രാമായണ ടീം

70,000 സ്ക്രീനുകളിൽ 'രാമായണ'; അരങ്ങേറ്റത്തിൽ ലോകകപ്പ് കളിച്ച സച്ചിനെപ്പോലെയെന്ന് നിർമാതാവ് നമിത് മൽഹോത്ര

ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു ആഗോള റിലീസിനാണ് രാമായണ ഒരുങ്ങുന്നത്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രം ലോകമെമ്പാടുമായി 70,000 സ്ക്രീനുകളിൽ റിലീസ് ചെയ്യുമെന്ന് നിർമാതാവ് നമിത് മൽഹോത്ര വ്യക്തമാക്കി. ഇതുവരെ ഒരു ഇന്ത്യൻ ചിത്രത്തിനും ലഭിക്കാത്ത ഏറ്റവും വലിയ റിലീസാണിത്. മുൻപ് ഏറ്റവും കൂടുതൽ സ്ക്രീനുകളിൽ റിലീസ് ചെയ്ത ഇന്ത്യൻ ചിത്രത്തിന്റെ ഇരട്ടിയിലധികം വരുമിത്.

ഇന്ത്യൻ കഥപറച്ചിലിനെ ലോകത്തിന്റെ നെറുകയിലെത്തിക്കുക എന്നതാണ് തന്റെ സ്വപ്നമെന്ന് നമിത് നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇപ്പോൾ പുതിയ അഭിമുഖത്തിൽ അദ്ദേഹം ആ സ്വപ്നത്തെക്കുറിച്ച് വീണ്ടും സംസാരിച്ചു. അതിനായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുമായി തന്നെത്തന്നെ താരതമ്യം ചെയ്യുകയാണ് നിർമാതാവ്.

റിലീസിന് മുന്നോടിയായി രാമായണത്തിന്റെ വേൾഡ് പ്രീമിയർ ലോസ് ഏഞ്ചൽസിലെ അക്കാദമി മ്യൂസിയം ഓഫ് മോഷൻ പിക്ചേഴ്സിലെ ഡേവിഡ് ഗെഫൻ തിയേറ്ററിൽ നടന്നിരുന്നു. ഓസ്കറിന് നാമനിർദേശം ചെയ്യപ്പെടുന്ന ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന വേദിയാണിത്. ഒരു ഇന്ത്യൻ ചിത്രത്തിന് അവിടെ പ്രീമിയർ ലഭിക്കുന്നത് ചരിത്രപരമായ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.

അവിടെ വെച്ച് പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് നമിത് മനസ്സ് തുറന്നത്. ‘ഇപ്പോൾ എനിക്ക് തോന്നുന്നത് ഏറ്റവും വലിയ നന്ദിയാണ്. കാരണം, 100 വർഷത്തിലേറെ പഴക്കമുള്ള ഒരു സിനിമാ വ്യവസായമാണ് നമ്മുടേത്. അവിടെ രാമായണ പോലൊരു ചിത്രം നിർമിച്ച് ലോകത്തിന് മുന്നിൽ ഇതുവരെ കാണാത്ത രീതിയിൽ അവതരിപ്പിക്കാൻ എനിക്ക് കിട്ടിയ ഈ സുവർണാവസരം അവിശ്വസനീയമാണ്.

എനിക്ക് മുൻപ് ഇന്ത്യയിൽ അതിശയകരമായ സിനിമകൾ ചെയ്ത തലമുറകളോളം ചലച്ചിത്രകാരന്മാരുണ്ട്. പക്ഷേ ഇതുപോലൊരു രാമായണം ഒരു ഇന്ത്യൻ ചലച്ചിത്രകാരനും ഇതുവരെ ചെയ്തിട്ടില്ല. അത് ചെയ്യാൻ കഴിയുന്ന ആളായി ഞാൻ മാറുന്നു. അരങ്ങേറ്റത്തിൽ തന്നെ ലോകകപ്പ് കളിക്കാൻ അവസരം കിട്ടിയ സച്ചിൻ ടെണ്ടുൽക്കറെപ്പോലെയാണ് ഞാൻ’ നമിത് പറഞ്ഞു.

‘രാമായണം എല്ലാത്തിനും മുൻപ് ഉണ്ടായിരുന്നു'വാത്മീകിയുടെ ഇതിഹാസത്തെ ആസ്പദമാക്കിയുള്ള രാമായണം മിക്കവാറും എല്ലാ ഇന്ത്യക്കാർക്കും അറിയാവുന്ന കഥയാണ്. എന്നാൽ പാശ്ചാത്യ പ്രേക്ഷകർക്ക് ഇത് ഏറെക്കുറെ പുതിയതാണ്. ഈ ചിത്രത്തിലൂടെ പാശ്ചാത്യ പ്രേക്ഷകരെ ഈ കഥയുമായി പരിചയപ്പെടുത്താൻ കഴിയുമെന്നാണ് എന്‍റെ പ്രതീക്ഷ.

നിങ്ങൾക്ക് ഒഡീസിയും ലോർഡ് ഓഫ് ദി റിംഗ്സും ഹാരി പോട്ടറും സ്റ്റാർ വാർസും അറിയാം. എന്നാൽ ഇതെല്ലാം വരുന്നതിന് മുൻപേ രാമായണം ഉണ്ടായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ എന്ന് ഞാൻ അവരോട് പറയുന്നത് സങ്കൽപ്പിച്ചു നോക്കൂ. ഇത് നിങ്ങളിൽ നിന്ന് പകർത്തിയതോ കടമെടുത്തതോ അല്ല. ഇത് ഒരു ഒറിജിനൽ കഥയാണ്. ഒറിജിനൽ കഥാപാത്രങ്ങളും ഒറിജിനൽ ലോകവുമാണ് ഇതിൽ വിഭാവനം ചെയ്തിരിക്കുന്നത്. അതിൽ അവർ ആവേശഭരിതരാണ്. അതുകൊണ്ടാണ് പ്രേക്ഷകരുമായി ബന്ധപ്പെടാനുള്ള ഈ അവസരം വളരെ ആവേശകരമാണെന്ന് ഞാൻ കരുതുന്നത് നമിത് കൂട്ടിച്ചേർത്തു.

രൺബീർ കപൂർ രാമനായും യാഷ് രാവണനായും എത്തുന്ന ചിത്രത്തിൽ സായ് പല്ലവി സീതയായും എത്തുന്നു. സഞ്ജയ് ലീല ബൻസാലിയുടെ മുൻകാല ബ്രഹ്മാണ്ഡ ചിത്രങ്ങളെപ്പോലും വെല്ലുന്ന ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ സിനിമയെ ഹോളിവുഡിന് തുല്യമായ നിലവാരത്തിലേക്ക് ഉയർത്താനുള്ള ശ്രമമാണ് രാമായണം എന്നാണ് നിർമാതാക്കൾ പറയുന്നത്. 70,000 സ്ക്രീനുകളിലെ റിലീസ് വിജയിച്ചാൽ, ഇന്ത്യൻ സിനിമയുടെ ആഗോള യാത്രയിൽ പുതിയ അധ്യായം തുടങ്ങുമെന്നാണ് പ്രതീക്ഷ.

Tags:    
News Summary - Ramayana Release On 70,000 Screens

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.