ചങ്ങനാശ്ശേരി മാർക്കറ്റിൽ പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിച്ച ഒരു സിനിമയുടെ ഷൂട്ടിങ് നടന്നു. ഇന്നും പ്രേഷകർ വീർപ്പടക്കിയും കൈയ്യടിച്ചും കാണുന്നുന്ന ഒരു രംഗം. മോഹൻലാൽ എന്ന ജനപ്രിയ നടൻ ഒരു ജീപ്പ് ജംബ് ചെയ്യിച്ച് പുഴയിലേക്കു വീഴുന്ന സാഹസികമായ രംഗം.
മലയാളത്തിന്‍റെ ലെജന്‍റ് സംവിധായകൻ ഭദ്രനായിരുന്നു തന്‍റെ സ്ഫടികം എന്ന ചിത്രത്തിനു വേണ്ടി ഈ രംഗം ചിത്രീകരിച്ചത്. ഈ രംഗം ചിത്രീകരിക്കുമ്പോൾ പ്രേഷകർകർ ആവേശത്തോടെ കൈയ്യടിച്ചവരുടെ കൂട്ടത്തിൽ ഒരു കൊച്ചു പയ്യനുമുണ്ടായിരുന്നു. മാത്യൂസ് തോമസ് പ്ലാമൂട്ടിൽ എന്നായിരുന്നു ആ പയ്യന്‍റെ പേര്. ചങ്ങനാശേരി വെരൂർ സ്വദേശി.
കാലം മുന്നോട്ടു പോകുന്തോറും മാത്യുസിന്‍റെ മനസിലെ സിനിമ മോഹവും വളർന്നു. ഒപ്പം ഭദ്രൻ എന്ന സംവിധായകനോടുള്ള ആരാധനയും ബഹുമാനവും കൂടി വന്നു. വിദ്യാഭ്യാസം കഴിഞ്ഞതോടെ സിനിമയാണ് തന്‍റെ പ്രവർത്തനമണ്ഡലമെന്ന് അവൻ തിരിച്ചറിഞ്ഞു. അതും ഒരു സംവിധായകനാകുകയെന്നത്.
നാട്ടുകാരൻ കൂടിയായ ജോണി ആന്‍റണിക്കൊപ്പം സംവിധാനത്തിന്‍റെ ബാലപാഠങ്ങൾ പടിച്ചു തുടങ്ങിയ മാത്യുസ് ജോണിക്കൊപ്പം ഏതാനും ചിത്രങ്ങളിൽ സഹ സംവിധായകനായി പ്രവർത്തിച്ചു. പിന്നീട് ദീപൻ, അമൽനീരദ്, ഖാലിദ് റഹ്മാൻ, തരുൺ മൂർത്തി, നിസാം ബഷീർ, തുടങ്ങിയവർക്കൊപ്പവും പ്രവർത്തിച്ചു. ഏറെ മോഹിച്ച ഭദ്രനോടും പ്രവർത്തിച്ചു കൊണ്ടാണ് മാത്യൂസ് തോമസ് സ്വതന്ത്ര സംവിധായകനാകുന്നത്.
തന്നൊരു സ്വതന്ത്ര സംവിധായകനാകുള്ള ശ്രമങ്ങൾ ആരംഭിച്ചപ്പോൾ ഉദ്ദേശിച്ചത് പാലായിലെ പ്രസിദ്ധനായ കടുവാക്കുന്നേൽ കുറുവച്ചന്‍റെ കഥയാണ്. അങ്ങനെ ഷിബിൻ ഫ്രാൻസീസിന്‍റെ തിരക്കഥയിൽ ഒറ്റക്കൊമ്പൻ എന്ന പേരിൽ സുരേഷ് ഗോപി നായകനായി സിനിമ ഫോമിലായി. ഗോകുലം മൂവീസിന്‍റെ ബാനറിൽ ശ്രീഗോകുലം ഗോപാലൻ നിർമാണവും ഏറ്റെടുത്തു. ചില സാങ്കേതികമായ തടസങ്ങൾ ഉണ്ടായതോടെ ചിത്രീകരണം അനിശ്ചിതമായി നീണ്ടുപോയി. ഇതിനിടയിൽ തെരഞ്ഞെടുപ്പും പിന്നീട് സുരേഷ് ഗോപി കേന്ദ്ര മന്ത്രിയുമായി മാറി. ഈ സാഹചര്യങ്ങളെ അതിജീവിച്ചു കൊണ്ടാണ് കഴിഞ്ഞ ഡിസംബർ മാസത്തിൽ ഒറ്റക്കൊമ്പൻ ചിത്രീകരണം ആരംഭിച്ചത്.
ഒരുമാസത്തോളം ആദ്യ ഷെഡ്യൂൾനീണ്ടുനിന്നു. പിന്നീട് ചിത്രീകരണം ആരംഭിച്ചത് ഏപ്രിൽ 21ന് ആണ് രണ്ടര മാസത്തോളം നീളുന്ന രണ്ടാം ഘട്ട ചിത്രീകരണം പാല തൊടുപുഴ ഭാഗങ്ങളെ കേന്ദ്രികരിച്ചാണ് പുരോഗമിക്കുന്നത്. പാലായാണ് ചിത്രത്തിന്‍റെ പ്രധാന പശ്ചാത്തലം. രണ്ടാം ഷെഡ്യൂൾ ആരംഭിച്ചതിനു ശേഷം പാലാ നഗരത്തിൽ ഈ സിനിമയുടെ ചിത്രീകരണം എത്തുന്നത് മേയ് പതിതെട്ടു ഞായറാഴ്ച്ചയായിരുന്നു. അതും പ്രസിദ്ധമായ പലാകുരിശു പള്ളിക്കു മുന്നിൽ. പൊതുനിരത്തിൽ സുരേഷ് ഗോപിയും മാർക്കോ വില്ലൻ ദുഹാൻ കബീർ സിങ്ങും തമ്മിലുള്ള സംഘട്ടനം.
ഈ രംഗം ചിത്രീകരിക്കുമ്പോൾ സംവിധായകൻ മാത്യൂസ് തോമസ് ഓർമിച്ചത് തനിക്കു പ്രചോദനം തന്ന ചങ്ങനാശ്ശേരി മാർക്കറ്റിലെ സംഘട്ടനത്തിന്‍റെ യഥാർഥ ശിൽപ്പിയായ ഭദ്രൻ എന്ന സംവിധായകനെയാണ്. അദ്ദേഹത്തിന്‍റെ വീടും പാലായാണ്. ഈ ലൊക്കേഷനോട് ഏറെ അടുത്തുമാണ്. കാലത്തുതന്ന മാത്യൂസ് ഭദ്രന്‍റെ വീട്ടിലെത്തി ലൊക്കേഷൻ സന്ദർശിക്കണമെന്നാവശ്യപ്പെട്ടു. സന്തോഷത്തോടെ തന്നെയാണ് അദ്ദേഹം തന്‍റെ ശിഷ്യനെ മടക്കിയത്.
'നീ പൊയ്ക്കോ..... ഞാൻ എത്തിക്കോളാം. മാത്രമല്ല സുരേഷ് ഗോപിയും ഉണ്ടല്ലോ? അവനെ കണ്ടിട്ടും ഒരുപാടു നാളായി. ഞാൻ വരും. എന്‍റെ യുവതുർക്കിയിലെ നായകൻ കൂടിയല്ലേ? ഞാൻ വരും'- എന്നായിരുന്നു മറുപടി. വലിയ ജനക്കൂട്ടത്തിന്‍റെ സാന്നിദ്ധ്യത്തിൽ ചിത്രീകരണം നടക്കുന്നതിനിടയിലാണ് ഭദ്രൻ കടന്നുവന്നത്. സന്തോഷത്തോടെ സംവിധായകൻ മാത്യൂസ് തോമസ്സും, പ്രൊഡക്ഷൻ കൺട്രോളർ സിദ്ദു പനയ്ക്കലും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
സുരേഷ് ഗോപിയിമായുള്ള സൗഹൃദ സംഭാഷണത്തിനിടെയാണ് സംവിധായകൻ മാത്യൂസ് ഭദ്രന്‍റെ മുന്നിൽ ഒരാവശ്യം ഉന്നയിക്കുന്നത്. 'ഒരു ഷോട്ട് സാറെടുക്കണം' എന്നതായിരുന്നു മാത്യൂസിന്‍റെ ആവശ്യം. അങ്ങനെ സുരേഷ് ഗോപിയും ദുഹാൻ സിങ്ങും ചേർന്ന
ഒരു ഷോട്ട് ഭദ്രൻ എടുത്തു. യൂനിറ്റംഗങ്ങൾ ഏറെ കൈയടിയോടെയാണ് ഇതു സ്വീകരിച്ചത്.
ഷോട്ടിനു മുമ്പ് ക്യാമറാമാൻ ഷാജിയേയും സംവിധായകൻ മാത്യൂസ് ഭദ്രനു പരിചയപ്പെടുത്തിക്കൊടുത്തു.വലിയ താരനിരയുടെ അകമ്പടിയോടെയും, വലിയ മുതൽമുടക്കിലൂടെയും എത്തുന്ന മാസ് എന്‍റർടൈനർ ആയിരിക്കും. ഒറ്റക്കൊമ്പൻ എന്ന ചിത്രം.
ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആന്‍റണി . മേഘനാ രാജ്, ബിജു പപ്പൻ, ഇടവേള ബാബു, ബാലാജി ശർമ്മ, , മാർട്ടിൻ മുരുകൻ, ജിബിൻ ഗോപിനാഥ്, പൂജപ്പുര രാധാകൃഷ്ണൻ, പുന്നപ്ര അപ്പച്ചൻ, വഞ്ചിയൂർ പ്രവീൺ, ബാബു പാലാ , ദീപക് ധർമടം, തുടങ്ങിയ വലിയ താരനിര ഈ ചിത്രത്തിലുണ്ട്.
തിരക്കഥ - ഷിബിൻ ഫ്രാൻസിസ്. ഗാനങ്ങൾ- വയലാർ ശരത്ചന്ദ്ര വർമ. സംഗീതം - ഹർഷവർദ്ധൻ രാമേശ്വർ. ഛായാഗ്രഹണം - ഷാജികുമാർ. എഡിറ്റിങ് - ഷഫീഖ് വി.ബി. കലാസംവിധാനം - ഗോകുൽ ദാസ്. മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റും - ഡിസൈൻ അനിഷ്. അക്ഷയ പ്രേംനാഥ് (സുരേഷ് ഗോപി)
കാസ്റ്റിങ് ഡയറക്ടർ - ബിനോയ് നമ്പാല. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - കെ.ജെ. വിനയൻ. ദീപക് നാരായണൻ. കോ-പ്രൊഡ്യൂസേർസ് - വി.സി. പ്രവീൺ ബൈജു ഗോപാലൻ. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - കൃഷ്ണമൂർത്തി. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - നന്ദു പൊതുവാൾ, ബാബുരാജ് മനിശ്ശേരി പ്രഭാകരൻ കാസർഗോഡ്.
പ്രൊഡക്ഷൻ കൺട്രോളർ - സിദ്ദു പനക്കൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.