ലോക ചാപ്റ്റർ വൺ ചന്ദ്ര ബോക്സ് ഓഫീസിൽ വിജയക്കുതിപ്പ് തുടരുകയാണ്. കോടിക്ലബുകൾ കീഴടക്കി കുതിപ്പ് തുടരുന്ന മലയാളത്തിന്‍റെ സ്വന്തം സുപ്പർ ഹീറോ യൂണിവേഴ്സ് ലോകയുടെ ഓരോ അപ്ഡേറ്റുകളെയും ആകാംക്ഷയോടെയാണ് പ്രേക്ഷകർ നോക്കിക്കാണുന്നത്. സിനിമയുടെ വരാൻ പോകുന്ന ഭാഗത്തിലെ വമ്പൻ അപ്ഡേറ്റുകൾ ഇതിനോടകം തന്നെ പുറത്ത് വന്നിട്ടുണ്ട്. ലോകയിൽ ചാത്തന്‍റെയും ഒടിയന്‍റെയും ഫസ്റ്റ് ലുക്ക് ഇതിനോടകം ശ്രദ്ധ നേടിയിരുന്നു. ഒടിയനായി ദുൽഖർ സൽമാനും ചാത്തനായി ടൊവിനോ തോമസുമാണ് വരുന്നത്. അടുത്ത ഭാഗം ചാത്തന്‍റെ കഥയാണെന്ന് ഇതിനോടകം ഒന്നാം ഭാഗത്ത് വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ലോകയുമായി ബന്ധപ്പെട്ട് ഒരു ആരാധകൻ ചോദിച്ച സംശയത്തിന് ടൊവിനോ തോമസ് നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്.
ലോകയിലെ ചാത്തനും ടൊവിനോ നായകനായ 'അജയന്റെ രണ്ടാം മോഷണം' എന്ന ചിത്രത്തിലെ മണിയനെന്ന കഥാപാത്രവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നായിരുന്നു ആരാധകന്റെ ചോദ്യം. എന്നാൽ ചാത്തനും മണിയനും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും രണ്ടും രണ്ട് യൂണിവേഴ്സാണെന്നും ആയിരുന്നു ടൊവീനോയുടെ മറുപടി. ലോകയുടെ അവസാന ഭാഗം കാണിക്കുന്ന ടൊവിനോയുടെ ലുക്ക് എ.ആർ.എമ്മിലെ മണിയനുമായി സാമ്യമുള്ളതായിരുന്നു. എ.ആർ.എമ്മിന്റെ ഒന്നാം വാർഷികത്തിൽ സംവിധായകൻ ജിതിൻ ലാൽ പങ്കുവെച്ച പോസ്റ്റിന്റെ കമന്റ് ബോക്സിലായിരുന്നു ചോദ്യവും മറുപടിയും.
അഞ്ച് ഭാഗങ്ങളായി ഒരുങ്ങുന്ന ലോകയുടെ ആദ്യ ഭാഗം ലോക ചാപ്റ്റർ വൺ ചന്ദ്രയാണ് തിയറ്ററുകളിൽ വിജയക്കുതിപ്പ് തുടരുന്നത്. കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രമായി ഡൊമനിക് അരുൺ സംവിധാനത്തിലെത്തിയ ചിത്രമാണ് ലോക. ദുൽഖർ സൽമാൻ നിർമിച്ച ചിത്രം റിലീസ് ചെയ്ത് 12 ദിവസത്തിനകം തന്നെ 200 കോടി ക്ലബ് കീഴടക്കി മികച്ച വാണിജ്യ വിജയം കൈവരിച്ചിരിക്കുകയാണ്. ഇതിനോടൊപ്പം തന്നെ മികച്ച അഭിപ്രായവും സിനിമ കരസ്ഥമാക്കിക്കഴിഞ്ഞു. സിനിമയുടെ സാങ്കേതിക വശം ഉൾപ്പെടെ എല്ലാം ഒന്നിനൊന്ന് മികച്ച് നിൽക്കുന്നതാണ്. ഇന്ത്യയിലെ മൊത്തം കലക്ഷൻ 97.02 കോടി രൂപയാണ്. കല്യാണി പ്രിയദർശൻ, നസ്ലെൻ എന്നിവരെ കൂടാതെ, സാൻഡി മാസ്റ്റർ, ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ലോകയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.