ഇന്ദ്രൻസ്, മീനാക്ഷി അനൂപ്, അന്നു ആന്‍റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിനവാഗതനായ ദീപക് ഡിയോൺ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് 'പ്രൈവറ്റ്'. 'ലെറ്റ്സ് ഗോ ഫോർ എ വാക്ക്' എന്ന ടാഗ്‌ലൈനിൽ അവതരിപ്പിക്കുന്ന 'പ്രൈവറ്റ്' ഒക്ടോബർ 10ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ഇന്ദ്രൻസിന്റെയും മീനാക്ഷിയുടെയും കാരക്ടർ പോസ്റ്ററുകൾ പുറത്ത് വിട്ടതിന് പിന്നാലെയായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നത്.
ഇപ്പോഴിതാ, ഗസ്സയിൽ കൊല്ലപ്പെട്ട ആയിരക്കണക്കിന് നിഷ്‌കളങ്കരായ കുഞ്ഞുങ്ങൾക്ക് സ്‌ക്രീനിന്റെ പകുതി പങ്കുവെച്ചു കൊണ്ടാണ് സിനിമയുടെ 'എലോൺ' എന്ന പേരിലുള്ള 'ഫസ്റ്റ് സിംഗ്ൾ' പുറത്തിറങ്ങിയിരിക്കുന്നത്. സരിഗമയാണ് ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറക്കിയത്.
ഗസ്സയിലെ കുഞ്ഞുങ്ങളെ ജീവിക്കാനും അവരായിരിക്കാനും സ്വപ്‌നം കാണാനും ചിരിക്കാനും അനുവദിക്കണമെന്ന് ഗസ്സക്കായി പങ്കുവെച്ച പകുതി സ്‌ക്രീനിൽ ചിത്രം ആവശ്യപ്പെടുന്നുണ്ട്. സിനിമയിലെ ഗാനങ്ങൾ സിനിമയിലെ ദൃശ്യങ്ങളില്ലാതെയാണ് പുറത്ത് വിട്ടിരിക്കുന്നത്. സ്‌ക്രീനിന്റെ ഒരു പകുതിയിൽ സിനിമയുടെ ടൈറ്റിൽ കാർഡാണ് ഡിസ്‌പ്ലെ ചെയ്തിരിക്കുന്നത്. ടൈറ്റിൽ കാർഡിന്റെ ഫ്രെയിമിൽ പലസ്തീൻ പതാകയുടെ നിറത്തിലുള്ള ഓഡിയോ വേവും ശ്രദ്ധേയമാണ്. ആദ്യമായാണ് ഒരു മലയാള സിനിമയുടെ അണിയറക്കാർ സിനിമയുമായി ബന്ധപ്പെട്ട റിലീസുകളിൽ ഗസ്സയിലെ കുഞ്ഞുങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്ത് വരുന്നത്.
സി ഫാക്ടർ ദ എന്‍റർടെയ്ൻമെന്‍റ് കമ്പനിയുടെ ബാനറിൽ വി കെ ഷബീർ നിർമിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രാഹണം ഫൈസൽ അലി നിർവഹിക്കുന്നു. സംഗീതവും പശ്ചാത്തല സംഗീതവും നവാഗതനായ അശ്വിൻ സത്യ നിർവഹിക്കുന്നു. ലൈൻ പ്രൊഡ്യൂസർ- തജു സജീദ്, എഡിറ്റർ- ജയകൃഷ്ണൻ, വസ്ത്രാലങ്കാരം-സരിത സുഗീത്, മേക്കപ്പ്-ജയൻ പൂങ്കുളം, ആർട്ട്-മുരളി ബേപ്പൂർ, പ്രൊഡക്ഷൻ ഡിസൈൻ-സുരേഷ് ഭാസ്കർ, സൗണ്ട് ഡിസൈൻ-അജയൻ അടാട്ട് സൗണ്ട് മിക്സിങ്-പ്രമോദ് തോമസ്, പ്രൊഡക്ഷൻ കൺട്രോളർ-നിജിൽ ദിവാകരൻ സ്റ്റിൽസ്-അജി കൊളോണിയ, പി.ആർ.ഒ-എ.എസ്.ദിനേശ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.