കാന്ത സിനിമ പോസ്റ്റർ
സെൽവമണി സെൽവരാജ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ദുൽഖർ സൽമാൻ ചിത്രമാണ് കാന്ത. ചിത്രം നിർമിച്ചിരിക്കുന്നത് ദുൽഖറിന്‍റെ തന്നെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസും റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയും ചേർന്നാണ്. പ്രേക്ഷകർ വളരെയധികം പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയുടെ റിലീസ് ലോകയുടെ കുതിപ്പിനെത്തുടർന്ന് മാറ്റിവെച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ ട്രെയിലർ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.
കാന്തയുടെ ട്രെയിലർ സെൻസറിങ് കഴിഞ്ഞെന്നുള്ള അപ്ഡേറ്റ് ആണ് പുറത്തുവന്നിരിക്കുന്നത്. രണ്ട് മിനിറ്റ് 53 സെക്കന്റ് ഉള്ള ട്രെയ്‌ലർ ആണ് പ്രേക്ഷകർക്കായി ഒരുങ്ങുന്നത്. ട്രെയ്‌ലർ എന്ന് പുറത്തിറങ്ങുമെന്ന കാര്യം പുറത്തുവിട്ടിട്ടില്ല. അതേസമയം, ദീപാവലിയോട് അനുബന്ധിച്ച് ട്രെയിലർ പുറത്തുവിടുമെന്നാണ് പ്രതീക്ഷ. സെപ്റ്റംബർ 12 നായിരുന്നു സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നത്. 'ദ ഹണ്ട് ഫോർ വീരപ്പൻ' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകനാണ് സെൽവമണി സെൽവരാജ്. രണ്ട് വലിയ കലാകാരൻമാർക്കിടയിൽ സംഭവിക്കുന്ന ഒരു വമ്പൻ പ്രശ്നത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. പ്രണയം, ഈഗോ, കല, വൈകാരികത എന്നിവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.
1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത്. ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് 'കാന്ത'. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന ചിത്രം കൂടിയാണ് "കാന്ത". ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റർ, എഡിറ്റർ- ലെവെലിൻ ആന്റണി ഗോൺസാൽവേസ്, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, സഞ്ജന ശ്രീനിവാസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.