മാർപാപ്പയെ കണ്ടതിനു പിന്നാലെ പുതിയ സിനിമ പ്രഖ്യാപിച്ച് സംവിധായകൻ മാർട്ടിൻ സ്കോർസെസി; വിഷയം യേശുക്രിസ്തു

ദി ഏവിയേറ്റർ, ഷട്ടർ ഐലൻഡ്, ഗുഡ് ​ഫെലാസ്, ഹ്യൂഗോ, ദി ലാസ്റ്റ് ടെംപ്റ്റേഷൻ ഓഫ് ക്രൈസ്റ്റ്, സൈലൻസ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ മാർട്ടിൻ സ്കോർസെസി പുതിയ സിനിമ പ്രഖ്യാപിച്ചു. യേശുക്രിസ്തുവിനെ കുറിച്ച് ഒരു സിനിമ നിർമിക്കുമെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ മാർട്ടിൻ സ്കോർസെസി ഈ പ്രഖ്യാപനം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഇറ്റാലിയൻ വംശജനും ഹോളിവുഡിലെ പ്രമുഖ സംവിധായകനുമായ സ്കോർസെസിയുടെ പുതിയ പ്രഖ്യാപനം ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് സിനിമാലോകം. മാർപ്പാപ്പയുടെ കലാകാരന്മാരോടുള്ള അഭ്യർഥനക്കുള്ള മറുപടിയാണ് ഈ പ്രഖ്യാപനമെന്ന് മാർട്ടിൻ സ്കോർസെസി പറയുന്നു. ‘കലാകാരന്മാരോടുള്ള മാർപാപ്പയുടെ അഭ്യർഥനയോട് എനിക്കറിയാവുന്ന വിധത്തിൽ ഞാൻ പ്രതികരിച്ചു: യേശുവിനെക്കുറിച്ചുള്ള ഒരു സിനിമയുടെ തിരക്കഥ സങ്കൽപ്പിക്കുകയും എഴുതുകയും ചെയ്തുകൊണ്ട് ഞാൻ ഇത് തുടങ്ങുകയാണ്’-മാർട്ടിൻ സ്കോർസെസി ശനിയാഴ്ച വത്തിക്കാനിൽ ഒരു കോൺഫറൻസിൽ പറഞ്ഞു.

‘ദി ഗ്ലോബൽ ഈസ്തറ്റിക്സ് ഓഫ് ദ കാത്തലിക് ഇമാജിനേഷൻ’എന്ന് പേരു നൽകിയ കോൺഫറൻസിൽ പങ്കെടുക്കുന്നതിന് മുമ്പ്, മാർട്ടിൻ സ്കോർസെസി ഭാര്യ ഹെലൻ മോറിസിനൊപ്പം വത്തിക്കാനിലെ ഒരു സ്വകാര്യ സദസ്സിൽ വെച്ച് ഫ്രാൻസിസ് മാർപാപ്പയെ കണ്ടിരുന്നു. കോൺഫറൻസിൽ, എൺപതുകാരനായ സ്കോർസെസി തന്റെ ഇതിഹാസചിത്രമായ ദി ലാസ്റ്റ് ടെംപ്റ്റേഷൻ ഓഫ് ക്രൈസ്റ്റിന്റെ (1988) അർത്ഥവും യേശുവിന്റെ രൂപത്തെക്കുറിച്ചുള്ള തന്റെ ഗവേഷണത്തിന്റെ തുടർന്നുള്ള ചുവടുവയ്പ്പിനെ പ്രതിനിധീകരിച്ച സൈലൻസ് ( 2016)നെ കുറിച്ചും സംസാരിച്ചു.

അടുത്തിടെ സമാപിച്ച കാൻ ഫിലിം ഫെസ്റ്റിവലിൽ സ്കോർസെസിയുടെ കില്ലേഴ്‌സ് ഓഫ് ദി ഫ്ലവർ മൂൺ എന്ന ചിത്രത്തിന്റെ ലോക പ്രീമിയർ നടന്നിരുന്നു. ലിയനാര്‍ഡോ ഡികാപ്രിയോ, റോബര്‍ട്ട് നെ നീറോ, ലിലി ഗ്ലാഡ്‌സ്റ്റണ്‍ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി ഇറങ്ങിയ ക്രൈം ഡ്രാമയാണ് 'ദ കില്ലേഴ്‌സ് ഓഫ് ദ ഫ്‌ളവര്‍ മൂണ്‍'. ജെസി പ്ലെമണ്‍സ്, ടാന്റൂ കര്‍ദിനാള്‍, ബ്രെന്റന്‍ ഫ്രേസര്‍, ജോണ്‍ ലിത്‌ഗോ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

2017ല്‍ പുറത്തിറങ്ങിയ 'കില്ലേഴ്‌സ് ഓഫ് ദി ഫ്‌ളവര്‍ മൂണ്‍: ദി ഓസേജ് മര്‍ഡേഴ്‌സ് ആന്‍ഡ് ദ ബര്‍ത്ത് ഓഫ് ദ എഫ്.ബി.ഐ' എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഡേവിഡ് ഗ്രാം രചിച്ച് ഈ നോവല്‍ 2017 ല്‍ ഏറ്റവും വിറ്റഴിക്കപ്പെട്ട നോണ്‍-ഫിക്ഷന്‍ നോവലുകളിലൊന്നാണ്.

എറിക് റോത്ത്, സ്‌കോർസെസി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആപ്പിള്‍ സ്റ്റുഡിയോസ് ഇംപെരറ്റീവ് എന്റര്‍ടൈന്‍മെന്റ്‌സ്, സികേലിയ പ്രൊഡക്ഷന്‍സ്, ആപ്പിയന്‍ വേ പ്രൊഡക്ഷന്‍ എന്നിവ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഒക്ടോബര്‍ 6ന് ചിത്രം റിലീസ് ചെയ്യും.

Tags:    
News Summary - Martin Scorsese announces film on Jesus Christ after meeting Pope Francis report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.