പ്രശസ്ത ചലച്ചിത്ര സംവിധായകൻ മാർട്ടിൻ സ്കോർസെസിയുടെ 'ആൽഡിയാസ് എ ന്യൂ സ്റ്റോറി' എന്ന പുതിയ ഡോക്യുമെന്ററിയിൽ ഫ്രാൻസിസ് മാർപാപ്പയുടെ അവസാന അഭിമുഖം ഉൾപ്പെടുത്തും. ഫ്രാൻസിസ് മാർപ്പാപ്പ ആഗോള വിദ്യാഭ്യാസത്തിന് നൽകിയ സംഭാവനകളെയാണ് ചിത്രം പര്യവേക്ഷണം ചെയ്യുന്നത്. സ്കോർസെസിയും വത്തിക്കാനും തമ്മിലുള്ള സഹകരണത്തിലാണ് ഡോക്യുമെന്ററി നിർമിക്കുന്നത്. മരിക്കുന്നതിന് മുമ്പ് ഫ്രാൻസിസ് മാർപ്പാപ്പ നടത്തിയ അവസാനത്തെ അഭിമുഖമാണിത്.
യുവാക്കൾക്കിടയിൽ സാംസ്കാരിക ധാരണ പ്രോത്സാഹിപ്പിക്കുന്നതിനായി 2013ൽ ഫ്രാൻസിസ് മാർപാപ്പ സ്ഥാപിച്ച ലാഭേച്ഛയില്ലാത്ത അന്താരാഷ്ട്ര സംഘടനയായ സ്കോളാസ് ഒക്കുറന്റസിനെ ചുറ്റിപ്പറ്റിയാണ് ഡോക്യുമെന്ററി. അഞ്ച് ഭൂഖണ്ഡങ്ങളിലായി വിപുലമായ വിദ്യാഭ്യാസ ശൃംഖലകളിലൂടെ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയാണ് സ്കോളാസ് ഒക്കുറന്റസ്. കല, കായികം, സാങ്കേതികവിദ്യ എന്നിവ ഉപയോഗിച്ച് സമൂഹത്തിലെ പ്രശ്നങ്ങൾ തിരിച്ചറിയാനും പരിഹാരങ്ങൾ കണ്ടെത്തി യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഈ സംഘടന ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇന്തോനേഷ്യ, ഇറ്റലി, ഗാംബിയ എന്നിവിടങ്ങളിലെ യുവാക്കൾ ആൽഡിയസിന്റെ ചലച്ചിത്രനിർമാണ പദ്ധതികളിൽ പങ്കെടുക്കുന്നുണ്ട്.
ആൽഡിയാസ് ഷോളാസ് ഫിലിംസും സ്കോർസെസിയുടെ സ്വന്തം സികെലിയ പ്രൊഡക്ഷൻസും ചേർന്നാണ് നിർമാണം. 'സർഗ്ഗാത്മകത ആവിഷ്കാരത്തിനുള്ള മാർഗം മാത്രമല്ല, പ്രത്യാശയിലേക്കും പരിവർത്തനത്തിലേക്കുമുള്ള പാതയാണെന്ന നിലനിൽക്കുന്ന വിശ്വാസത്തിന്റെ തെളിവ്' എന്നാണ് നിർമാതാക്കൾ ഈ ഡോക്യുമെന്ററിയെ വിശേഷിപ്പിച്ചത്. ഡോക്യുമെന്ററിയുടെ റിലീസ് തിയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.