ലാഭമോ മുടക്കുമുതലോ നൽകാതെ പറ്റിച്ചെന്ന് പരാതി; മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കളുടെ അക്കൗണ്ട് മരവിപ്പിച്ചു

കൊച്ചി: കലക്ഷൻ റെക്കോഡുകൾ ഭേദിച്ച മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ കോടതി ഉത്തരവ്. അരൂർ സ്വദേശി സിറാജ് വലിയത്തറ ഹമീദ് സമർപ്പിച്ച ഹരജിയിലാണ് എറണാകുളം സബ് കോടതിയുടെ ഉത്തരവ്. ചിത്രത്തിന്റെ നിർമാണ കമ്പനിയായ പറവ ഫിലിംസിന്റെയും പാർട്ണർ ഷോൺ ആന്റണിയുടെയും 40 കോടി രൂപയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനാണ് കോടതി ഉത്തരവിട്ടത്.

ചിദംബരം സംവിധാനം ചെയ്ത സിനിമക്കായി താൻ ഏഴു കോടി രൂപ മുടക്കിയിട്ടും ലാഭ വിഹിതമോ മുടക്കുമുതലോ നൽകിയിട്ടില്ലെന്നാണ് സിറാജിന്റെ പരാതി. ഹരജിയെ തുടർന്ന് ചിത്രത്തിന്റെ നിർമാതാകളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്ക് കോടതി നോട്ടീസ് അയച്ചു.

ഫെബ്രുവരി 22ന് റിലീസ് ചെയ്ത ചിത്രം 200 കോടി ക്ലബ്ബിൽ ഇടംനേടിയിരുന്നു. ലോകവ്യാപകമായി 226 കോടിയാണ് ചിത്രത്തിന്റെ കലക്ഷൻ. ഇന്ത്യയിൽ നിന്ന് മാത്രമായി 153 കോടിയും നേടി. തമിഴ് ഡബ്ബിങ്ങില്ലാതെ തമിഴ്നാട്ടിൽ 50 കോടി നേടുന്ന ആദ്യ ഇതരഭാഷാ ചിത്രവും മഞ്ഞുമ്മൽ ബോയ്സാണ്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച മഞ്ഞുമ്മൽ ബോയ്സ് കേരളത്തിലും തമിഴ്‌നാട്ടിലുമായാണു ചിത്രീകരിച്ചത്.

Tags:    
News Summary - Manjummel Boys producers account frozen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.