ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഞായറാഴ്ച നടന്ന സംവാദത്തിൽനിന്ന്
ബംഗളൂരു: 16ാമത് ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (ബിഫ്സ്) രണ്ടാം ദിനമായ ഞായറാഴ്ച എം.ടി. വാസുദേവന്‍ നായർക്ക് ആദരമായി ‘നിര്‍മാല്യം’ പ്രദര്‍ശിപ്പിച്ചു. കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ ഫാസില്‍ മുഹമ്മദിന്റെ ‘ഫെമിനിച്ചി ഫാത്തിമ’ സ്ക്രീന്‍ ഒമ്പതിലും മറ്റൊരു മലയാള സിനിമയായ സൂരജ് ടോമിന്റെ ‘വിശേഷം’ സ്ക്രീന്‍ ആറിലും പ്രദര്‍ശിപ്പിച്ചു.
രാജാജി നഗര്‍ ഓറിയോണ്‍ മാളിലെ 11 സ്ക്രീനുകള്‍ക്ക് പുറമെ സുചിത്ര ഫിലിം സൊസൈറ്റി, ഡോ. രാജ് കുമാര്‍ ഭവന് എന്നിവിടങ്ങളിലാണ് സിനിമകളുടെ പ്രദര്‍ശനം നടക്കുന്നത്. 60 രാജ്യങ്ങളില്‍ നിന്നായി വിവിധ വിഭാഗത്തില്‍പ്പെടുന്ന 200 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. മേളയുടെ മൂന്നാം ദിനമായ ഇന്ന് 17ഓളം ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നര വരെ ജൂറികള്ക്കായുള്ള സ്ക്രീനിങ് നടക്കും. തുടര്‍ന്നു 6.25ന് സി.വി. രാജുവിന്റെ ‘ശ്രീ പുരന്ദര ദാസരു’ എന്ന കന്നട സിനിമ പ്രദര്‍ശിപ്പിക്കും.
രാവിലെ 10:20ന് സമിക് റോയ് ചൗധരിയുടെ ‘ബിലൈന്’ (ബംഗാളി) ,12:30ന് സുധീര്‍ സിങ്ങിന്റെ ‘മങതാ ജോഗി ‘ (ഹിന്ദി), മൂന്നിന് നന്ദ കിഷോര്‍ ഈമാനിയുടെ ‘ചിന്ന കഥ കാടു’ (തെലുങ്ക്), 6:10ന് അപ്പുറം (മലയാളം) എന്നീ ചലചിത്ര പ്രദര്‍ശനം നടക്കും.
അവിനാഷ് വിജയകുമാറിന്റെ ‘മൈ ഹീറോ’ - (കന്നട) ഉച്ചക്ക് 12നും ഡോ. പുഷ്പരാജന്‍ റായ് മലരബീടുവിന്റെ ‘ആരത’ (കന്നട) 3:10നും പ്രദര്‍ശിപ്പിക്കും.
ജറ്റ്ല സിദ്ധാര്‍ഥയുടെ ‘ഇന്‍ ദ ബെല്ലി ഓഫ് ടൈഗര്‍’ (ഹിന്ദി) മൂന്നിനും ദീപാങ്കര്‍ പ്രകാശിന്റെ ‘ശാന്തി നികേതന്‍’ - (രാജസ്ഥാനി) വൈകീട്ട് അഞ്ചിനും സി. പ്രേം കുമാറിന്റെ ‘മെയ്യഴകന്’ (തമിഴ്) രാത്രി 7:30നും പ്രദര്‍ശിപ്പിക്കും.
ലോക കന്നട സിനിമ ദിനം പ്രമാണിച്ച് ഉച്ചക്ക് 12ന് ആദ്യത്തെ കന്നട ശബ്ദചിത്രമായ സതി സുലോചനയുടെ പ്രദര്‍ശനം നടക്കും. നടന് ശ്രുജന്‍ ലോകേഷ്, സതി സുലോചനയുടെ സംവിധായകനായ വൈ.വി. റാവുവിന്റെ പേരക്കുട്ടികള്‍, സിനിമയുടെ തിരക്കഥാകൃത്ത് ബെല്ലാവേ നരഹരി ശാസ്ത്രി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി ഗായകന് ലക്ഷ്മണ ദാസ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിക്കും. തുടര്‍ന്ന് ഡി.ആര് സുരിയുടെ ‘ഭഗീര’ (കന്നട) ചിത്ര പ്രദര്‍ശനം നടക്കും.
ചാമരാജ് പേട്ടിലെ ഡോ. രാജ്കുമാര് ഭവനയില്‍ എസ്. സിദ്ധലിംഗയ്യയുടെ ‘മയോര്‍ മുത്തണ്ണ’ രാവിലെ 11നും നവീന്‍ ദേശ്ബോയിനയുടെ ‘അന്തിമ യാത്ര’ മൂന്നിനും മനോഹര കെ.യുടെ ‘മിക്ക ബന്നട ഹക്കി’ വൈകീട്ട് ആറിനും പ്രദര്‍ശിപ്പിക്കും. ബനശങ്കരിയിലുള്ള സുചിത്ര ഫിലിം സൊസൈറ്റിയില്‍ ഗുരു പ്രസാദിന്റെ ‘എഡ്ഡെള്ളൂ മഞ്ചുനാഥ’ എന്ന കന്നട ചലച്ചിത്രം ഉച്ചക്ക് 12നും, ഡോ. ജയന്ത മാധവ് ദത്തയുടെ ‘യകാസീസ് ഡോട്ടര്‍’ മൂന്നു മണിക്കും പ്രദര്‍ശിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.