'ടൈഗർ കാ ഹുക്കും' ഇനി ഇന്‍റർനാഷണൽ; തലൈവരുടെ 'ജയിലർ' ജപ്പാനിൽ

തെന്നിന്ത്യയിൽ മികച്ച സ്വീകാര്യത ലഭിച്ച രജനീകാന്തിന്റെ 'ജയിലർ' ജപ്പാനിൽ റിലീസിനൊരുങ്ങുന്നു. ഇന്ത്യയിൽ സിനിമാപ്രേമികളെ ആവേശത്തിലാഴ്ത്തിയ ചിത്രം ഫെബ്രുവരി 21നാണ് ജപ്പാനിൽ റിലീസ് ചെയ്യുന്നത്. 250 കോടി ബജറ്റിൽ നെൽസൺ സംവിധാനം ചെയ്ത ചിത്രം കോളിവുഡിൽ ബോക്സ് ഓഫീസ് വിജയമായിരുന്നു.

കൂടുതൽ സ്‌ക്രീനുകൾ സജ്ജീകരിച്ചിരിക്കുന്നതിനാൽ ചിത്രത്തിന് സ്വീകാര്യതയേറുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോളിവുഡ് ചിത്രങ്ങളിൽ ജയിലർ 1ന് മികച്ച ഓപ്പണിങ് ആണ് ലഭിച്ചത്. ഇതിനോടകം ആഗോളതലത്തിൽ 600 കോടിയാണ് ജയിലർ നേടിയിരിക്കുന്നത്. 185 കോടിയാണ് ഓവർസീസ് കളക്ഷൻ.

ജയിലറിൽ മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തെയാണ് രജനി അവതരിപ്പിച്ചത്. മോഹൻലാൽ, ശിവരാജ് കുമാർ എന്നിവർ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ജാക്കി ഷ്രോഫ്, രമ്യ കൃഷ്ണൻ, യോ​ഗി ബാബു, വസന്ത് രവി, തമന്ന തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. പടയപ്പക്ക് ശേഷം രമ്യ കൃഷ്ണനും രജനിയും ഒന്നിച്ച ചിത്രം എന്ന പ്രത്യേകതയും ജയിലറിന് സ്വന്തമാണ്. സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരന്‍ ആണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്‍റെ നിര്‍മാണം.

ജയിലറിന്റെ രണ്ടാം ഭാഗം വരുന്ന ആവേശത്തിലാണ് ആരാധകർ ഇപ്പോൾ. ഇതിനോടകം ചിത്രത്തിന്റെ അനൗൺസ്മന്റെ് വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. സംവിധായകൻ നെൽസൺ തന്നെയാണ് രണ്ടാംഭാഗവും ഒരുക്കുന്നത്.

രജനിക്കൊപ്പം സംവിധായകൻ നെൽസണും സംഗീത സംവിധായകൻ അനിരുദ്ധുമാണ് ജയിലർ 2 ന്റെ നാല് മിനിറ്റ് ദൈർഘ്യമുള്ള ടീസറിലുള്ളത്. രജനിയുടെ മാസ് രംഗങ്ങളാണ് ടീസറിലെ മറ്റൊരു ഹൈലൈറ്റ്. ജയിലർ 2 നെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. 

Tags:    
News Summary - Rajinikanth’s ‘Jailer’ to release in Japan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.