അതിജീവനത്തിന്റെ ‘അരിവാൾ’

വയനാടൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സ്ത്രീ മുന്നേറ്റത്തിന്‍റെ ചാട്ടുളിയാണ് ‘അതിജീവിതകൾ ഇനി ഉണ്ടാകാതിരിക്കട്ടെ’ എന്ന പ്രമേയത്തിൽ ചിത്രീകരിച്ച ‘അരിവാൾ’ എന്ന സിനിമ. ആദിവാസി സമൂഹം നേരിടേണ്ടിവരുന്ന സംഘർഷങ്ങളുടെയും പ്രതിഷേധങ്ങളുടെയും ഉറച്ച സ്വരമാണ് ഈ ചിത്രം. ‘കഴുകൻ കണ്ണുകളുമായി നടക്കുന്നവർക്കെതിരെ അമ്മയും മകളും’ എന്ന ഉള്ളടക്കത്തിൽ പുറത്തിറങ്ങുന്ന ചിത്രം സാധാരണ കുടുംബത്തിന്‍റെ അതിജീവന പോരാട്ടമാണ് തുറന്നിടുന്നത്.

ഹരിപ്പാട് ഹരിലാലിന്‍റെ രചനയിൽ എ.പി.സി.സി പ്രൊഡക്ഷൻസ് നിർമിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് അനീഷ് പോളാണ്. പഞ്ചാബി ഹൗസ്, തച്ചിലേടത്ത് ചുണ്ടൻ, പുതുക്കോട്ടയിലെ പുതുമണവാളൻ, രഥോത്സവം, ലേലം തുടങ്ങിയ ചിത്രങ്ങളിലൂടെ സിനിമാരംഗത്തെത്തിയ അദ്ദേഹത്തിന്‍റെ ആദ്യ സംവിധാന സംരംഭമാണിത്. അജിത്ത് സുകുമാരൻ സംഗീത സംവിധാനവും ഗാനരചന ജയമോഹൻ കൊടുങ്ങല്ലൂരും നിർവഹിക്കുന്നു. ആദിവാസി ഗോത്രത്തിൽനിന്ന് മലയാളത്തിൽ ആദ്യമായി ഒരു പിന്നണി ഗായിക ഈ ചിത്രത്തിലൂടെ കടന്നുവരുന്നു എന്നത് സിനിമയുടെ പ്രത്യേകതയാണ്. വയനാട്ടുകാരിയായ രേണുകയാണ് ‘നേരമുദിച്ചു വഞ്ചോ വലിയെ മലെ മുകളൂ... തുള്ളി ആയി വിയിഞ്ചോ തേനൂ...എന്ന ഗാനവുമായി എത്തുന്നത്. മാനന്തവാടി ചുണ്ടക്കുന്നിലെ മണിയുടെയും രമ്യയുടേയും മകളാണ് രേണുക.

മഴപെയ്താൽ ചോർന്നൊലിക്കുന്ന ടാർപ്പായക്ക് കീഴെ കുഴച്ചുകെട്ടിയ തറയിൽ അപകടത്തിൽ തളർന്ന് കിടക്കുന്ന അച്ഛനെയും അനിയത്തിയെയും നോക്കി, കൂലിവേല കഴിഞ്ഞുവരുന്ന അമ്മയെ കാത്തിരിക്കുമ്പോൾ രേണുക ചിന്തിക്കുന്നത് തന്‍റെ അതിജീവനത്തിന്‍റെ വഴികളെ കുറിച്ചാണ്. സിനിമയിൽ അവസരം ലഭിക്കുകയെന്നത് സ്വപ്നമായിരുന്നെങ്കിലും ചെറുപ്രായത്തിൽതന്നെ അതിന് അവസരം ലഭിക്കുമെന്നത് അവൾ പ്രതീക്ഷിച്ചതല്ല. ‘‘എന്‍റെ ഗോ​ത്രത്തെകുറിച്ച് പറയുന്ന സിനിമ കൂടി ആയതിനാൽതന്നെ പാടാൻ ഏറെ ആ​േവശമായിരുന്നു. ഗോത്രവാസി എന്നത് ഒരിക്കലും പോരായ്മയായോ ജീവിതത്തിൽനിന്ന് ഉൾവലിയാനും കഴിവുകളെ മായ്ച്ചുകളയാനുമുള്ള കാരണമായി കരുതുന്നില്ല. ജീവനും സ്വത്വവും നിറഞ്ഞുനിൽക്കുന്ന ആദിവാസി ഗോത്രത്തിൽനിന്നും കുതിക്കാൻ കഴിയുന്നത് മുന്നേറ്റങ്ങളുടെ അടയാളമായി കണക്കാക്കുന്നു’’ -രേണുക പറയുന്നു. കയ്പേറിയ ജീവിതസാഹചര്യങ്ങളെ പുഞ്ചിരിയോടെ നേരിട്ട് സിനിമയിലെത്തിയ രേണുക ഇനി ചരിത്രത്തിന്‍റെ കൂടി ഭാഗമാകും.

സംഗീതം താജിത്ത് സുകുമാർ. ടി. ഹംസ നായകനായും ജാനകി സുധീർ നായികയായും വേഷമിടുന്നു. ശ്രീജ സംഘകേളി, പ്രദീപ് ശ്രീനിവാസൻ, ബാബു ചെല്ലാനം, യൂനുസ്, നവനീത്, അനീഷ് പോൾ, അനിത തങ്കച്ചൻ, ജോവിറ്റ ജൂലിയറ്റ്, സുമിത കാർത്തിക, ശ്രുതി, ജിരുമത്തായി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. കാമറ ഫൈസൽ റമീസ്, എഡിറ്റിങ് ടിനു തോമസ്, വസ്ത്രാലങ്കാരം പളനി, കലാസംവിധാനം പ്രഭ മണ്ണാർക്കാട്.

Tags:    
News Summary - movie review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.