകാശം ഇല്ലെന്നാരോപിച്ച് ഒരു തെന്നിന്ത്യൻ നിർമാണ കമ്പനി മദ്രാസ് ഹൈകോടതിയെ സമീപിച്ചതോടെയാണ് നിയമതർക്കങ്ങൾ തുടങ്ങിയത്.

1989ൽ പുറത്തിറങ്ങിയ 'റാംജി റാവു സ്പീക്കിങ്' എന്ന ചിത്രത്തിന്റെ റീമേക്ക് അവകാശം മാത്രമേ ഫിറോസിനുള്ളുവെന്നും, എന്നാൽ അദ്ദേഹം ഫ്രാഞ്ചൈസിയുടെ അവകാശം പിന്നീട് അക്ഷയ് കുമാറിന് കൈമാറുകയായിരുന്നുവെന്നുമാണ് പരാതി.

അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് സംവിധായകൻ പ്രിയദർശൻ ചിത്രത്തിൽ നിന്ന് പിന്മാറിയിരുന്നു. നിർമാതാവ് ഫിറോസ് നദിയാദ്‌വാല തന്നെ പലതവണ അപമാനിച്ചുവെന്നും, അക്ഷയ് കുമാറും സുനിൽ ഷെട്ടിയും പരേഷ് റാവലും ആവശ്യപ്പെട്ടതുകൊണ്ടാണ് താൻ ഈ പ്രോജക്റ്റുമായി സഹകരിക്കാൻ തയാറായതെന്നും പ്രിയദർശൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

മലയാളം ക്ലാസിക് ചിത്രമായ റാംജി റാവു സ്പീക്കിങ്ങിന്‍റെ ന്റെ ഹിന്ദി പതിപ്പായ 'ഹേര ഫേരി' ബോളിവുഡിലെ എക്കാലത്തെയും മികച്ച കോമഡി ചിത്രങ്ങളിൽ ഒന്നാണ്. മൂന്നാം ഭാഗം കൂടി എത്തുന്നതോടെ വലിയൊരു വിജയമായിരിക്കും ഇതെന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ തുടർച്ചയായുണ്ടാകുന്ന ഈ നിയമപ്രശ്നങ്ങൾ ചിത്രത്തിന്റെ അണിയറപ്രവർത്തകരെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

Tags:    
News Summary - Akshay Kumar’s Banner Claims Rights to 'Hera Pheri 3'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.