പാക് ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യൻ കര, നാവിക, വ്യോമസേനകൾ കൂട്ടായി നടത്തിയ ശക്തമായ ആക്രമണം ലോകമെങ്ങും അലയൊലി തീർത്തത് സ്വാഭാവികം. പഹൽഗാം ഭീകരാക്രമണത്തിന് ഉചിത തിരിച്ചടിയായി രാജ്യം ഇതിനെ ഏറ്റെടുക്കുകയും ചെയ്തു. ഈ സൈനിക ദൗത്യത്തിന് നൽകിയ പേരും വേറിട്ടതായി- ‘ഓപറേഷൻ സിന്ദൂർ’. ഏപ്രിൽ 22ന് പഹൽഗാമിൽ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട ഭീകരർ ഓരോരുത്തരോടും പേരു ചോദിച്ച് കൊല നടത്തുകയായിരുന്നു. 26 പേരാണ് കൊല്ലപ്പെട്ടത്. സൈനികരുടെ ജീവ ത്യാഗങ്ങളേയും പോരാട്ടവീര്യത്തേയും അടയാളപ്പെടുത്തുന്ന നിരവധി സിനിമകളിറങ്ങിയിട്ടുണ്ട്. ഇന്തോ-പാക് യുദ്ധത്തെ ആസ്പദമാക്കിയൊരുക്കിയിരിക്കുന്ന ചിത്രങ്ങളിലൂടെ...
1997ൽ ജെ. പി ദത്ത രചനയും സംവിധാനവും നിർമാണവും നിർവഹിച്ച ചിത്രമാണ് ബോർഡർ. 1971ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ, ലോംഗേവാല യുദ്ധത്തിലെ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സണ്ണി ഡിയോൾ, ജാക്കി ഷ്റോഫ്, സുനിൽ ഷെട്ടി, അക്ഷയ് ഖന്ന, സുദേഷ് ബെറി, പുനീത് ഇസാർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. ദിൽ തോ പാഗൽ ഹേയ്ക്ക് ശേഷം ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രം കൂടിയായിരുന്നു ബോർഡർ.
നിയന്ത്രണ രേഖയുടെ ഇന്ത്യൻ ഭാഗത്ത് നിന്ന് പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരെ തുരത്തുന്നതിനായി കാർഗിൽ സെക്ടറിൽ പാകിസ്ഥാൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ 1999 മെയ് മാസത്തിൽ ആരംഭിച്ച ഇന്ത്യൻ സൈന്യത്തിന്റെ വിജയകരമായ ഓപ്പറേഷൻ വിജയിനെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രമാണ് എൽഒസി: കാർഗിൽ. ജെ.പി ദത്ത സംവിധാനം ചെയ്ത ചിത്രം 2003ലാണ് ഇറങ്ങിയത്. നാല് മണിക്കൂര്‍ 15 മിനിറ്റ് ആയിരുന്നു ചിത്രത്തിന്റെ ദൈർഘ്യം. ഇതുവരെ നിർമിച്ചതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നാണിത്.
കാര്‍ഗില്‍ യുദ്ധത്തെ പശ്ചാത്തലമാക്കി മേജര്‍ രവി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ചിത്രമാണ് കുരുക്ഷേത്ര. മേജര്‍ മഹാദേവന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തിയത്. 2008ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ പറഞ്ഞത് പാകിസ്ഥാനെതിരെയുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ പോരാട്ടത്തെക്കുറിച്ചാണ്. ബിജു മേനോൻ, സിദ്ദിഖ്, സാനിയ സിങ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു.
കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച്, രാജ്യം പരം വീർ ചക്ര നൽകി ആദരിച്ച ക്യാപ്റ്റൻ വിക്രം ബത്രയുടെ ജീവിതത്തെ ആസ്പദമാക്കി 2021 പുറത്തിറങ്ങിയ ചിത്രമാണ് ‘ഷേർഷ’. ക്യാപ്റ്റൻ വിക്രം ബത്രയുടെ കശ്മീരിലെ ആദ്യ പോസ്റ്റിങ്ങ്, കശ്മീരിൽ അദ്ദേഹം നേതൃത്വം നൽകിയ ദൗത്യങ്ങൾ, അദ്ദേഹത്തിന്റെ പ്രണയം, കാർഗിൽ യുദ്ധത്തിലെ വീരമൃത്യു എന്നിവയാണ് ഈ ചിത്രത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. സിദ്ധാർത്ഥ് മൽഹോത്രയാണ് ക്യാപ്റ്റൻ വിക്രമായി അഭിനയിച്ചിരിക്കുന്നത്. സംവിധാനം വിഷ്ണുവർധൻ.
ജമ്മു കാശ്മീരിലെ ഉറി സൈനിക ക്യാംപിന് നേരെ നടന്ന ഭീകരാക്രമണത്തെ പ്രമേയമാക്കി ഒരുക്കിയ സിനിമയാണ് ഉറി ദി സര്‍ജിക്കല്‍ സ്ട്രൈക്ക്. വിക്കി കൗശലും യാമി ഗൗതമും മുഖ്യ വേഷത്തില്‍ എത്തിയ ചിത്രത്തിന് തിയറ്ററുകളില്‍ നിന്നും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ആർ.എസ്.വിപി മൂവീസിന്റെ ബാനറിൽ റോണി സ്ക്രിവാള നിർമ്മിച്ച് ആദിത്യ ധർ ചിത്രത്തിന്റെ നിർമ്മാണവും സംവിധാനവും നിർവഹിച്ച 2019ൽ ഇറങ്ങിയ ചിത്രമാണ് ഉറി: ദി സർജിക്കൽ സ്ട്രൈക്ക്. ചിത്രത്തിൽ വിക്കി കൗശൽ, പരേഷ് റാവൽ, മോഹിത് റെയ്ന, യാമി ഗൌതം എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ഉറിയിൽ 2016 സപ്തംബർ 18ന് നാല് അതിക്രമകാരികൾ ഇന്ത്യൻ സൈന്യത്തെ ആക്രമിച്ച സംഭവത്തെ ആസ്പദമക്കിയുള്ള കഥയാണ്.
അഭിഷേക് അനിൽ കപൂർ, സന്ദീപ് കെവ്‌ലാനി എന്നിവർ ചേർന്ന് സംവിധാനം ചെയ്ത് 2025 ജനുവരിയിൽ പുറത്തിറങ്ങിയ ചിത്രമാണ് സ്കൈ ഫോഴ്സ്. അക്ഷയ് കുമാർ, വീർ പഹരിയ, സാറ അലി ഖാൻ എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. 1965ലെ ഇന്ത്യ പാകിസ്ഥാനില്‍ നടത്തിയ ആദ്യത്തെ എയര്‍ സ്ട്രൈക്കിന്‍റെ കഥയാണ് ചിത്രം പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.