സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും വമ്പൻ കലക്ഷനുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ് തെലുങ്ക് സൂപ്പർ താരം പവൻ കല്യാണിന്റെ ‘ബ്രോ’ എന്ന ചിത്രം. 28-ന് റിലീസ് ചെയ്ത ‘ബ്രോ’ രണ്ട് ദിവസം കൊണ്ട് 50 കോടിയാണ് ബോക്സോഫീസിൽ നിന്ന് വാരിക്കൂട്ടിയത്. കടുത്ത ആരാധകരുള്ള താരമാണ് പവർ സ്റ്റാർ പവൻ കല്യാൺ. നാളുകൾക്ക് ശേഷമുള്ള പവർ സ്റ്റാറിന്റെ സിൽവർ സ്ക്രീനിലേക്കുള്ള തിരിച്ചുവരവ് ആരാധകർ ഉത്സവമാക്കുകയാണ്. എന്നാൽ, ആഘോഷം അതിരുവിട്ടതോടെ ചില പവൻ കല്യാൺ ഫാൻസ് അഴിക്കുള്ളിലാവുകയും ചെയ്തു.
പവർ സ്റ്റാറിന്റെ ആരാധകർ അറസ്റ്റിലായത് പാലഭിഷേകം നടത്തിയതിനാണ്. എന്നാൽ, നടന്റെ ഫ്ലക്സിനോ, രൂപത്തിനോ അല്ല അവർ അഭിഷേകം നടത്തിയത്. മറിച്ച് തിയറ്ററിലെ സ്ക്രീനിനായിരുന്നു. അതോടെ സ്ക്രീനിന് കേടുപാടുകൾ വരികയും പൊലീസ് അവരെ കടുത്ത ഭാഷയിൽ ശാസിക്കുകയും ചെയ്തു. ജൂലൈ 28ന് സിനിമ റിലീസായ ദിവസമായിരുന്നു ആരാധകർ വിചിത്രമായ പ്രവൃത്തി ചെയ്തത്. എന്തായാലും കൃത്യം ചെയ്ത ചിലരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബിഗ് സ്‌ക്രീനുകളിൽ പവൻ കല്യാണിന്റെ തിരിച്ചുവരവ് ആരാധകർ ആഘോഷിക്കുന്ന നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സിനിമ റിലീസ് ചെയ്യുന്ന ദിവസങ്ങളിൽ ഭീമാകാരമായ പവർ സ്റ്റാറിന്റെ കട്ടൗട്ടുകളിൽ ആരാധകർ പാലഭിഷേകം നടത്തുന്നത് പതിവാണ്.
സമുദ്രക്കനി സംവിധാനം ചെയ്ത ‘ബ്രോ’യിൽ സായ് ധരം തേജിനൊപ്പം പ്രിയ പ്രകാശ് വാരിയർ, കേതിക ശർമ്മ, ബ്രഹ്മാനന്ദം, സുബ്ബരാജു, വെണ്ണേല കിഷോർ എന്നിവരും അഭിനയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.