വിജയ്‌യുടെ 'ജനനായകൻ' റിലീസ് അനിശ്ചിതത്ത്വതിൽ പ്രതികരിക്കാതെ രജനികാന്ത്

ചെന്നൈ: തമിഴ് സിനിമാ ലോകം കാത്തിരിക്കുന്ന നെൽസൺ ദിലീപ്കുമാർ ചിത്രം 'ജയിലർ 2'വിന്റെ ചിത്രീകരണം അവസാന ഘട്ടത്തിലേക്ക് കടന്നെന്ന് രജനികാന്ത്. ചെന്നൈ വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് രജനികാന്ത് തന്റെ പുതിയ സിനിമകളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്. എന്നാൽ ദളപതി വിജയ്‍യുടെ 'ജനനായകൻ' സിനിമയുടെ റിലീസ് വൈകുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാൻ താരം വിസമ്മതിച്ചു.

ജയിലർ 2 ചിത്രീകരണത്തിന് ശേഷം കമൽഹാസനുമായുള്ള ചിത്രം KHxRK ആഗസ്റ്റിൽ ആരംഭിക്കുമെന്നും താരം അറിയിച്ചു. വിജയ് ചിത്രം 'ജനനായകൻ' വൈകുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ "ക്ഷമിക്കണം, എനിക്ക് ആ ചോദ്യത്തിന് ഉത്തരം നൽകാൻ താല്പര്യമില്ല" എന്നായിരുന്നു താരത്തിന്റെ മറുപടി.

2026 ജനുവരി ഒമ്പതിന് പൊങ്കൽ റിലീസായി നിശ്ചയിച്ചിരുന്ന വിജയ്‍യുടെ ആക്ഷൻ ഡ്രാമയാണ് 'ജനനായകൻ'. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ കാലതാമസം മൂലം ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തിലാവുകയായിരുന്നു. നിലവിൽ 2026 ജൂണിൽ ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് സൂചനയെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.

ആദ്യ ഭാഗത്തിന്റെ വൻ വിജയത്തിന് ശേഷം 'ടൈഗർ' മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് വീണ്ടും സ്ക്രീനിലെത്തുന്ന ചിത്രമാണ് 'ജയിലർ 2'. മിഥുൻ ചക്രവർത്തി, വിദ്യ ബാലൻ, എസ്.ജെ സൂര്യ എന്നിവർക്കൊപ്പം മലയാള താരം സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആദ്യ ഭാഗത്തിലുണ്ടായിരുന്ന മോഹൻലാലും ശിവരാജ് കുമാറും രണ്ടാം ഭാഗത്തിലും പ്രത്യക്ഷപ്പെടും.

ചിത്രത്തിൽ ഷാരൂഖ് ഖാൻ അതിഥി വേഷത്തിൽ എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും തിരക്കുകൾ കാരണം അദ്ദേഹം ചിത്രത്തിന്റെ ഭാഗമാകുന്നില്ലെന്ന് ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട്.

ജയിലർ 2-വിന് ശേഷം സിബി ചക്രവർത്തി സംവിധാനം ചെയ്യുന്ന 'തലൈവർ 173'ൽ രജനികാന്ത് അഭിനയിക്കും. ഏപ്രിൽ അവസാന വാരം ചിത്രീകരണം ആരംഭിക്കുന്ന ഈ സിനിമയിൽ ശോഭന, ബേസിൽ ജോസഫ്, പ്രിയങ്ക അരുൾ മോഹൻ എന്നിവർ അഭിനയിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. നാല് പതിറ്റാണ്ടിന് ശേഷം കമൽഹാസനൊപ്പം ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രവും രജനിയുടെ ലൈനപ്പിലുണ്ട്.

Tags:    
News Summary - Rajinikanth refuses to comment on Thalapathy Vijay’s Jana Nayagan delay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.