രമ്യ കൃഷ്ണൻ, സൗന്ദര്യ

‘അവൾ എനിക്ക് ഏറെ പ്രിയപ്പെട്ടവൾ, പ്രശസ്തി അവളിൽ മാറ്റമുണ്ടാക്കിയില്ല; സൗന്ദര്യയുടെ ഓർമകളിൽ വിതുമ്പി രമ്യ കൃഷ്ണൻ

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള സൂപ്പർ ഹിറ്റ് രജനികാന്ത് ചിത്രമാണ് പടയപ്പ. രജനി തകർത്താടിയ ചിത്രത്തിൽ ശക്തമായ വില്ലൻ വേഷത്തിലെത്തിയ രമ്യ കൃഷ്ണൻ തമിഴ് സിനിമയുടെ സൂപ്പർ റാണി എന്ന പട്ടം സ്വന്തമാക്കി. നീലാംബരിയെ ഇന്നും സമൂഹമാധ്യമങ്ങൾ ആഘോഷിക്കുന്നുണ്ട്. 1999ൽ ഇറങ്ങിയ ചിത്രത്തിൽ നായികയായെത്തിയ സൗന്ദര്യയെയും ആരാധകർക്ക് മറക്കാൻ സാധിക്കില്ല. തന്മയത്വമുള്ള മുഖവും, ശാലീന ഭാവങ്ങളുമുള്ള ആ താര സുന്ദരിക്ക് പക്ഷെ അധികകാലം ആയുസ്സുണ്ടായിരുന്നില്ല. ഇപ്പോഴിതാ തന്‍റെ പ്രിയ സുഹൃത്തിന്‍റെ ഓർമകൾ പങ്കുവെച്ച് വികാരാധീനയായിരിക്കുകയാണ് രമ്യ കൃഷ്ണൻ. 

കഴിഞ്ഞ ദിവസം ജഗപതി ബാബു അവതാരകനായ ടോക്ക് ഷോയില്‍ അതിഥിയായി രമ്യയെത്തിയപ്പോള്‍ സൗന്ദര്യയോടൊപ്പമുള്ള ഒരു വിഡിയോ കാണിച്ചിരുന്നു. അതിൽ സംസാരിക്കാൻ വാക്കുകളില്ലാതെ വിതുമ്പിയ രമ്യ ആരാധകരെയും സങ്കടത്തിലാക്കി. അവൾ തനിക്ക് ഏറെ പ്രിയപ്പെട്ടവാളെന്നു പറഞ്ഞ താരത്തിന്‍റെ കണ്ണുകൾ നിറഞ്ഞൊഴുകി. സൗന്ദര്യ അവരുടെ പേരുപോലെതന്നെ സൗന്ദര്യമുള്ള ഹൃദയമുള്ളവളായിരുന്നുവെന്ന് ജഗപതി പറഞ്ഞു.

സൗന്ദര്യയോടൊത്തുള്ള ഓർമകൾ പങ്കുവെക്കാൻ ജഗപതി രമ്യയോട് ആവശ്യപ്പെട്ടിരുന്നു. ‘അമ്മൊരു സിനിമയുടെ സെറ്റിൽ വെച്ചാണ് സൗന്ദര്യയെ ഞാൻ ആദ്യമായ് കാണുന്നത്. പടയപ്പ ഉൾപ്പടെ ഒരുപാട് സിനിമകളിൽ ഞങ്ങൾ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. സുന്ദരിയും നിഷ്കളങ്കയുമായ ആ പെൺകുട്ടി സ്വയം വളർന്ന് അവളുടെ വ്യക്തിത്വം ഉണ്ടാക്കിയെടുത്തു. പ്രശസ്തി അവളിൽ മാറ്റങ്ങൾ ഉണ്ടാക്കിയില്ല. അവ‍ൾ വളരെ നല്ലൊരു വ്യക്തിയും സുഹൃത്തുമായിരുന്നു’ രമ്യ പറഞ്ഞു.

നാഗാർജുന, ചിരഞ്ജീവി, കമൽഹാസൻ, രജനീകാന്ത് എന്നിവർക്കൊപ്പമെല്ലാം അഭിനയിച്ച സൗന്ദര്യ തൊണ്ണൂറുകളിലെ പ്രശസ്തയായ നായികയായിരുന്നു. ജഗപതിയും രമ്യയും ചില ഹിറ്റ് ചിത്രങ്ങളിൽ അവർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അമ്മൊരുവിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് സൗന്ദര്യക്ക് ലഭിച്ചു. കന്നഡ, തമിഴ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലും അവർ അഭിനയിച്ചിട്ടുണ്ട്. 2004ലുണ്ടായ വിമാനപകടത്തിലാണ് സൗന്ദര്യ മരണപ്പെടുന്നത്. മരിക്കുമ്പോള്‍ സൗന്ദര്യയുടെ പ്രായം 31 ആയിരുന്നു. അപകടത്തില്‍ സൗന്ദര്യയുടെ സഹോദരന്‍ അമര്‍നാഥും കൊല്ലപ്പെട്ടു. ബി.ജെ.പിക്കായി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പോകുമ്പോഴായിരുന്നു അപകടം.



Tags:    
News Summary - Ramya Krishnan fights back tears while talking about Soundarya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.