ഉണ്ണി വ്ളോഗ്‍സിനോടും അമ്മയോടും ക്ഷമ ചോദിക്കുന്നു, കുറച്ചു സമയത്തേക്ക് ഞാൻ ഞാനല്ലാതെയായിപ്പോയി; സംവിധായകന്‍ അനീഷ് അന്‍വര്‍

യൂട്യൂബർ ഉണ്ണി വ്ളോഗ്‍സിനെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചതിന് ക്ഷമ ചോദിച്ച് സംവിധായകൻ അനീഷ് അൻവർ. മനപ്പൂർവം അധിക്ഷേപിക്കാനോ വിഷമിപ്പിക്കാനോ വേണ്ടി പറഞ്ഞതല്ലെന്നും ആ സമയത്തെ മാനസികാവസ്ഥയിൽ സംഭവിച്ചു പോയതാണെന്നും അനീഷ് ഫേസ്ബുക്കിൽ കുറിച്ചു. തന്റെ പുതിയ സിനിമയായ രാസ്തയുടെ റിവ്യൂവുമായി ബന്ധപ്പെട്ടുണ്ടായ സംഭഷണത്തിലാണ് അദ്ദേഹത്തിനോട് മോശമായി സംസാരിക്കേണ്ടി വന്നത്. ഞാനൊരിക്കലും അത്തരത്തിലൊരാളല്ല. എന്റെ പരാമർശങ്ങൾ ഉണ്ണിയെ വേദനിപ്പിച്ചതിൽ ആത്മാർഥമായി അദ്ദേഹത്തിനോടും അമ്മയോടും ക്ഷമ ചോദിക്കുന്നു; സംവിധായകൻ കൂട്ടിച്ചേർത്തു.

'ഞാൻ അനീഷ് അൻവർ , എന്റെ പുതിയ സിനിമ "രാസ്ത" ഇറങ്ങിയപ്പോൾ "ഉണ്ണി വ്ലോഗ്‌സിൽ" അതിന്റെ റിവ്യൂ വിഡിയോയുമായി ബന്ധപ്പെട്ടു അദ്ദേഹവുമായി ഫോൺ സംഭാഷണം ഉണ്ടാവുകയും , അപ്പോഴത്തെ എന്റെ മാനസികാവസ്ഥയിൽ അദ്ദേഹത്തെ വിഷമിപ്പിക്കുന്ന രീതിയിൽ എനിക്ക് സംസാരിക്കേണ്ടി വരികയും ചെയ്തിരുന്നു . കഴിഞ്ഞ മൂന്ന് ആഴ്ചയായി അതുമായി ബന്ധപ്പെട്ട് വല്ലാതെ വിഷമിച്ചുപോയ ദിവസങ്ങളായിരുന്നു, മാനസികമായി ഒരുപാടു തളർന്നു പോയിരുന്നു, അദ്ദേഹത്തിന്റെ അവസ്ഥയും അങ്ങിനെതന്നെ ആയിരിക്കുമെന്ന് കരുതുന്നു . തീർച്ചയായും അദ്ദേഹത്തിന്റെ അമ്മയെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചു പോയതിൽ അദ്ദേഹത്തോടും, അദ്ദേഹത്തിന്റെ അമ്മയോട് (പ്രത്യേകിച്ച് ) ആത്മാർഥമായി ക്ഷമ ചോദിക്കുകയാണ് .സത്യത്തിൽ അമ്മയെ നേരിൽക്കണ്ട് ക്ഷമ ചോദിക്കാനും ആഗ്രഹമുണ്ട്.കുറച്ചു സമയത്തേക്ക് ഞാൻ ഞാനല്ലാതെയായിപ്പോയി .

എന്റെ മറ്റു സംഭാഷങ്ങൾ ഉണ്ണിക്കു "ജാതി" അധിക്ഷേപമായി തോന്നുകയും ചെയ്തു എന്ന് എനിക്ക് പിന്നീട് മനസ്സിലായി .ഒരിക്കലുമതു മനപ്പൂർവം ചെയ്തതല്ല. മനപ്പൂർവം അധിക്ഷേപിക്കാനോ , വിഷമിപ്പിക്കാനോ വേണ്ടി പറഞ്ഞതല്ല ഒന്നും, ആ സമയത്തെ എന്റെ emotions ഇന്റെ പുറത്തു സംഭവിച്ചു പോയ പിഴവുകളാണ് . അദ്ദേഹം അത് മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.ഞാനൊരിക്കലും അത്തരത്തിലൊരാളല്ല , എന്റെ പരാമർശങ്ങൾ ഉണ്ണിയെ വേദനിപ്പിച്ചതിൽ "ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. "എന്റെ പ്രവർത്തി കൊണ്ട് വിഷമിച്ച "ഓരോരുത്തരോടും ഈ അവസരത്തിൽ എന്റെ ഖേദം അറിയിക്കുകയാണ് ".

ഉണ്ണിക്കോ അദ്ദേഹവുമായി ബന്ധപ്പെട്ട ആർക്കുമോ ഇതിന്റെ പേരിൽ ഒരുപദ്രവവും എന്നിൽ നിന്നോ, എന്റെ ബന്ധുമിത്രാദികളിൽ നിന്നോ ഉണ്ടാവില്ലെന്ന് ഞാൻ ഉറപ്പു തരുന്നു. നിറഞ്ഞ ആത്മാർത്ഥതയോടെയാണ് ഞാൻ ഈ എഴുത്തു ഇവിടെ പോസ്റ്റ് ചെയ്യുന്നത്'- അനീഷ് അൻവർ കുറിച്ചു.

സംവിധായകന്‍ തന്നെ ജാതീയമായി അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തുവെന്ന് കാട്ടി ഉണ്ണി വ്ലോഗ്സ് ആലുവ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. അനീഷ് അൻവർ സംവിധാനം ചെയ്ത 'രാസ്ത' എന്ന സിനിമയെക്കുറിച്ചുള്ള റിവ്യൂ ചെയ്തതിന്റെ പേരിൽ ജാതിപരമായി അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു എന്നായിരുന്നുകേസ്.

ജനുവരിയിലാണ് രാസ്ത റിലീസ് ചെയ്തത്.  സർജാനോ ഖാലിദ്, അനഘ നാരായണൻ, ആരാധ്യ ആൻ, സുധീഷ്, ഇർഷാദ് അലി, ടി.ജി. രവി, അനീഷ് അൻവർ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തിയത്. സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ബഷീറിന്റെ പ്രേമലേഖനം തുടങ്ങിയവയാണ് യ്ത അനീഷ് അൻവർ ഒരുക്കിയ  മറ്റു ചിത്രങ്ങൾ.

Tags:    
News Summary - Rasta Movie Director Aneesh Anwar Apologized Vloger Unni

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.