തിരുവനന്തപുരം: ഏതു കലാകാരനും ലഭിക്കുന്ന പുരസ്കാരങ്ങൾ ഏറ്റുവാങ്ങുന്നത് അയാളുടെ കരങ്ങൾ ആണെങ്കിലും അത് എത്തിച്ചേരുന്നത് അയാളെ സൃഷ്ടിക്കുന്നതിൽ വലിയ പങ്കുവഹിച്ച സമൂഹത്തിലേക്കാണെന്ന് മോഹൻലാൽ. തിരുവനന്തപുരത്ത് സർക്കാരിന്റെ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിനയമാണ് എന്റെ ദൈവം. കാഴ്ചക്കാരില്ലെങ്കിൽ കലാകാരനോ കലാകാരിയോ ഇല്ല. എനിക്ക് ഈ സ്വീകരണം നൽകുന്നത് എന്നെ ഞാനാക്കി മാറ്റിയ കേരളവും മലയാളികളും അവർ തെരഞ്ഞെടുത്ത സർക്കാരുമാണ്.
ദില്ലിയിൽ വച്ച് അതിവിഷ്ടമായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം വാങ്ങിയ നിമിഷത്തെക്കാൾ ഏറെ വൈകാരികഭാരത്തോടെയാണ് ഞാൻ നിങ്ങൾക്ക് മുന്നിൽ നിൽക്കുന്നത്. ജീവിതത്തിൻ്റെ സങ്കീർണതകൾ ഒന്നുമറിയാതെ എൻ്റെ അമ്മയ്ക്കും അച്ഛനും ചേട്ടനുമൊപ്പം ഞാൻ ജീവിച്ച ഇടമാണ് ഈ മണ്ണ്. ഇക്കാരണങ്ങൾ കൊണ്ടെല്ലാം ഞാൻ അനുഭവിക്കുന്ന വൈകാരികഭാരത്തെ മറച്ചുപിടിക്കാൻ കാലങ്ങളായി ഞാൻ ആർജ്ജിച്ച അഭിനയശേഷിക്ക് സാധിക്കുന്നില്ല. എനിക്ക് ലഭിച്ച എല്ലാ പുരസ്കാരങ്ങളും മലയാളിക്കും മലയാളത്തിനും കേരളത്തിന് ആകെയും ലഭിച്ചവയാണ് എന്ന് ഞാൻ കരുതുന്നു. ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം ഏറ്റുവാങ്ങുമ്പോൾ സിനിമയ്‌ക്കായി ജീവിതം ഉഴിഞ്ഞുവച്ച ദാദാസാഹേബ് എന്ന മഹാന്റെ ജീവിതം ഒരു തിരശീലയിലെന്നപോലെ എന്റെ മുന്നിൽ കൂടി കടന്നുപോയി. 48 വർഷങ്ങളായുള്ള അഭിനയ ജീവിതം എന്നെ ഏതൊക്കെ വഴിയിലൂടെ നടത്തിക്കൊണ്ടുപോകുന്നു എന്നതോർത്ത് ഞാൻ വിസ്‌മയിച്ച് പോകുന്നു.
അഭിനയലോകത്തെ ഒരു മഹാനദിയായി സങ്കൽപ്പിച്ചാൽ അതിന്റെ തീരത്തെ മരച്ചില്ലയിൽ നിന്ന് നദിയിലേക്ക് വീണ ഒരിലയാണ് ഞാൻ. മുങ്ങിപ്പോകുമെന്ന് തോന്നിയപ്പോൾ ആ ഇലയെ ഏതൊക്കെയോ കൈകൾ കൊണ്ട് താങ്ങി നിറുത്തി. പ്രതിഭയുടെ കൈയൊപ്പുള്ള കൈകളായിരുന്നു അവയെല്ലാം. ഇതു തന്നെയാണോ എന്റെ തൊഴിൽ എന്ന് ആലോചിക്കുമ്പോഴെല്ലാം 'ലാലേട്ടാ' എന്ന് സ്‌നേഹത്തോടെ വിളിച്ചുണർത്തി. ഇപ്പോഴും ഞാൻ ആ മഹാനദിയുടെ പ്രവാഹത്തിലാണ്.
മുങ്ങിപ്പോകുമ്പോഴെല്ലാം ആരോ പിടിച്ചുയർചി ഇനിയും ഒഴുകൂവെന്ന് പറയുന്നു. അഭിനേതാവ് എന്നത് ഒരുപിടി കളിമണ്ണ് മാത്രമാണ്. വിദഗ്‌ദ്ധരായവരുടെ കൈകളിൽ ലഭിക്കുമ്പോൾ ആ കളിമണ്ണ് നിരവധി രൂപങ്ങളായി മാറുന്നു. ആ രൂപങ്ങൾ പ്രേക്ഷകർക്കിഷ്‌ടപ്പെടണമേയെന്ന് പ്രാർഥിക്കുന്നു. വിജയവും പരാജയവും സമഭാവനയോടെ കാണുന്നു. അഭിനയം അനായാസമായ ഒന്നല്ല. ജോലി തന്നെയാണ് എന്റെ ഈശ്വരൻ. അഭിനയിക്കുമ്പോൾ ചെയ്യുന്ന കർമമായി ഞാൻ മാറുന്നുവെന്നും മോഹൻലാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.