‘എന്തുകൊണ്ട് ഗുജറാത്ത്?’; ദേശീയ ചലച്ചിത്ര പുരസ്കാര വേദി ഡൽഹിയിൽ നിന്ന് മാറ്റുന്നതിനെതിരെ സംവിധായകൻ രാഹുൽ ധോലാകിയ

ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്കാര ദാന ചടങ്ങ് ഡൽഹിയിൽ നിന്ന് മാറ്റി ഗുജറാത്തിലെ കേവഡിയയിലേക്ക് മാറ്റാനുള്ള സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രമുഖ ചലച്ചിത്ര സംവിധായകൻ രാഹുൽ ധോലാകിയ രംഗത്ത്. ചലച്ചിത്ര മേഖലക്ക് വലിയ സംഭാവനകൾ നൽകിയ മഹാരാഷ്ട്ര, കേരളം, തമിഴ്നാട് അല്ലെങ്കിൽ ഹൈദരാബാദ് പോലുള്ള സംസ്ഥാനങ്ങൾക്ക് പകരം എന്തിനാണ് ഗുജറാത്ത് തെരഞ്ഞെടുത്തതെന്ന് അദ്ദേഹം ചോദ്യം ചെയ്തു.

‘ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഡൽഹിയിൽ വെച്ച് നടത്തുന്നതിനോട് എനിക്ക് പ്രത്യേക മമതയൊന്നുമില്ല. എന്നാൽ ഇത് ഗുജറാത്തിലേക്ക് മാറ്റുന്നതിനെ ഞാൻ ചോദ്യം ചെയ്യുന്നു. എന്തുകൊണ്ട് ഗുജറാത്ത്?’ എന്ന് രാഹുൽ ധോലാകിയ എക്സിൽ കുറിച്ചു. ചടങ്ങ് മറ്റൊരു നഗരത്തിലേക്ക് മാറ്റുമ്പോൾ, സിനിമക്ക് യഥാർത്ഥ സംഭാവന നൽകിയ സംസ്ഥാനങ്ങൾക്ക് ആ ആദരം നൽകിക്കൂടേയെന്നും അദ്ദേഹം ചോദിച്ചു. 2007ൽ പുറത്തിറങ്ങിയ 'പർസാനിയ' എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം നേടിയിട്ടുള്ള വ്യക്തിയാണ് രാഹുൽ ധോലാകിയ.

72 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നത്. 1954ൽ ഡൽഹിയിലെ വിഗ്യാൻ ഭവനിലായിരുന്നു ആദ്യ ദേശീയ പുരസ്കാര ദാനം നടന്നത്. സർദാർ വല്ലഭഭായ് പട്ടേലിന്റെ 'സ്റ്റാച്യു ഓഫ് യൂണിറ്റി' സ്ഥിതി ചെയ്യുന്ന എക്താനഗറിലാണ് ഈ വർഷത്തെ ചടങ്ങ് നടക്കുന്നത്. എന്നാൽ മുംബൈ, ചെന്നൈ, കേരളം, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളാണ് ഇന്ത്യൻ സിനിമയുടെ പ്രധാന കേന്ദ്രങ്ങൾ എന്ന വസ്തുതയും സംവിധായകൻ ചൂണ്ടിക്കാണിക്കുന്നു.

സെപ്റ്റംബർ 22ന് കേവഡിയയിൽ നടക്കുന്ന 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര ദാന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു പുരസ്കാരങ്ങൾ സമ്മാനിക്കും. ആദിത്യ സുഹാസ് ജാംഭാലെയുടെ 'ആർട്ടിക്കിൾ 370' മികച്ച ഫീച്ചർ ചിത്രത്തിനുള്ള പുരസ്കാരം നേടിയപ്പോൾ, ചിത്രത്തിലെ പ്രകടനത്തിന് യാമി ഗൗതം മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. രാഹുൽ സദാശിവന്റെ 'ഭ്രമയുഗം' എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയും, കബീർ ഖാന്റെ 'ചന്ദു ചാമ്പ്യൻ' എന്ന ചിത്രത്തിലൂടെ കാർത്തിക് ആര്യനും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു.

നടനും സംവിധായകനുമായ രൺദീപ് ഹൂഡ മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം നേടിയപ്പോൾ, നാഗ് അശ്വന്റെ തെലുങ്ക് സയൻസ് ഫിക്ഷൻ ചിത്രം 'കൽക്കി 2898 എഡി' മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം നേടി. ധനുഷ് നായകനായ തമിഴ് ചിത്രം 'ക്യാപ്റ്റൻ മില്ലർ' ദേശീയ, സാമൂഹിക, പാരിസ്ഥിതിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന മികച്ച ഫീച്ചർ ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടു.

Tags:    
News Summary - Rahul Dholakia questions National Film Awards being moved out of Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.