ജ്യോത്സ്ന, ഭർത്താവ് ശ്രീകാന്ത്, മകൻ ശിവം
മലയാളം, തമിഴ്, തെലുഗ്, കന്നഡ തുടങ്ങിയ ഭാഷകളിലായി ആയിരത്തോളം ഗാനങ്ങൾ ആലപിച്ച് രണ്ടു പതിറ്റാണ്ടായി സിനിമ സംഗീതലോകത്ത് നിറഞ്ഞുനിൽക്കുന്ന ജ്യോത്സ്നയുടെ സംഗീതവിശേഷങ്ങളിലൂടെ
സുഖമാണീ നിലാവ്...
എന്തു സുഖമാണീ കാറ്റ്...
അരികിൽ നീ വരുമ്പോൾ
എന്തു രസമാണീ സന്ധ്യ...
പാട്ടിന്റെ വരികൾ മനസ്സിലേക്കെത്തുമ്പോൾ ആ മധുരശബ്ദവും കാതുകളിലേക്കെത്തും. പതിനാറാമത്തെ വയസ്സിൽ ആദ്യ ഹിറ്റ് ഗാനം ആലപിച്ച് സംഗീതപ്രേമികളുടെ ഇഷ്ടഗായികയായ ജ്യോത്സ്നയുടെ ശബ്ദം. ചതിക്കാത്ത ചന്തുവിലെ ‘മഴ മീട്ടും ശ്രുതി കേട്ടും...’, സ്വപ്നക്കൂടിലെ ‘കറുപ്പിനഴക്, ഓ വെളുപ്പിനഴക്...’, മനസ്സിനക്കരെയിലെ ‘മെല്ലെയൊന്നു പാടി നിന്നെ ഞാനുണർത്തി...’, ഫോർ ദ പീപ്പിളിലെ ‘നിന്റെ മിഴിമുന കൊണ്ടെന്റെ നെഞ്ചിലൊരു ബല്ലേ ബല്ലേ...’ പിന്നീട് ഒരുപിടി ഹിറ്റ് ഗാനങ്ങളാണ് ജ്യോത്സ്നയുടെ ശബ്ദത്തിൽ പിറന്നത്. മെലഡിയും അടിച്ചുപൊളി പാട്ടുകളുമെല്ലാം ഒരുപോലെ വഴങ്ങുമെന്ന് ജ്യോത്സ്ന തെളിയിച്ചു. മലയാളം, തമിഴ്, തെലുഗ്, കന്നട തുടങ്ങിയ ഭാഷകളിലായി ആയിരത്തോളം ഗാനങ്ങൾ ആലപിച്ചു. ലൂസിഫറിലെ ഹിന്ദി ഗാനം ‘റഫ്താര’ വമ്പൻ ഹിറ്റുകളിലൊന്നായിരുന്നു. രണ്ടു പതിറ്റാണ്ടായി സിനിമ സംഗീതലോകത്ത് നിറഞ്ഞുനിൽക്കുന്ന ജ്യോത്സ്നയുടെ സംഗീതവിശേഷങ്ങളിലൂടെ.
സംഗീത ആൽബം = ക്രിയേറ്റിവിറ്റി
സംഗീത ആൽബങ്ങൾ ചെയ്യുന്നതിലൂടെയാണ് ക്രിയേറ്റിവിറ്റിയെന്ന അനുഭവം ലഭിക്കുന്നത്. ഞാൻതന്നെ കമ്പോസ് ചെയ്ത് പുറത്തിറക്കിയ ആൽബമായിരുന്നു ‘ഇനി വരുമോ’. അതിനുശേഷവും രണ്ടുമൂന്ന് ആൽബങ്ങൾ ചെയ്തിരുന്നു. കോവിഡെത്തുന്നതിനു തൊട്ടുമുമ്പെ പാടി അഭിനയിച്ച ആൽബമായിരുന്നു ‘ഇനി വരുമോ’. തിയറ്ററുകൾ അടച്ചുപൂട്ടപ്പെട്ട കാലത്ത് എല്ലാവരും വീടിനകത്തിരുന്നു കണ്ടു. പ്രതീക്ഷിച്ചതിലധികം പ്രേക്ഷകരെ അതിനാൽ ആൽബത്തിനു നേടാനായി. പ്രിയപ്പെട്ടവന്റെ വരവിനായി കാത്തിരിക്കുന്ന പ്രണയിനിയുടെ ശോകവും പിന്നീട് അവനെത്തിയപ്പോൾ ആയിരം പൂർണചന്ദ്രന്മാരായി അവൾ മാറുന്നതുമൊക്കെയാണ് ‘ഇനി വരുമോ’ എന്ന ആൽബത്തിലുള്ളത്.
ഇനിവരുമോ ഇതിലെ നീ
അരികിലെൻ ജീവനേ...
ഒരു മിഴിനീർ ശലഭമായ്
അലയുകയാണു ഞാൻ... ഇങ്ങനെയാണ് ഗാനം ആരംഭിക്കുന്നത്. വരികൾക്ക് സംഗീത സംവിധാനം ഒരു വെല്ലുവിളി തന്നെയായിരുന്നെങ്കിലും ശ്രുതിചേർന്ന ആലാപനത്തിന് അതെന്നെ സഹായിച്ചു. കൂടാതെ പാട്ടുകാരി മാത്രമല്ല, നല്ലൊരു അഭിനേത്രികൂടി ആണല്ലോയെന്ന റിവ്യൂകൾ നിരന്തരമായി ലഭിച്ചിരുന്നു. വളരെ സന്തോഷം തോന്നി. ‘ഇനി വരുമോ’ ചെയ്തതിനു ശേഷമാണ് ദൃശ്യമാധ്യമങ്ങളിൽ അവസരങ്ങൾ വന്നുതുടങ്ങിയത്. ഒരു ജനപ്രിയ പരിപാടിയുടെ അവതാരകയായും ക്ഷണം ലഭിച്ചു. എല്ലാം സ്വീകരിച്ചു. എന്നാൽ, ആലാപനം തന്നെയാണ് ഏറ്റവും ഇഷ്ടം. പതിവായുള്ള പാട്ട് റെക്കോഡിങ്ങിനോടൊപ്പം ആൽബങ്ങളുടെ വർക്കുകളും കൊണ്ടുപോകാവുന്നതേയുള്ളൂ. വ്യക്തിപരമായ സർഗഭാവനകൾക്ക് കൂടുതൽ അവസരം ലഭിക്കുന്നത് സ്വന്തമായി എന്തെങ്കിലും സൃഷ്ടിക്കുമ്പോഴാണ്.
ഒപ്പം ഉന്നതരും ന്യൂജെനും
ദാസേട്ടൻ മുതൽ, മകൻ വിജയ് വരെയുള്ളവരുമൊത്ത് പാടിയിട്ടുണ്ട്. വിധു പ്രതാപ്, നജീം, വിനീത്, സച്ചിൻ, അൻവർ, രാഹുൽ, കാർത്തിക് മുതലായ യുവ ഗായകന്മാരുമൊത്ത് ധാരാളം ഗാനങ്ങൾ പാടാൻ കഴിഞ്ഞു. അഫ്സൽ എന്റെ സീനിയറാണ്. ഞങ്ങൾ ഒരുമിച്ചും പല പാട്ടുകൾ പാടി. കൂടെ പാടിയവരിൽ ദാസേട്ടൻ, ജയേട്ടൻ, എം.ജി. ശ്രീകുമാർ, ഉണ്ണി മേനോൻ, വേണുഗോപാൽ, ബിജു നാരായണൻ, മധു ബാലകൃഷ്ണൻ മുതൽ ഫ്രാങ്കോ വരെയുള്ള സൂപ്പർ സീനിയേഴ്സും സീനിയേഴ്സുമുണ്ട്.
മാറ്റങ്ങൾ അനിവാര്യം
ഞാൻ ജനിച്ചത് കുവൈത്തിലാണ്. അച്ഛൻ (രാധാകൃഷ്ണൻ) അവിടെ എൻജിനീയറായിരുന്നു. പിന്നീട് കുവൈത്തിൽനിന്ന് ഞങ്ങൾ അബൂദബിയിലേക്ക് പോയി. പത്താം ക്ലാസ് വരെയുള്ള എന്റെ വിദ്യാഭ്യാസം അവിടെയായിരുന്നു. അബൂദബിയിലെ ഒരു മ്യൂസിക് ട്രൂപ്പിൽ സജീവമായി പ്രവർത്തിച്ചു. ഈ ട്രൂപ് മുഖേനയാണ് ഞാനൊരു സ്റ്റേജ് പെർഫോർമറായത്. 2002ൽ, നാട്ടിൽ വന്ന് വിദ്യാഭ്യാസം തുടർന്നു. ആ സമയത്താണ് ആദ്യത്തെ പിന്നണിഗാനം പാടുന്നതും അത് ഹിറ്റാവുന്നതുമെല്ലാം. യഥാർഥത്തിൽ തൃശൂരിൽ താമസമാക്കിയ ഉടനെ തിരക്കോടുതിരക്കായിരുന്നു. സിനിമക്കുവേണ്ടിയുള്ള ആലാപനങ്ങളും റെക്കോഡിങ്ങും സ്റ്റേജ് ഷോകളും. അതിന്റെ സൈഡിലൂടെ പ്ലസ് ടു, ഡിഗ്രി പഠനവും. വീട്ടിൽ അമ്മയാണ് എന്റെ പെർഫോർമൻസ് വിലയിരുത്തി സംസാരിക്കുന്നയാൾ. ചേച്ചി വീണ ഗായികയാണ്, പക്ഷേ, അവർ അമേരിക്കയിലാണ്. അമ്മ ഗിരിജ നർത്തകിയായതിനാൽ പ്രോത്സാഹനവും വിമർശനവുമെല്ലാം അറിയിക്കും. ഗായികമാരായ ചിത്രച്ചേച്ചിയുടെയും സുജാതച്ചേച്ചിയുടെയുമൊക്കെ തുടക്ക കാലത്ത്, സ്റ്റേജ് പരിപാടികളിൽ നമ്മൾ വെച്ചുപുലർത്തിയിരുന്ന കുറെ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. ഒരു കോസ്മോപൊളിറ്റൻ സാഹചര്യത്തിൽ ജനിച്ചുവളർന്ന് സ്റ്റേജ് ഷോകൾ ചെയ്തിരുന്ന എനിക്ക് യാഥാസ്ഥിതികമായ നിലപാടുകൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരുന്നു. അംഗചലനങ്ങളോടെ പാടുമ്പോഴേ ഗാനങ്ങൾ അർഥപൂർണമാകുന്നുള്ളൂ. ഇപ്പോൾ ഇവിടെയും വ്യത്യാസം വന്നുതുടങ്ങിയിട്ടുണ്ട്. ലോകം എവിടെ എത്തിനിൽക്കുന്നുവെന്ന് ഇന്ന് എല്ലാവർക്കുമറിയാം. മാറ്റങ്ങൾ അനിവാര്യമാണ്.
യേശുദാസിൽനിന്ന് പഠിച്ചു
ദാസേട്ടനിൽനിന്നാണ് അർപ്പണമനോഭാവവും പ്രവൃത്തിയോടുള്ള ആത്മാർഥതയും പഠിച്ചത്. ഒരിക്കൽ ദാസേട്ടന്റെ കൂടെ സിംഗപ്പൂരിൽ ഒരു പരിപാടിക്കുപോയി. സ്റ്റേജ് ഷോക്കുമുമ്പ് അദ്ദേഹം എത്ര ആത്മാർഥമായാണെന്നോ പ്രാക്ടിസ് ചെയ്യുന്നത്! ദാസേട്ടൻ എന്ന സംഗീതജ്ഞന്റെ സംഗീതത്തിനോടുള്ള ഭക്തിയാണിത് വ്യക്തമാകുന്നത്. I was really impressed... പുതിയ തലമുറക്ക് ദാസേട്ടൻ ഒരു മഹത്തായ പാഠമാണ്. എന്റെ സംഗീത ജീവിതത്തിൽ അദ്ദേഹമാണ് ഏറ്റവും വലിയ പ്രചോദനം.
പുതിയ പാട്ടുകൾ
ഏറ്റവും പുതിയ പടങ്ങളായ ക്ഷണത്തിലെ ‘ഇതൾ ഇതളായ്...’ യാനായിലെ ‘കനവിൻ തോണിയിലേറാൻ...’ എന്ന ഗാനവും. ‘മാർച്ച് രണ്ടാം വ്യാഴ’ത്തിലും, ‘ഒരു പക്കാ നാടൻ പ്രേമ’ത്തിലും, ‘വിധി’യിലും ഗാനങ്ങളുണ്ട്. നിർമാണത്തിലിരിക്കുന്ന സിനിമകൾക്കുവേണ്ടിയും റെക്കാഡിങ് നടന്നുകൊണ്ടിരിക്കുന്നു.
2018ൽ, കോവിഡെത്തുംമുമ്പേ, ഇറങ്ങിയ ‘സുഖമാണോ ദാവിദേ’യിലെ ‘കാറ്റേ കാറ്റേ, ദൂരെയെന്റെ നാട്ടിൽ ചെല്ലുമോ...’ എന്ന ഗാനം ഗായിക എന്ന നിലയിൽ സംതൃപ്തി നൽകിയിരുന്നു. കൈതപ്രത്തിന്റെ വരികളും മോഹൻ സിതാരയുടെ സംഗീതവും. ചിത്രംപോലെത്തന്നെ, ഈ ആലാപനവും അതിന്റെ സംഗീതവും പുതുമകൾ നിറഞ്ഞതാണ്. നജീം അർഷാദാണ് കൂടെ പാടുന്നത്. കമ്പോസിഷന്റെ വ്യത്യസ്തമായ ട്രീറ്റ്മെന്റ് ശ്രോതാക്കൾ സ്വീകരിച്ചു. ‘ഒരു വാതിൽ കോട്ട’യിലെ ‘പ്രിയനേ വരൂ...’ എന്നുതുടങ്ങുന്ന ഗാനങ്ങളും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.
തൃശൂരിലെ കിഴക്കുംപാട്ടുകരയിലാണ് തറവാട്ടുവീട്. റെക്കോഡിങ് സൗകര്യാർഥം ഇപ്പോൾ എറണാകുളത്ത് താമസിക്കുന്നു. ഭർത്താവ് ശ്രീകാന്ത് ബംഗളൂരുവിൽ സോഫ്റ്റ്വെയർ എൻജിനീയറാണ്. മകൻ ശിവം രണ്ടാം ക്ലാസിൽ പഠിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.