ജോർജുകുട്ടിയെ പിടിവിടാതെ ഭയത്തിന്‍റെ നിഴലുകൾ; സസ്പൻസുകൾ നിറച്ച് ദൃശ്യം 3 ട്രെയിലർ പുറത്ത്...

മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ദൃശ്യം 3യുടെ ഒഫീഷ്യൽ ട്രെയിലർ പുറത്ത്. മലയാള സിനിമയിലെ ഏറ്റവും മികച്ച ത്രില്ലര്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. മെയ് 21ന് തിയറ്ററിൽ എത്തുന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. കഥ അവസാനിച്ചിടത്തുനിന്നും വീണ്ടും ആരംഭികക്കുന്നു എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.

ദൃശ്യം മൂന്നാം ഭാഗത്തെക്കുറിച്ച് ഏറെ പ്രതീക്ഷയാണ് ട്രെയിലർ നൽകുന്നത്. ചിത്രത്തിന്‍റെ പ്രഖ്യാപനം മുതല്‍ ഏറെ ആകാംക്ഷയിലാണ് സിനിമാ പ്രേമികൾ. ഇത്തവണ ജോര്‍ജു കുട്ടിക്കും കുടുംബത്തിനും എന്തു സംഭവിക്കുമെന്ന് തന്നെയാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്. മലയാളത്തിൽ നിരവധി ചിത്രങ്ങളാണ് മെയിൽ റിലീസിന് എത്തിയത്. എന്നിരുന്നാലും മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം.

Full View

ദൃശ്യം, ദൃശ്യം 2 എന്നിങ്ങനെ രണ്ടുഭാഗങ്ങളാണ് നിലവിൽ റിലീസ് ചെയ്തിരിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം തിയറ്ററുകളില്‍ വലിയ സ്വീകാര്യത നേടിയപ്പോള്‍ കോവിഡ് കാലത്ത് ഒ.ടി.ടി റിലീസായി എത്തിയ ദൃശ്യം 2ഉം മികച്ച പ്രതികരണമാണ് സ്വന്തമാക്കിയത്.

ദൃശ്യത്തിന്റെ ആദ്യഭാഗം 2013ലാണ് പുറത്തിറങ്ങിയത്. പിന്നാലെ മറ്റ് ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ടു. ഹിന്ദി പതിപ്പിൽ അജയ് ദേവ്ഗൺ ആണ് പ്രധാനവേഷത്തിൽ അഭിനയിച്ചത്. മലയാളത്തിലും ഹിന്ദിയിലും ഒരേപോലെ ഹിറ്റായ ചിത്രത്തിന്‍റെ മൂന്നാഭാഗത്തിന്‍റെ ചിത്രീകരണം ഇരു ഭാഷയിലും ഒന്നിച്ചായിരുന്നു തുടങ്ങിയിരുന്നത്. അടുത്ത ഭാഗത്തിൽ എന്തായിരിക്കും കഥ എന്നതിന്‍റെ ആകാംക്ഷയിലാണ് ഇരു ഭാഷയിലേയും ആരാധകർ.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബർ ആദ്യം അവസാനിച്ചിരുന്നു. മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ ഹസ്സൻ എന്നിവർ ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തും. സതീഷ് കുറുപ്പാണ് ഛായാഗ്രാഹകൻ, എഡിറ്റർ: വിനായക്, സംഗീതം: അനിൽ ജോൺസൺ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.