തിയറ്ററുകളിൽ മികച്ച പ്രതികരണങ്ങൾ ലഭിച്ച കുഞ്ചാക്കോ ബോബൻ ചിത്രം 'ഓഫിസർ ഓൺ ഡ്യൂട്ടി' ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. ഫെബ്രുവരി 20 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം മാർച്ച് 20 മുതൽ നെറ്റ്ഫ്ലിക്സിൽ കാണാനാകും. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിൽ ചിത്രം ലഭ്യമാകും.
ജിത്തു അഷ്റഫ് സംവിധാനം ചെയ്ത ചിത്രത്തിൽ കുഞ്ചാക്കോ ബോബന് പുറമേ, പ്രിയാമണി, ജഗദീഷ്, വിശാഖ് നായർ, മനോജ് കെ. യു, റംസാൻ മുഹമ്മദ്, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, വിഷ്‍ണു ജി. വാര്യര്‍, ലേയ മാമ്മൻ, ഐശ്വര്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഈ വർഷം കേരള ബോക്സ് ഓഫിസിൽ നിന്ന് ഒരു മലയാള സിനിമ നേടുന്ന ഏറ്റവും വലിയ കലക്ഷൻ നേടിയ ചിത്രമാണ് ഓഫിസർ ഓൺ ഡ്യൂട്ടി. രേഖാചിത്രത്തിന്റെ റെക്കോഡാണ് ചിത്രം മറികടന്നത്. കേരളത്തിൽ നിന്ന് സിനിമ നേടിയത് 27 കോടി രൂപയാണെന്നാണ് റിപ്പോർട്ട്. 26.85 കോടി രൂപയാണ് രേഖാചിത്രത്തിന്റെ കേരളത്തിലെ ബോക്സ് ഓഫിസ് കലക്ഷൻ. ആഗോള തലത്തിൽ 75 കോടിയിലേറെയും ചിത്രം നേടിയിരുന്നു. ഒ.ടി.ടിയിലും മികച്ച അഭിപ്രായമാണ് രേഖാചിത്രത്തിന് ലഭിക്കുന്നത്.
നായാട്ട് , ഇരട്ട എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടൻ കൂടിയാണ് ജിത്തു അഷ്റഫ്. ‘ഇരട്ട‘ എന്ന ചിത്രത്തിന്‍റെ സഹ സംവിധായകനും ആയിരുന്നു. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവര്‍ ചേർന്നാണ് സിനിമ നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.