രശ്മിക മന്ദാന
കഴിഞ്ഞ കുറച്ചു ദിവസങ്ങളായ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്ന താരമാണ് രശ്മിക മന്ദാന. രശ്മികയും വിജയ് ദേവരകൊണ്ടയും വിവാഹിതരാകുന്നു എന്ന വിവരം വിജയുടെ തന്നെ ടീം പുറത്തുവിട്ടിരുന്നു. കൂടാതെ രശ്മികയുടെ ഏറ്റവും പുതിയ സിനിമയായ തമ്മ തിയറ്ററുകളിൽ പ്രദർശനം തുടർന്നു കൊണ്ടിരിക്കുകയാണ്.
ഇതിനിടെയാണ് രശ്മിക വളരെ നല്ല ഒരു വ്യക്തിയാണെന്നും വർക്കിന്‍റെ കാര്യത്തിൽ അവർ മുഴുവൻ ആത്മാർഥതയും പുലർത്തുന്നുണ്ടെന്നും സിനിമ നിർമാതാവായ എസ്.കെ.എൻ (ശ്രീനിവാസ കുമാർ) പരാമർശിച്ചത്. അവർ വർക്കിന് ഒരു സമയ പരിധി വെച്ചിരുന്നില്ല എന്നും എപ്പോഴാണ് ആവശ്യമുള്ളത് അപ്പോഴെല്ലാം അവൈലബിൾ ആയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദീപിക പദ്കോണിന്‍റെ എട്ടു മണിക്കൂർ ഷിഫ്റ്റ് വിവാദമായിരിക്കുന്ന സന്ദർഭത്തിൽ രശ്മികയുടെ അധിക സമയ ജോലി ചർച്ചയായി. എന്നാലിപ്പോൾ ഇതിനു പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം.
"ഞാൻ പലപ്പോഴും അധിക ജോലി ചെയ്യാറുണ്ട്. എന്നാൽ അതാർക്കും ഞാൻ ശിപാർശ ചെയ്യുന്നില്ല. അത് അത്ര നല്ല കാര്യവുമല്ല. നിങ്ങൾക്ക് എന്താണോ സൗകര്യം അതിനനുസരിച്ച് പ്രവർത്തിക്കുക. എന്താണ് നല്ലതെന്ന് തോന്നുന്നത് അത് ചെയ്യുക. എട്ടോ, ഒമ്പതോ, പത്തോ മണിക്കൂര്‍ മാത്രം ജോലി ചെയ്യുക. അത് ഭാവിയില്‍ നിങ്ങള്‍ക്ക് രക്ഷയാകും. ജോലി സമയത്തെ ചൊല്ലി ഈ അടുത്തു വന്ന പല സംസാരങ്ങളും ഞാൻ കേട്ടിരുന്നു. ഞാൻ രണ്ടും ചെയ്തിട്ടുണ്ട്. നിങ്ങൾ നിങ്ങളുടെ താൽപര്യം അനുസരിച്ചുമാത്രം നിൽക്കുക." ന്യൂസ് മീഡിയ വെബ്സൈറ്റായ ഗർട്ടിന് നൽകിയ അഭിമുഖത്തിൽ രശ്മിക പറഞ്ഞു.
ഒരു സാധാരണ മനുഷ്യന് ചെയ്യാനാവുന്നതിനേക്കാള്‍ കൂടുതല്‍ ജോലി താന്‍ ഏറ്റെടുക്കാറുണ്ടെന്നും ഒരു കാര്യം ചെയ്യാനാവില്ലെന്ന് ടീം അംഗങ്ങളോട് പറയുന്നയാളല്ല താനെന്നും രശ്മിക വ്യക്തമാക്കി. ടീം അംഗങ്ങള്‍ എന്തെങ്കിലും പ്രയാസം നേരിടുന്നുണ്ടെന്ന് മനസിലാക്കിയാല്‍ താന്‍ അവര്‍ക്കൊപ്പമാണ് നില്‍ക്കുകയെന്നും നടി പറഞ്ഞു.
"എങ്കിലും അഭിനേതാക്കളെ കൊണ്ട് കൂടുതൽ സമയം ജോലി ചെയ്യിക്കരുതെന്നേ ഞാൻ പറയൂ. അഭിനേതാക്കള്‍ മാത്രമല്ല സംവിധായകര്‍, ലൈറ്റ്മാന്‍മാര്‍, സംഗീതം അങ്ങനെ എല്ലാവര്‍ക്കും ഒൻപത് മണി മുതല്‍ ആറ് മണി വരെ, അല്ലെങ്കില്‍ അഞ്ച് മണി വരെ ഞങ്ങള്‍ക്ക് ഒരു സമയം അനുവദിക്കുക. കാരണം ഞങ്ങള്‍ക്ക് കുടുംബ ജീവിതത്തില്‍ കൂടി ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ഉറങ്ങേണ്ടതുണ്ട്. വ്യായാമം ചെയ്യേണ്ടതുണ്ട്. ചെറുപ്രായത്തില്‍ ആരോഗ്യവും ഫിറ്റ്‌നസും ഉള്ളയാളായിരുന്നെങ്കില്‍ എന്ന് ഞാന്‍ പിന്നീട് ഖേദിക്കരുത്- രശ്മിക പറഞ്ഞു.
രശ്മിക മന്ദാനയുടെ ഏറ്റവും പുതിയ റൊമാന്‍റിക് ചിത്രമായ 'ദി ഗേൾഫ്രണ്ടിന്‍റെ' റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രം നവംബറിൽ തിയറ്ററുകളിൽ എത്തുമെന്നാണ് പുറത്തുവരുന്ന വിവരം. ചിത്രത്തിന്‍റെ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തിൽ രശ്മികയുടെ നായകനായി എത്തുന്നത് ദീക്ഷിത് ഷെട്ടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.