പൃഥ്വിരാജ്
മലയാള സിനിമയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച 'ലൂസിഫർ' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ തുടർഭാഗങ്ങളെക്കുറിച്ചുള്ള ആകാംക്ഷയിലാണ് ആരാധകർ. ഇപ്പോഴിതാ, ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'എമ്പുരാൻ' മാത്രമല്ല, മൂന്നാം ഭാഗവും തീർച്ചയായും സംഭവിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മൂന്ന് ഭാഗങ്ങളുള്ള ഒരു ഫ്രാഞ്ചൈസി ആയാണ് 'എമ്പുരാൻ' വിഭാവനം ചെയ്തിരിക്കുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞു. ‘ലൂസിഫർ ചെയ്യുന്ന സമയത്ത് രണ്ടാം ഭാഗമോ മൂന്നാം ഭാഗമോ ഉണ്ടാകുമോ എന്ന കാര്യത്തിൽ ഞങ്ങൾക്ക് വലിയ ഉറപ്പില്ലായിരുന്നു. എന്നാൽ, എമ്പുരാൻ ചിത്രീകരിക്കുന്ന സമയത്ത് അതിന്റെ മൂന്നാം ഭാഗം ചെയ്യാനാകുമെന്ന പൂർണ്ണ ആത്മവിശ്വാസം ഞങ്ങൾക്കുണ്ടായിരുന്നു’ പൃഥ്വിരാജ് വ്യക്തമാക്കി.
എമ്പുരാൻ എന്ന ചിത്രം ഒരു കഥയുടെ മധ്യഭാഗമായിരിക്കുമെന്ന് മുൻകൂട്ടി തീരുമാനിച്ചാണ് തിരക്കഥ തയാറാക്കിയത്. കഥയെ ഒരു നിശ്ചിത പോയിന്റ് വരെ എത്തിച്ച്, മൂന്നാം ഭാഗത്തിന് വഴിയൊരുക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ ഘടനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ തിരക്കഥാകൃത്ത് മുരളി ഗോപിയുടെ പക്കൽ മൂന്നാം ഭാഗത്തെക്കുറിച്ചുള്ള വ്യക്തമായ ധാരണയുണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞു.
‘മൂന്നാം ഭാഗത്തിന്റെ കഥയെക്കുറിച്ച് മുരളിക്ക് കൃത്യമായ ഐഡിയയുണ്ട്. അത് എന്നോട് പങ്കുവെച്ചിട്ടുണ്ട്. ആ ആശയത്തെക്കുറിച്ച് ഞങ്ങൾ രണ്ടുപേരും വളരെ ആവേശത്തിലാണ്. എന്തായാലും അത് സംഭവിക്കണം’ പൃഥ്വിരാജ് വ്യക്തമാക്കി. മൂന്നാം ഭാഗം സംഭവിക്കുമെന്ന് ഉറപ്പിച്ചു പറയുമ്പോഴും, പൃഥ്വിരാജിന് മുന്നിലുള്ള പ്രധാന വെല്ലുവിളി സമയമാണ്. നിരവധി ബ്രഹ്മാണ്ഡ പ്രോജക്റ്റുകളാണ് താരത്തിന്റെ പക്കലുള്ളത്.
എസ്.എസ് രാജമൗലിക്കൊപ്പമുള്ള വാരാണസി, രാഹുൽ സദാശിവന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഒടിയൻ: ദ ഏജ് ഓഫ് ഇല്ല്യൂഷൻ, ഖലീഫയുടെ രണ്ടാം ഭാഗം തുടങ്ങിയ വലിയ ചിത്രങ്ങളുടെ തിരക്കിലാണ് താരം. ഈ തിരക്കുകൾക്കിടയിൽ നിന്ന് മൂന്നാം ഭാഗത്തിനായി ഒരു സമയം കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയായിരിക്കുമെന്ന് അദ്ദേഹം സമ്മതിക്കുന്നു. എന്തായാലും, സ്റ്റീഫൻ നെടുമ്പള്ളി എന്ന ആരാധകരുടെ പ്രിയപ്പെട്ട കഥാപാത്രം വെള്ളിത്തിരയിൽ വീണ്ടും എത്തുമെന്ന് ഉറപ്പായതോടെ വലിയ ആവേശത്തിലാണ് സിനിമാ പ്രേമികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.