ഉള്ളുലയ്ക്കുന്ന പുള്ള്, ഹൃദയം തൊടും

ള്ളുലയുന്ന പ്രകൃതിയുടെ ദൃശ്യകാഴ്ചയാണ് പുള്ള്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സങ്കീര്‍ണമായ ബന്ധത്തെ തീക്ഷ്ണമായി ആവിഷ്‌കരിച്ച അപൂര്‍വം സിനിമകളിലൊന്ന്. തിയറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്ന സിനിമ രണ്ടാംവാരം കടക്കുകയാണ്. സ്ത്രീമനസിന്‍റെ ഉള്‍ക്കാഴ്ചയില്‍ പ്രകൃതിയുടെ പല ഭാവമാറ്റങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയ ചിത്രം. പ്രകൃതിയുടെ, മനുഷ്യന്‍റെ, നിലനില്‍പ്പിന്‍റെ രാഷ്ട്രീയം തീവ്രതയോടെ പറഞ്ഞുവച്ചപ്പോള്‍ അത് മനസിനെ മഥിക്കുന്ന ചലച്ചിത്രാനുഭവമായി മാറി. ചവിട്ടിനില്‍ക്കുന്ന മണ്ണ് ഒലിച്ചുപോകുമ്പോഴും അടങ്ങാത്ത ആര്‍ത്തിയും സ്വാര്‍ഥതയും കൈവിടാത്ത മനുഷ്യനുള്ള മുന്നറിയിപ്പ് രൂക്ഷമായ ഭാഷയില്‍ ദൃശ്യവല്‍ക്കരിക്കാന്‍ പുള്ളിന്‍റെ പിന്നണിപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. മനുഷ്യബന്ധങ്ങളെയും വികാരങ്ങളെയും പ്രകൃതിയുടെ ഭാവമാറ്റങ്ങളുമായി കോര്‍ത്തിണക്കിയ ചിത്രം ഓരോ പ്രേക്ഷകന്‍റെയും ഹൃദയം തൊടുമെന്നുറപ്പ്.

മനുഷ്യനും ദൈവവും തമ്മിലുള്ള നേര്‍ക്കുനേരെയുള്ള തര്‍ക്കസംഭാഷണത്തോടെയാണ് സിനിമയുടെ തുടക്കം. പുള്ളിനെ വരവേല്‍ക്കാനായി കാത്തിരിക്കുന്ന ഗ്രാമവാസികളുടെ കാത്തിരിപ്പിലൂടെ മുന്നേറുന്ന ചിത്രം പ്രമേയത്തിന്‍റെ ആത്മാവിലേക്ക് കടക്കുന്നു. ശക്തമായ നായികകേന്ദ്രീകൃത സിനിമയെന്ന നിലയിലും ചര്‍ച്ച ചെയ്യേണ്ട സിനിമയാണ് പുള്ള്. സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച റൈന മറിയ ദേവമ്മയായി പകര്‍ന്നാടുകയായിരുന്നു. ഭാവതീവ്രമായ ദേവമ്മയുടെ സൂക്ഷ്മാഭിനയം ചിത്രത്തിന്‍റെ പ്രധാന ആകര്‍ഷണമാണ്. നായികയായ ദേവമ്മയുടെ ആത്മസംഘര്‍ഷങ്ങളിലൂടെ മുന്നോട്ടുപോകുന്ന ചിത്രത്തിലെ വികാരനിര്‍ഭരമായ മുഹൂര്‍ത്തങ്ങള്‍ വല്ലാത്തൊരു നൊമ്പരമാണ് അവശേഷിപ്പിക്കുന്നത്.

ഒരു നാടിന്‍റെ ദേവിയായും സഹോദരിയായും മകളായും കയ്യടക്കത്തോടെ അവതരിപ്പിക്കാന്‍ റൈനക്ക് കഴിഞ്ഞു. സ്വന്തം സ്വപ്‌നങ്ങള്‍ കൈവെടിഞ്ഞ് നാട്ടുകാര്‍ക്ക് വേണ്ടി തെയ്യം കെട്ടേണ്ടി വരുന്ന സുനന്ദ എന്ന കഥാപാത്രത്തിന്‍റെ അഭിനയമാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. സാധാരണ സ്ത്രീയായുള്ള സുനന്ദയില്‍ നിന്ന് നാടിന്‍റെ ദേവിയായി ദേവമ്മയിലേക്കും പിന്നീട് ശക്തിക്ഷയം സംഭവിച്ച ദേവമ്മയിലേക്കുമുള്ള ഭാവപകര്‍ച്ചകളും അവിസ്മരണീയമാണ്. പ്രകൃതിയുടെ പ്രതീകമായി ദേവമ്മയും മനുഷ്യന്‍റെ നിസ്സഹായാവസ്ഥയുടെ ബിംബമായി സുനന്ദയായും ഒരേസമയം വേഷപകര്‍ച്ച നടത്തി ദേവമ്മയുടെ ജീവിതം ഉരുകി തീരുമ്പോള്‍ അത് പ്രേക്ഷകരുടെ ഉള്ളിലും തീരാവേദനയായി തങ്ങിനില്‍ക്കുന്നു. മഴപ്പക്ഷിയായി പുള്ള് വരുന്നതിനു മുന്‍പേ തന്നെ തെയ്യമായി മനസില്ലാമനസോടെ ആടുന്ന ദേവമ്മയുടെ ഉജ്വലപ്രകടനം മികച്ച രംഗങ്ങളിലൊന്നായിരുന്നു.

മരം നശിക്കുന്നതു തടയാനും കാവുകള്‍ സംരക്ഷിക്കാനും ദേവമ്മ തന്നെകൊണ്ടാവും വിധം ശ്രമിച്ചു. ദേവമ്മയുടെ പ്രകൃതിയോടുള്ള ആത്മബന്ധത്തെ കൃത്യമായി ആവിഷ്‌കരിക്കാന്‍ പിന്നണിപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. പ്രകൃതിയുടെ വില്ലന്‍മാരായി അവതരിപ്പിച്ച കുറുപ്പന്‍മാരുടെ അതിക്രമം ചെറുക്കാനാവാതെ നിസ്സഹായതയോടെ നില്‍ക്കുന്ന റൈനയുടെ കഥാപാത്രം ചിത്രത്തിലുടനീളം നിറഞ്ഞുനിന്നു. മനുഷ്യന്‍റെ ക്രൂരതകളില്‍ ആടിയുലയുന്ന പ്രകൃതിയുടെ ഭാവമാറ്റങ്ങളില്‍ ദേവമ്മയുടെ ജീവിതവും മാറിമറിയുന്നു. പ്രകൃതി അമ്മയാണ്. പ്രകൃതിയുടെ കരുത്താണ് ജീവജാലങ്ങളെ താളം തെറ്റാതെ മുന്നോട്ടുനയിക്കുന്നതെന്ന സന്ദേശമാണ് കഥാപാത്രത്തിലൂടെ അനാവരണം ചെയ്തത്.

പ്രശസ്ത സിനിമാ സംവിധായകൻ ഷാജൂൺ കാര്യാലിന്‍റെ നേതൃത്വത്തിലുള്ള ഫസ്റ്റ് ക്ലാപ്പ് കൂട്ടായ്മയിലൂടെ പൊതുജന പങ്കാളിത്തത്തിൽ നിർമിച്ചതാണ് സിനിമ. അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവരെല്ലാം പുതുമുഖങ്ങളാണ്. ചലച്ചിത്രം പതിനഞ്ചിൽപരം രാജ്യാന്തര പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. റിയാസ് റാസ്, പ്രവീൺ കേളിക്കോടൻ എന്നിവർ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്‍റെ കഥ ഷബിതയുടേതാണ്. ഷബിത, വിധു ശങ്കർ, വിജേഷ് ഉണ്ണി, ശാന്തകുമാർ എന്നിവരുടെ തിരക്കഥാരചനയിൽ ഒരുങ്ങിയ ചിത്രത്തിന്‍റെ ഛായാഗ്രഹണം അജി വാവച്ചനാണ്.




 

ജയലാൽ മാങ്ങാട്ടിന്‍റെ കലാസംവിധാനത്തിലുള്ള ചിത്രത്തിന് രശ്മി ഷാജൂൺ ആണ് വസ്ത്രാലങ്കാരം ചെയ്തത്. ഷിംജിത്ത് ശിവൻ, രമേഷ് ബാബു എന്നിവരുടെ സംഗീത സംവിധാനത്തിൽ ഗാനരചന നിർവഹിച്ചത് രേണുക ലാൽ, ശ്രീജിത്ത് രാജേന്ദ്രൻ, ഡോ. ജെറ്റിഷ് ശിവദാസ്, നന്ദിനി രാജീവ് എന്നിവരാണ്. റൈന മരിയ, സന്തോഷ്‌ സരസ്, ജയപ്രകാശ് കുളൂർ, ആനന്ദ് ബാൽ, ഹാഷിം കോർമത്ത്, ലത സതീഷ്, ധനിൽ കൃഷ്ണ ശ്രീരാജ് എസ്.എൻ, സതീഷ് അമ്പാടി, സുധ കാവേങ്ങട്ട്, ബേബി അപർണ ജഗത് എന്നിവരാണ് പ്രധാന നടീനടൻമാർ.

മണ്ണുമാന്തിയുടെ യന്ത്രക്കൈകള്‍ സര്‍പ്പക്കാവ് നാഗദേവതയോടെ കോരിയെടുക്കുന്ന ദൃശ്യവും ചിത്രത്തിലെ മികച്ച രംഗങ്ങളിലൊന്നായിരുന്നു. കലകളും നാട്ടാചാരങ്ങളും ഗ്രാമജീവിതത്തിന്‍റെ തുടിപ്പുകളാണ്. വടക്കേമലബാറിന്‍റെ ഗ്രാമീണ ഭംഗിയില്‍ ഒരുക്കിയ സിനിമയില്‍ പ്രകൃതിയും ഒരു കഥാപാത്രമാണ്. തെയ്യത്തിന്‍റെയും നാട്ടുഭാഷയുടെയും ഗ്രാമീണതയുടെയും തനിമ ചോരാതെ ഒപ്പിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ചിത്രത്തിലെ സുപ്രധാനരംഗങ്ങളില്‍ പ്രകൃതിയുടെ ഭാവമാറ്റങ്ങള്‍ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു. സമാന്തര സിനിമയാകുമെന്ന മുന്‍വിധി മാറ്റി വച്ചുവേണം സിനിമ കാണാന്‍. അത്യന്തം സിനിമാറ്റിക്കായി സമീപിച്ചിട്ടുള്ള ചിത്രത്തില്‍ പ്രമേയത്തിന്‍റെ ഗൗരവം സൂക്ഷ്മതയോടെ കൈകാര്യം ചെയ്തിട്ടുണ്ട്. കച്ചവടക്കണ്ണുള്ള മനുഷ്യന്‍റെ പ്രകൃതിയോടുള്ള ചൂഷണം, നഷ്ടപ്രണയത്തിന്‍റെ വേദന, ബന്ധങ്ങളുടെ സങ്കീര്‍ണത എന്നിവയെല്ലാം മനോഹരമായി വിളക്കിചേര്‍ത്തിട്ടുണ്ട്. ചെറിയ കഥാപാത്രങ്ങള്‍ പോലും ശ്രദ്ധ പിടിച്ചുപറ്റി. അണിയറപ്രവര്‍ത്തകരും അഭിനേതാക്കളും എല്ലാം പുതുമുഖങ്ങളായിരുന്നു. എല്ലാവരും അവരുടെ ഭാഗങ്ങള്‍ ഭംഗിയാക്കി.

വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യങ്ങളില്‍ ഒരു സിനിമ പൂര്‍ത്തിയാക്കിയതില്‍ അണിയറപ്രവര്‍ത്തകര്‍ക്ക് അഭിമാനിക്കാം. കാലികപ്രസക്തിയുള്ള, കാമ്പുള്ള കലാസൃഷ്ടിയാക്കി ഒരുക്കുന്നതില്‍ അണിയറപ്രവര്‍ത്തകരുടെ പരിശ്രമത്തിനു കയ്യടിക്കുക തന്നെ വേണം. പാലക്കാടും കോഴിക്കോടുമായിരുന്നു ലൊക്കേഷന്‍. കൃത്രിമമായ ചെപ്പടിവിദ്യകളൊന്നുമില്ലാത്ത ഒരു കൊച്ചു നന്മയുള്ള സിനിമയെന്നു തന്നെ പുള്ളിനെ വിശേഷിപ്പിക്കാം. പ്രകൃതിയെ സ്‌നേഹിക്കുന്ന ഓരോ മനുഷ്യനും കണ്ടിരിക്കേണ്ട സിനിമ. ചിത്രശലഭത്തിന്‍റെ ആയുസാണ് അടുത്തകാലത്തിറങ്ങിയ സിനിമകളുടെ പ്രമേയങ്ങള്‍ പലതും. എന്നാല്‍ പുള്ള് മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം എല്ലാ കാലത്തും പ്രസക്തമാണ്. കാലത്തിനു മുന്‍പേ സഞ്ചരിക്കുന്നതാവണം കലാസൃഷ്ടികള്‍. നമ്മുടെ ഭൂമി നേരിടാന്‍ പോകുന്ന വിപത്ത് തീക്ഷ്ണമായി അവതരിപ്പിക്കാനും പിന്നണിപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. 


ചൂഴ്ന്നുനോക്കിയാല്‍ പരിമിതികളും സാങ്കേതികപ്പിഴവുകളുമെല്ലാം ദൃശ്യമാകാമെങ്കിലും പോസിറ്റീവ് കാഴ്ചകളില്‍ നല്ല സിനിമകളെ അഗാധമായി സ്‌നേഹിക്കുന്നവര്‍ ഈ ചിത്രം കാണാതെ പോകരുത്. സിനിമാപ്രവര്‍ത്തകരെ വാര്‍ത്തെടുക്കാനും അവര്‍ക്ക് വേദിയൊരുക്കാനും രൂപീകൃതമായ ഫസ്റ്റ് ക്ലാപ്പ് സംഘടനയുടെ ആദ്യസംരംഭമെന്ന നിലയില്‍ പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രം മലയാളസിനിമയുടെ ചരിത്രത്തില്‍ ഇടം പിടിക്കും. പുള്ളിലൂടെ നിരവധി താരങ്ങളെയും അണിയറപ്രവര്‍ത്തകരെയും സിനിമാലോകത്തിനു സംഭാവന ചെയ്യാന്‍ കഴിഞ്ഞതും ചെറിയകാര്യമല്ല. കലാമൂല്യമുള്ള മികച്ച സിനിമ ഒരുക്കിയ ഫസ്റ്റ് ക്ലാപ്പ് അതിന്‍റെ സാമൂഹികപ്രതിബദ്ധതയുടെ ദൗത്യമാണ് നിര്‍വഹിച്ചത്. നാളത്തെ തലമുറയ്ക്കായി കണ്ടിരിക്കേണ്ട ചിത്രം തന്നെയാണ് പുള്ള്. 

Tags:    
News Summary - Pullu malayalam movie review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.