മുഖ്യമന്ത്രി വിജയിയുടെ ‘ജനനായകന്’ പ്രദർശനാനുമതി നൽകി സെൻസർ ബോർഡ്; റിലീസ് ഉടൻ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് നായകനാകുന്ന ‘ജന നായകൻ’ സിനിമക്ക് പ്രദർശനാനുമതി നൽകി സെൻസർ ബോർഡ്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സി.ബി.എഫ്.സി) എ സർട്ടിഫിക്കറ്റ് അനുവദിച്ചതോടെ ചിത്രം തിയറ്ററുകളിൽ ഉടൻ റിലീസിനെത്തും.

മാസങ്ങളായി നീണ്ടുനിന്ന സെൻസർ വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും ശേഷമാണ് ചിത്രം തിയറ്ററുകളിലെത്തുക. 183 മിനിറ്റ് (മൂന്ന് മണിക്കൂർ മൂന്ന് മിനിറ്റ്) ദൈർഘ്യമുള്ളതാണ് ചിത്രം. ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് സി.ബി.എഫ്.സി വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തിട്ടുണ്ടെങ്കിലും എത്ര കട്ടുകൾ വീണിട്ടുണ്ടെന്ന ‘കട്ട് ലിസ്റ്റ്’ ഇതുവരെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തിട്ടില്ല.

2025 ഡിസംബറിലാണ് ചിത്രം സർട്ടിഫിക്കേഷനായി സമർപ്പിച്ചത്. എന്നാൽ, നടപടി ക്രമങ്ങൾ മാസങ്ങളോളം നീളുകയായിരുന്നു. സംവിധായകൻ എച്ച്. വിനോദ് ഒരുക്കുന്ന ചിത്രത്തിന് നേരത്തെ സെൻസർ നടപടികളുമായി ബന്ധപ്പെട്ട് വലിയ പ്രതിസന്ധി നേരിട്ടിരുന്നു. ആദ്യം ലഭിക്കുമെന്ന് പ്രതീക്ഷിച്ച സർട്ടിഫിക്കറ്റ് വൈകിയതിനെ തുടർന്ന് നിർമാതാക്കൾ കോടതിയെ സമീപിക്കുകയും റിലീസ് പലതവണ മാറ്റിവെക്കുകയും ചെയ്തിരുന്നു. ഒടുവിൽ ചില നിർദേശിച്ച മാറ്റങ്ങൾ ഉൾപ്പെടുത്തി ചിത്രത്തിന് 'എ' സർട്ടിഫിക്കറ്റ് ലഭിച്ചതായാണ് റിപ്പോർട്ട്.

പൂജ ഹെഗ്ഡെ, ബോബി ഡിയോൾ, പ്രിയാമണി, മമിത ബൈജു, പ്രകാശ് രാജ്, നരേൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. സംഗീതം അനിരുദ്ധ് രവിചന്ദർ. കെ.വി.എൻ പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ നിർമാണം.

സെൻസർ നടപടികൾ പൂർത്തിയായതോടെ ചിത്രം ജൂലൈ അവസാനവാരം തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ജൂലൈ 24 ആണ് റിലീസിനായി പരിഗണിക്കുന്നതെന്നാണ് വിവരം. എന്നാൽ റിലീസ് തീയതി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നിർമാതാക്കൾ ഇതുവരെ നടത്തിയിട്ടില്ല.

വിജയ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുമ്പ് അവസാനമായി അഭിനയിച്ച ചിത്രമാണ് ജനനായകൻ. തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം വൻ വിജയം നേടുകയും വിജയ് മുഖ്യമന്ത്രിയാകുകയും ചെയ്തതോടെ ആരാധകർ വലിയ ആകാംക്ഷയോടെയാണ് ചിത്രത്തെ നോക്കി കാണുന്നത്.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഈ വർഷം ജനുവരി ഒമ്പതിന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം അവസാന നിമിഷം സെൻസർ ബോർഡ് തടയുകയായിരുന്നു. തുടർന്ന് നിർമാതാക്കൾ കോടതിയെ സമീപിച്ചെങ്കിലും വിധി അനുകൂലമായിരുന്നില്ല. കൂടാതെ ചിത്രം ഇന്റർനെറ്റിൽ ചോർന്നതും റിലീസിനെ വലിയ രീതിയിൽ ബാധിച്ചിരുന്നു.

Tags:    
News Summary - Vijays Jana Nayagan Gets A Certificate From Censor Board

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.