റൊമാന്‍റിക് മാഡി തിരിച്ചെത്തുന്നു; ഒ.ടി.ടി റിലീസിനൊരുങ്ങി 'ആപ് ജയ്‌സ കോയി'

നയന്‍റീസ് കിഡ്സിന്‍റെ റൊമാന്‍റിക് നായകൻ. ചോക്ലേറ്റ് ഹീറോയായി തമിഴകത്തിലേക്ക് എത്തിയ ആർ. മാധവൻ എന്ന മാഡിയെ പ്രേക്ഷകരും ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. മാഡിയുടെ റൊമാന്‍റിക് ചിത്രങ്ങൾക്ക് ഇന്നും ആരാധകരേറെയാണ്. മാഡിയുടെ ആരാധകർക്ക് ഏറെ സന്തോഷം പകരുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.

ആർ. മാധവനും ഫാത്തിമ സന ശൈഖും ഒന്നിക്കുന്ന റൊമാന്റിക് ഡ്രാമയായ ബോളിവുഡ് ചിത്രം 'ആപ് ജൈസ കോയി' ഒ.ടി.ടിയിലൂടെ റിലീസിന് ഒരുങ്ങുന്നു. ജൂലൈ 11ന് നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിക്കും.

'ആപ് ജയ്‌സ കോയി'യിൽ മാധവൻ ശ്രീരേണു എന്ന സംസ്‌കൃത അധ്യാപകന്റെ വേഷത്തിലാണ് എത്തുന്നത്. ഫ്രഞ്ച് ഇൻസ്ട്രക്ടർ മധുവുമായി ശ്രീരേണു പ്രണയത്തിലാകുന്നു. അവരുടെ പ്രണയവും നേരിടേണ്ടി വരുന്ന സാഹചര്യങ്ങളിലൂടെയുമാണ് കഥ സഞ്ചരിക്കുന്നത്. കുടുംബത്തിന്റെയും പ്രണയത്തിന്റെയും കഥ പറയുന്നതിനാൽ 'ആപ് ജയ്‌സ കോയി' ഹൃദയസ്പർശിയായ ഫാമിലി എന്റർടെയ്‌നറായിരിക്കും.

ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിവേക് സോണി ആണ്. 'ധർമറ്റിക് എന്റർടൈൻമെന്റ്' പ്രൊഡക്ഷൻ ഹൗസിന് കീഴിൽ കരൺ ജോഹർ, അപൂർവ മേത്ത, അദാർ പൂനവല്ല എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. 2021ൽ പുറത്തിറങ്ങിയ 'മീനാക്ഷി സുന്ദരേശ്വർ' എന്ന ചിത്രത്തിന് ശേഷം വിവേകും നെറ്റ്ഫ്ലിക്സും ഒന്നിക്കുന്ന ചിത്രമാണിത്.

ഏപ്രിലിൽ പുറത്തിറങ്ങിയ 'കേസരി 2', 'ടെസ്റ്റ്' എന്നീ ചിത്രങ്ങളിലാണ് മാധവൻ അവസാനമായി അഭിനയിച്ചത്. മിത്രൻ ജവഹറിന്റെ അടുത്ത ചിത്രമായ 'അദിർഷ്ടശാലി'യിലും അദ്ദേഹം അഭിനയിക്കും. രാധിക ശരത്കുമാറും മഡോണ സെബാസ്റ്റ്യനും അഭിനയിക്കുന്ന തമിഴ് ചിത്രമാണിത്. മറുവശത്ത്, അനുരാഗ് ബസുവിന്റെ 'മെട്രോ...ഇൻ ഡിനോ' എന്ന ചിത്രത്തിന്റെ റിലീസിനായി ഒരുങ്ങുകയാണ് ഫാത്തിമ. അലി ഫസലിനൊപ്പമാണ് അഭിനയിക്കുന്നത്. ജൂലൈ നാലിന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും.

Tags:    
News Summary - R Madhavan Aap Jaisa Koi OTT release date out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.