ദ​മ്മാം ലു​ലു​വി​ൽ ആ​യി​ഷ സി​നി​മ​യു​ടെ പ്ര​മോ​ഷ​ൻ പ​രി​പാ​ടി​യി​ൽ മ​ഞ്ജു വാ​ര്യ​ർ

കിഴക്കൻ പ്രവിശ്യയുടെ ഹൃദയം കീഴടക്കി 'ആയിഷ'യായി മഞ്ജു വാര്യർ

ദമ്മാം: കാത്തിരിപ്പുകൾക്കൊടുവിൽ ദമ്മാമിന്‍റെ മണ്ണിലേക്കും മലയാളത്തിന്‍റെ 'ലേഡി സൂപ്പർ സ്റ്റാർ' എത്തി. അറബ്, മലബാർ സമന്വയ സംസ്കൃതിയുടെയും കരൾ തൊടുന്ന സ്നേഹബന്ധങ്ങളുടെയും കഥ പറയുന്ന 'ആയിഷ' എന്ന സിനിമയുടെ പ്രചാരണാർഥമാണ് മഞ്ജു വാര്യരെത്തിയത്. ദമ്മാമിലെ ഷിറാ ലുലു മാളിലെ ഓഡിറ്റോറിയത്തിൽ മണിക്കൂറുകൾ ആകാംക്ഷയോടെ കാത്തിരുന്ന ആരാധകവൃന്ദത്തിന്‍റെ നടുവിലേക്ക് വൈകീട്ട് ആറോടെ താരം പ്രത്യക്ഷപ്പെട്ടതോടെ ആവേശം വാനോളമുയർന്നു. സിനിമയുടെ സംവിധായകൻ ആമിർ പള്ളിക്കൽ, തിരക്കഥാകൃത്ത് ആസിഫ് കക്കോടി, സഹ നിർമാതാക്കളായ സക്കറിയ വാവാട്, ബിനീഷ് ചന്ദ്രൻ എന്നിവരും മഞ്ജുവിനൊപ്പം വേദിയിലെത്തി.

തന്‍റെ സിനിമാ ജീവിതത്തിൽ എക്കാലവും ഓർമിക്കപ്പെടുന്ന കഥാപാത്രമാണ് ആയിഷ. ഇത്തരം കഥാപാത്രങ്ങൾ ലഭിക്കുക എന്നത് ഒരു ഭാഗ്യമാണ്. അത് അപൂർവമായേ ലഭിക്കാറുള്ളൂ. അത്തരം ഭാഗ്യങ്ങളുടെ നിറവിലാണ് താനെന്ന് മഞ്ജു പറഞ്ഞു. ജിദ്ദയിലെ ജനക്കൂട്ടം തന്നെ അതിശയിപ്പിച്ചു. റിയാദിൽ അത് വിസ്മയമായി മാറി. ദമ്മാമിലെ ജനക്കൂട്ടം എന്‍റെ എല്ലാ ധാരണകളെയും തകർത്തെറിഞ്ഞെന്നും അവർ പറഞ്ഞു.

സൗദിയുടെ പുതിയ മാറ്റത്തിന്‍റെ നടുവിൽ ആദ്യമായി ഒരു സിനിമാ പ്രചാരണാർഥം എത്തി ചരിത്രഭാഗമാകാൻ കഴിഞ്ഞതിന്‍റെ ആഹ്ലാദവും ആശ്ചര്യവും വിവരിക്കാനാവില്ലെന്നും അവർ കൂട്ടിച്ചേർത്തു. നർത്തകി സരിത നിധിൻ ചിട്ടപ്പെടുത്തിയ മഞ്ജു വാര്യരുടെ പ്രിയപ്പെട്ട പാട്ടുകൾക്കൊപ്പം 'കൃതി മുഖ' നൃത്ത വിദ്യാലയത്തിലെ കുട്ടികൾ ചുവടുവെച്ചുകൊണ്ടാണ് പരിപാടികൾക്ക് തുടക്കമായത്. നൃത്തത്തിനൊടുവിൽ കുട്ടികൾക്കൊപ്പം ആടിയും പാടിയും മഞ്ജുവും വേദിയിലെത്തി. മഞ്ജു എന്ന നടിയെ ഹൃദയത്തിൽ ചേർത്തുവെച്ച ആയിരങ്ങളുടെ നടുവിൽ അവരുടെ ചോദ്യങ്ങൾക്ക് പുഞ്ചിരിയോടെ ഉത്തരം നൽകി അവർ സമയം ചെലവഴിച്ചു.

ആയിഷ എന്ന സിനിമയിലെ ജയചന്ദ്രൻ ചിട്ടപ്പെടുത്തിയ ശ്രേയ ഘോഷാൽ പാടിയ ആയിഷ എന്ന ഗാനം സദസ്സിനൊപ്പം ആലപിക്കാനും അവർ സമയം കണ്ടെത്തി. സിനിമയിലെ സൂപ്പർ ഹിറ്റ് അറബിക് പാട്ടിന് അതേ ചടുലതയോടെ ചുവടുവെച്ച് മഞ്ജു സദസ്സിനെ ഇളക്കിമറിച്ചു. അവസാനം സദസ്സിലേക്കിറങ്ങി ആരാധകർക്കൊപ്പം സെൽഫിയെടുക്കാനും കുശലം ചോദിക്കാനും അവർ മടിച്ചില്ല.

വിവിധ രാജ്യക്കാരായ അഭിനേതാക്കൾ അഭിനയിച്ച ഇതുപോലൊരു സിനിമ വേറെയുണ്ടാവില്ലെന്ന് സംവിധായകൻ ആമിർ പള്ളിക്കൽ പറഞ്ഞു. പലരോടും കഥ പറയുമ്പോഴും മഞ്ജു ഇല്ലാതെ ഈ സിനിമ പൂർണമാകില്ലെന്ന് മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നു. ഈ പടം കണ്ടിറങ്ങുമ്പോൾ ആയിഷ എന്ന പേര് ഈ സിനിമക്ക് എത്ര ചേർന്നതാണെന്ന് പ്രേക്ഷകരും സമ്മതിക്കുമെന്ന് ആമിർ കൂട്ടിച്ചേർത്തു.

സിനിമയുടെ ഗ്ലോബൽ പ്രമോഷന്‍റെ തുടക്കമാണ് സൗദിയിൽ. ഇവിടുത്തെ പ്രതികരണം തങ്ങളെ കൂടുതൽ ആവേശമുള്ളവരാക്കുന്നുവെന്ന് തിരക്കഥാകൃത്തും ദമ്മാമിലെ മുൻ പ്രവാസിയുമായി ആസിഫ് കക്കോടി പറഞ്ഞു. ലുലു റീജനൽ ഡയറക്ടർ മോയിൻ നൂറുദ്ദീൻ, റീജനൽ മാനേജർ സലാം സുലൈമാൻ, കമേഴ്സ്യൽ മാനേജർ ഹാഷിം കുഞ്ഞഹമ്മദ് എന്നിവരും സന്നിഹിതരായിരുന്നു. മീ ഫ്രണ്ട് ആപ്പും ലുലുവും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.

Tags:    
News Summary - Manju Warrier as 'Ayisha' won the hearts of Eastern Province

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.