മലയാളത്തിലേക്ക് വീണ്ടും ഒരു വനിത സംവിധായിക; 'ഞാന്‍ കര്‍ണ്ണന്‍' പ്രേക്ഷകരിലേക്ക്

ദാമ്പത്യജീവിതത്തിലെ സ്വരച്ചേര്‍ച്ചകളുടെ വേറിട്ട കഥ പറയുന്ന പുതിയ ചിത്രം 'ഞാന്‍ കര്‍ണ്ണന്‍' റിലീസിനൊരുങ്ങുന്നു. ചലച്ചിത്ര-സീരിയല്‍ താരവും അധ്യാപികയുമായ പ്രൊഫ: ശ്രീചിത്ര പ്രദീപ് മലയാളത്തിലെ ശ്രദ്ധേയരായ താരങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രമാണ് 'ഞാന്‍ കര്‍ണ്ണന്‍'. ശ്രിയ ക്രിയേഷന്‍സിന്‍റെ ബാനറില്‍ പ്രദീപ് രാജാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുതിര്‍ന്ന എഴുത്തുകാരന്‍ എം.ടി അപ്പനാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത്. എറണാകുളത്തും പരിസരപ്രദേശങ്ങളിലുമായിട്ടാണ് സിനിമ ചിത്രീകരിച്ചത്.കൊച്ചിയിലെ കെ സ്റ്റുഡിയോയില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. ഉടനെ ചിത്രം ഒ ടി ടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലെത്തും.

എം. ടി അപ്പന്‍റെ ചെറുകഥയെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയിട്ടുള്ളത്. വര്‍ത്തമാനകാല കുടുംബജീവിതത്തിലെ പ്രതിസന്ധികളും വ്യാകുലതകളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തമെന്ന് സംവിധായിക പ്രൊഫ: ശ്രിചിത്ര പ്രദീപ് പറഞ്ഞു. സത്യസന്ധനും നിഷ്ക്കളങ്കനുമായ ഒരാളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ചില പ്രശ്നങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. കുടുംബത്തില്‍ നിന്ന് പോലും ഒറ്റപ്പെട്ട് ഏകാകിയായിത്തീരുന്ന ഒരാളുടെ അലച്ചില്‍ ഈ ചിത്രം പങ്കുവെയ്ക്കുന്നുണ്ട്. കുടുംബജീവിതത്തിലും ദാമ്പത്യ ബന്ധങ്ങളിലും വന്നുചേരുന്ന പൊരുത്തക്കേടുകളും ഈ ചിത്രം സജീവമായി ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് സംവിധായിക പറഞ്ഞു.

കുടുംബപ്രേക്ഷകര്‍ക്ക് ഏറെ പോസിറ്റീവായ ചില സന്ദേശങ്ങള്‍ പകരുന്ന ചിത്രം കൂടിയാണ്. സസ്പെന്‍സും ത്രില്ലും ചേര്‍ന്ന ഒരു ഫാമിലി എന്‍റര്‍ടെയ്നര്‍ കൂടിയാണ് ഈ ചിത്രം.സ്വന്തം കുടുംബത്തിൽ നിന്നുള്ള അവഹേളനങ്ങളും, അസ്വാരസ്യങ്ങളും ഒരാളുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രതിസന്ധികളും,ശിഥില കുടുംബ ബന്ധങ്ങളടെ അവസ്ഥയും മന:ശാസ്ത്രതലത്തിൽ ഈ ചിത്രം വിശകലനം ചെയ്യുന്നുണ്ട്. മലയാള ചലച്ചിത്ര സംവിധാന രംഗത്തേക്ക് പുതിയൊരു വനിതാ സംവിധായികയെ കൂടി പരിചയപ്പെടുത്തുന്ന പുതുമ കൂടി ഈ ചിത്രത്തിന് അവകാശപ്പെടാവുന്നതാണ്.

ടി.എസ്.രാജു,ടോണി,പ്രദീപ് രാജ്, ശ്രീചിത്ര പ്രദീപ്, മുരളി കാക്കനാട്,ശിവദാസ് വൈക്കം,ജിൻസി,രമ്യ രാജേഷ്, ബെന്ന, ശോഭന ശശി മേനോൻ,സാവിത്രി പിള്ള, എം.ടി.അപ്പൻ,ബി. അനിൽകുമാർ, ആകാശ് എന്നിവരാണ് പ്രധാനകഥാപാത്രങ്ങശെ അവതരിപ്പിക്കുന്നത്.

കഥ,തിരക്കഥ, സംഭാഷണം -എം ടി അപ്പൻ,ഡി.ഒ.പി -പ്രസാദ് അറുമുഖൻ,അസോസിയേറ്റ് ഡയറക്ടർ- ദേവരാജൻ,കലാസംവിധാനം- ജോജോ ആന്റണി,എഡിറ്റർ - രഞ്ജിത്ത് ആർ,മേക്കപ്പ് - സുധാകരൻ പെരുമ്പാവൂർ, പ്രൊഡക്ഷൻ കൺട്രോളർ- രാജേഷ് കളമശ്ശേരി, പി.ആർ.ഒ -പി.ആർ.സുമേരൻ,സ്റ്റുഡിയോ- കെ സ്റ്റുഡിയോ,സ്റ്റിൽ ഫോട്ടോഗ്രാഫർ- ബെൻസിൻ ജോയ്, എന്നിവരാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.

Tags:    
News Summary - Movie njan karnan Will be Releasing soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.