ജിദ്ദയിൽ നടന്ന റെഡ് സീ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പാക് സിനിമകളോടുള്ള താൽപര്യത്തെ കുറിച്ച് നടൻ രൺബീർ കപൂർ പറഞ്ഞത് വലിയ വിവാദമായിരുന്നു.കലക്ക് പ്രത്യേകിച്ച് അതിരുകളില്ലെന്നും നല്ല ചിത്രങ്ങൾ ലഭിച്ചാൽ അഭിനയിക്കുമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
എന്നാൽ പാക് ചിത്രങ്ങളോടുള്ള താൽപര്യം തുറന്നു പറഞ്ഞ നടനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കുകയാണ് രൺബീർ. തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്നാണ് രൺബീർ പറയുന്നത്. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
'എന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതായി തോന്നുന്നു. ചലച്ചിത്ര മേളയിൽ വെച്ച് നല്ല കഥകൾ ലഭിച്ചാൽ പാകിസ്താനി ചിത്രങ്ങളിൽ അഭിനയിക്കുമോ എന്ന് ചോദിച്ചിരുന്നു. അതിന്റെ പേരിൽ ഒരു വിവാദം വേണ്ടെന്ന് കരുതിയാണ് അന്ന് ആലോചിക്കാമെന്ന് പറഞ്ഞത്.
എന്നാൽ ഈ വിഷയത്തിൽ വലിയ വിവാദങ്ങൾ ആവശ്യമുണ്ടെന്നു കരുതുന്നില്ല. സിനിമ സിനിമയാണ്. രാഷ്ട്രീയമായ അതിർത്തികൾ സിനിമയ്ക്ക് ബാധകമല്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. പാകിസ്താനി നടൻ ഫവാദ് എന്നോടൊപ്പം 'യേ ദിൽ ഹേ മുഷ്കിൽ' എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. കൂടാതെ നിരവധി പാക് കലാകാരന്മാരെ എനിക്ക് അറിയാം. റാഹത് ഫത്തേ അലി ഖാൻ, ആതിഫ് അസ്ലം തുടങ്ങിയ പാക് പ്രതിഭകൾ ഹിന്ദി സിനിമക്ക് നൽകിയ സംഭാവനകൾ വളരെ വലുതാണ്. എന്നാൽ കല മാതൃരാജ്യത്തെക്കാൾ വലുതല്ല. എന്റെ ആദ്യ പരിഗണന എപ്പോഴും തന്റെ രാജ്യത്തിനായിരിക്കും'- രൺബീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.