സൂര്യ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന ആക്ഷൻ ത്രില്ലർ ചിത്രം 'കറുപ്പിൻ്റെ' ട്രെയിലർ പുറത്തിറങ്ങി. ജയ് ഭീമിന് ശേഷം സൂര്യ അഭിഭാഷകൻ്റെ വേഷത്തിൽ എത്തുന്ന ചിത്രം കോർട്ട് റൂം ഡ്രാമയാണ്. 20 വർഷങ്ങൾക്ക് ശേഷം സൂര്യക്കൊപ്പം തൃഷ നായികയായി എത്തുന്ന ചിത്രം എന്ന പ്രത്യേകതയും കറുപ്പിനുണ്ട്. 2005 ഡിസംബർ 9ന് റിലീസായ 'ആറു' എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്.
കോടതി രംഗങ്ങളിലൂടെ തുടങ്ങുന്ന ട്രെയിലർ, ത്രില്ലർ യോണറിലൂടെ കടന്ന് ആക്ഷൻ യോണറിലാണ് എത്തി നിൽക്കുന്നത്. നടൻ ഇന്ദ്രൻസും ആലപ്പുഴ ജിംഖാന, കാതൽ, അപ്പുറം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ യുവനടി അനഘ രവിയും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രം മേയ് 14ന് തിയറ്ററുകളിൽ എത്തും.
ആർ.ജെ. ബാലാജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസം നടന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ ചിത്രത്തെക്കുറിച്ച് ആർ.ജെ. ബാലാജി പങ്കുവെച്ച വാക്കുകൾ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഏകദേശം 32 മാസങ്ങൾ എടുത്താണ് താൻ ഈ സിനിമയുടെ തിരക്കഥ പൂർത്തിയാക്കിയതെന്നും, പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന ആ പഴയ സൂര്യയെ ഈ സിനിമയിൽ തിരികെ കൊണ്ടു വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓരോ പത്ത് മിനിറ്റിലും ആവേശം നിറക്കുന്ന നിമിഷങ്ങളുള്ള ഈ ചിത്രം, സൂര്യയുടെ വമ്പൻ തിരിച്ചുവരവായിരിക്കുമെന്നും ബാലാജി കൂട്ടിചേർത്തു.
സൂര്യയെ സംബന്ധിച്ചിടത്തോളം ഈ ചിത്രം ഒരു വ്യത്യസ്ത അനുഭവം നിറഞ്ഞതാണ്. വൈകാരികമായ ആദ്യ പകുതിയും നാടകീയമായ രണ്ടാം പകുതിയും ചേർന്ന 'കറുപ്പ്' ഒരു സ്പൂഫ് മൂവി കൂടിയാണെന്നും, അത് പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുമെന്നും സൂര്യ പറഞ്ഞു. യുവ സംഗീതജ്ഞൻ സായ് അഭ്യാങ്കർ ഒരുക്കുന്ന ഗാനങ്ങൾ ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. സ്വാസിക, ശിവദ തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ഈ ചിത്രത്തിന്റെ സാറ്റലൈറ്റ് ക്രഡിറ്റ് സീ തമിഴ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. പുതിയ ലുക്കിലും ഭാവത്തിലും സൂര്യയും തൃഷയും എത്തുമ്പോൾ അത് ബോക്സ് ഓഫീസിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് സിനിമാ ലോകം പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.